| Tuesday, 19th March 2019, 8:58 am

'ഇത് ജനാധിപത്യത്തിന്റെ അന്ത്യം, ഗോവന്‍ ഗവര്‍ണറെ പുറത്താക്കണം' പുലര്‍ച്ചെ രണ്ടുമണിക്കുള്ള സത്യപ്രതിജ്ഞയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: പ്രമോദ് സാവന്ദ് ഗോവ മുഖ്യമന്ത്രിയായി പുലര്‍ച്ചെ രണ്ടു മണിക്ക് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പ്രതിഷേധം. ഗോവന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ജനാധ്യപത്യത്തെ കരുതിക്കൂട്ടി ഇല്ലാതാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

“ഗോവന്‍ ഗവര്‍ണര്‍ നടത്തിയ ജനാധിപത്യ ധ്വംസനത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. പക്ഷപാതപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗവര്‍ണറെ രാഷ്ട്രപതി മാറ്റണം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എത്രയും പെട്ടെന്ന് കോണ്‍ഗ്രസിനെ ക്ഷണിക്കണം.” കോണ്‍ഗ്രസ് നേതാവ് സുനില്‍ കാത്തന്‍കര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ ഷാഹിദ് സിദ്ദിഖിയും ഇതിനെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ” പുലര്‍ച്ചെ രണ്ടുമണിക്ക് നടന്ന ചടങ്ങില്‍ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നു. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തിനുനേരെ അര്‍ധരാത്രിയില്‍ നടത്തിയ കടന്നാക്രമണമാണ്. സുതാര്യതയാണ് ജനാധിപത്യം. അര്‍ധരാത്രിയില്‍ ഇരുട്ടില്‍ നടത്തേണ്ട ഒന്നല്ല.” എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

“എന്തുകൊണ്ടാണ് ബി.ജെ.പി ഗോവയിലെ സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പി പുലര്‍ച്ചെ രണ്ടുമണിക്ക് നടത്തിയത്? എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ സൈലന്റായത്?” എന്നാണ് അക്കാദമിക് അശോക് സ്വയ്ന്‍ ചോദിക്കുന്നത്.

Also read:“ഒന്നും ചെയ്യാനാവില്ലെങ്കില്‍ ഞങ്ങളെ മരിക്കാന്‍ അനുവദിച്ചാല്‍ മതി” കേന്ദ്രം നല്‍കിയ 2000 രൂപ യോഗി ആദിത്യനാഥിന് നല്‍കി കര്‍ഷകന്റെ പ്രതിഷേധം

മനോഹര്‍ പരീക്കറുടെ മരണത്തോടെ ഭരണ പ്രതിസന്ധി നേരിട്ട ഗോവയില്‍ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അര്‍ധരാത്രിവരെ നീണ്ട നാടകീയതയ്ക്കു ശേഷമായിരുന്നു ചടങ്ങ് നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ. സുദിന്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തുിരുന്നു.

രാത്രി 12 മണിക്കാണ് ബി.ജെ.പി നേതാക്കള്‍ ഭൂരിപക്ഷം തെളിയിച്ചുള്ള എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രാജ്ഭവനില്‍ എത്തിയിരുന്നു. ഘടകകക്ഷി നേതാക്കളുമായും പാര്‍ട്ടി നേതാക്കളുമായും ഗഡ്കരി തിങ്കളാഴ്ച രാത്രി തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെ സ്പീക്കറായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി പദത്തില്‍ ഉറപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

Also read:“ഒറ്റരാത്രികൊണ്ട് പാച്ചേനിയെ ഗ്രൂപ്പ് മാറ്റിയ സുധീരന്‍” പരിഹസിച്ച് എ.പി അബ്ദുള്ളക്കുട്ടി: പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതമെന്ന് വി.ടി ബല്‍റാം

അതേസമയം, ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പരീക്കറുടെ നിര്യാണത്തോടെ ഗോവ നിയമസഭയുടെ അംഗബലം 36 ആയി ചുരുങ്ങി. കോണ്‍ഗ്രസിന് 14 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 12 പേരുണ്ട്. എം.ജി.പിക്കും ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും മൂന്ന് അംഗങ്ങള്‍ വീതമുണ്ട്. ഒരു സ്വതന്ത്രനും എന്‍.സി.പി എം.എല്‍.എയും ബി.ജെ.പിയെ പിന്തുണയ്ക്കുന്നു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരണപ്പെട്ടതിന് പിന്നാലെ ഭൂരിപക്ഷമില്ലെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നതിനിടെയായിരുന്നു പ്രമോദ് സാവന്തിനെ നിര്‍ദ്ദേശിക്കുന്നത്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സ്പീക്കര്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവര്‍ മുന്നോട്ട് വന്നിരുന്നു.

We use cookies to give you the best possible experience. Learn more