രണ്ടാഴ്ചയ്ക്ക ശേഷവും അഭിമന്യു കൊലക്കേസ് അന്വേഷണത്തിന്റെ പുരോഗതിയെന്ത് എന്ന ചോദ്യത്തിന് പോലീസ് വ്യക്തമായ ഉത്തരം തരാത്തത് ഇടത് പക്ഷത്തിന് തന്നെ പ്രതിസന്ധിയാകുന്നു. മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ കൊലപാതകം നടന്നത് ജൂലായ് ഒന്നിന് രാത്രിയാണ്. അന്ന് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് പിടിച്ച് പോലീസിലേല്‍പ്പിച്ച മൂന്ന് പ്രതികള്‍ക്ക് പുറമേ ഒരാളെ മാത്രമേ ഇതുവരെ അന്വേഷണ സംഘം ഔദ്യോഗികമായി അറസ്റ്റു ചെയ്തിട്ടുള്ളൂ.
കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാംപസ് ഫ്രണ്ട്- എസ്.ഡി.പി.ഐ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും വ്യാകമായി റെയ്ഡു നടത്തുകയും പ്രവര്‍ത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തു എന്ന് പറയപ്പെടുന്ന പതിനഞ്ച് പേരില്‍ ഇതുവരെ അറസ്റ്റു ചെയ്തത് നലു പേരെ മാത്രമാണ് എന്നത് പൊലീസ് ഇരുട്ടില്‍ തപ്പുന്നു എന്ന ആരോപണത്തെ ബലപ്പെടുത്തുന്നു. മുമ്പ് നടന്ന പലപ്രമാദമായ കേസുകളിലും നടക്കാറുള്ളത് പോലെ കേസിന്റെ പുരോഗതിയെ കുറിച്ച് ജനങ്ങളുമായി പങ്കുവെയ്ക്കാത്തതിലും പൊലീസിനെതിരെ വിമര്‍ശനം ഉയരുന്നു.
കേസില്‍ പിടിയിലായവരെല്ലാം പ്രധാന പ്രതികളാണെന്നായിരുന്നു എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ് ജൂണ്‍ പത്താം തിയതി മാധ്യമങ്ങളോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഭിമന്യു കൊല്ലപ്പെട്ട് എട്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലെന്നും കേസന്വേഷണം ഇഴയുകയാണെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പൊലീസ് കമ്മീഷണറുടെ പ്രതികരണം.
ഇനിയും പിടിയിലാവാനുള്ള പ്രതികള്‍ക്കായി അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഇതിനിടെ ഇവര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടൊയെന്ന കാര്യവും ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു.
എന്നാല്‍ കേസില്‍ അക്രമി സംഘത്തെ വിളിച്ചു വരുത്തിയെന്ന് കരുതുന്ന ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ അറബി ബിരുദ വിദ്യാര്‍ഥി ചേര്‍ത്തല അരുക്കുകറ്റി സ്വദേശിയായ മുഹമ്മദിനെയും കുടുംബത്തെ കുറിച്ചോ മറ്റു പ്രതികളെ കുറിച്ചോ യാതൊരു വിവരവും പൊലീസിന് കണ്ടെത്താനായിട്ടില്ല.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്നാണ് മുന്‍ എസ്.എഫ്.ഐ നേതാവ് സൈമണ്‍ ബ്രിട്ടോ പറയുന്നത്. പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സംഭവം നടന്ന ആദ്യമണിക്കൂറില്‍ തന്നെ പ്രതികളെയെല്ലാം പിടിക്കാമായിരുന്നെന്നും സൈമണ്‍ ബ്രിട്ടോ ഡൂള്‍ന്യുസിനോട് പറഞ്ഞു.
“മൂന്ന് പ്രതികളെ പിടിച്ചത് പൊലീസല്ല, അവരെ പിടിച്ചു കൊടുത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. സംഭവം നടന്ന പിറ്റേ ദിവസം രാവിലെ പ്രതി മുഹമ്മദിന്റെ വീട്ടിലേക്ക് പൊലീസുകാര്‍ ചെല്ലുമ്പോഴേയ്ക്കും അവന്റെ കുടുംബം സ്ഥലം വിട്ടിരുന്നു, മുഹമ്മദ് ഉള്‍പ്പെട്ടു എന്നറിഞ്ഞ ഉടനെ തന്നെ എന്ത് കൊണ്ട് അവന്റെ വീട്ടിലേക്ക് വിവരമെത്തിക്കാനൊ അവിടെയ്ക്ക് പൊലീസിന് എത്താനോ സാധിച്ചില്ല. പ്രതികള്‍ക്ക് വേണ്ടി കെണി ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചു. ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രതികളുമായി ബന്ധപ്പെട്ട യാതൊരു വിവരവും കലക്ട് ചെയ്യാന്‍ പൊലീസിനായില്ല”. ബ്രിട്ടോ പറഞ്ഞു.
പ്രധാന പ്രതികളിലൊരാളെ കൂടി പൊലീസ് പിടിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ എസ്.ഡി.പി.ഐയുടെ സംസ്ഥാന നേതാക്കളെ അറസ്റ്റു ചെയ്ത് അവര്‍ക്ക് കൂടുതല്‍ ഇരവാദം പറയാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അത് കേസിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും അറസ്റ്റു ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നേരിടാനും പൊലീസിനാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.ഡി.പി.ഐയുമായി ചില പൊലീസുകാര്‍ക്ക് ബന്ധമുണ്ടോ എന്നും സംശയിക്കുന്നെന്നും പൊലീസുകാര്‍ തന്നെ അക്കാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നല്ലൊ എന്നും ബ്രിട്ടോ പറഞ്ഞു. എന്നിരുന്നാലും കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും ബ്രിട്ടോ കൂട്ടിച്ചേര്‍ത്തു.
Read Also : നിരോധിച്ച് ഇരവാദത്തിന് അവസരമൊരുക്കരുത്, രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമവരെ
ഇത്രയും സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുള്ള ഒരു നഗരത്തില്‍ സംഭവിച്ച കൊലപാതകത്തിലെ പ്രധാന പ്രതികളെ പിടിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല എന്നത് സര്‍ക്കാറിന്റെയും പൊലീസിന്റെയും പിടിപ്പുകേടാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ ഇവരെല്ലാം തീവ്രവാദികളെന്നാരോപിക്കുന്നവര്‍ ചെയ്ത ഒരു കൊലപാതകത്തെ ഇത്രയും ലാഘവത്തോടെ സമീപിക്കുന്നത് എസ്.ഡി.പി.ഐയെ സഹായിച്ച് കൊടുക്കാനാണെന്നും കഴിഞ്ഞ ദിവസമുണ്ടായ അറസ്റ്റ് സൂചിപ്പിക്കുന്നത് അവരുടെ ഒത്തുകളിയുടെ ഭാഗമാണെന്നും അഭിജിത്ത് പറഞ്ഞു.
ശുഹൈബിന്റെ കേസില്‍ സി.പി.ഐ.എമ്മിന്റെ ലോക്കല്‍ സെക്രട്ടറിക്കെതിരെ റിപ്പോര്‍ട്ട് പോയിരിക്കുന്നു എന്നായപ്പോള്‍ അതില്‍ നിന്നും ചര്‍ച്ചയെ വഴിതിരിച്ച് വിടാനും വേണ്ടിയാണ് എസ്.ഡി.പി.ഐ നേതാവിന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.” അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഒരു കറിവേപ്പില പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ പൊലീസ് പറഞ്ഞത് കസ്റ്റഡിയിലെടുത്തിട്ടില്ല, ചോദ്യം ചെയ്യാനായി വിളിപ്പിച്ചതാണ് എന്നാണ്. അത്രയ്ക്കും അധപതിച്ചവരായി കേരളത്തിലെ സര്‍ക്കാറും പൊലീസും മാറിയിരിക്കുന്നു” അഭിജിത്ത് പറഞ്ഞു.
അഭിമന്യുവിന്റെ നീതിയ്ക്ക് വേണ്ടി കെ.എസ്.യു ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും എസ്.ഡി.പി.ഐ-സി.പി.ഐ.എം ഒത്തുകളി അവസാനിപ്പിക്കുകയെന്നും അഭിമന്യുവിന് നീതി വേണമെന്നാവശ്യപ്പെട്ടും ഏറ്റവും അടുത്ത ദിവസങ്ങളില്‍ മഹാരാജാസ് കോളേജില്‍ ഏകദിന ഉപവാസമിരിക്കുമെന്നും അഭിജിത്ത് വ്യക്തമാക്കി.
എന്നാല്‍ അഭിമന്യുവിന്റെ കൊലപാതക കേസ് നേരായ ദിശയില്‍ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അതില്‍ ഞങ്ങള്‍ തൃപ്തരാണെന്നും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസില്‍ മുഴുവന്‍ പ്രതികളെയും ഇതുവരെ പൊലീസിന് അറസ്റ്റുചെയ്യാനായിട്ടില്ലെന്നും സാനു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
Read Also : അഭിമന്യുവില്‍ നിന്നും നമ്മള്‍ പഠിക്കാത്തത്
കൃത്യമായ ആസൂത്രണത്തോടെയും ഗൂഢാലോചനയുടെയും നടത്തിയ കൊലപാതകമാണ് അഭിമന്യുവിന്റേത്. അന്താരാഷ്ട്ര ബന്ധങ്ങളും വലിയ സാമ്പത്തിക സ്രോതസുകളുമുള്ള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. അവരുടെ സെറ്റപ്പ് ആ രീതിയിലാണ്. എന്നാല്‍ അതിനപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ആരെയെങ്കിലും പിടിക്കുക എന്നതിനപ്പുറം കൃത്യമായി ഗൂഢാലോചനയില്‍ പങ്കെടുത്ത ആളുകളെയടക്കം പിടിക്കുക എന്ന നിലയിലേക്കാണ് പൊലീസ് പോയിക്കൊണ്ടിരിക്കുന്നതെന്നും സാനു വ്യക്തമാക്കി. ഇതല്ല ഏതെങ്കിലും അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനെയും എസ്.എഫ്.ഐ സ്വാഗതം ചെയ്യുന്നെന്നും സാനു കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍.ഐ.എയ്ക്ക് കേസ് കൈമാറണമെങ്കില്‍ കൊലപാതകത്തില്‍ ശക്തമായ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കണം. അതിന്റെ ഭാഗമായാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റിനെയടക്കം അറസ്റ്റു ചെയ്തതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കേസില്‍ സംസ്ഥാന നേതാവിന്റെ പങ്ക് കാണിക്കാന്‍ വേണ്ടിയും ഇതൊരു വലിയ രീതിയിലുള്ള വാര്‍ത്തയാവാനും വേണ്ടിയാണ് വാര്‍ത്തസമ്മേളനം കഴിഞ്ഞ് മടങ്ങവേ മജീദ് ഫൈസിയെ അറസ്റ്റു ചെയ്തത്. ഒരു കേസിലും പിടിക്കപ്പെടാന്‍ കഴിയാത്തത്രയും തന്ത്രപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന പൊലീസുകാര്‍ക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്ന പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ സംഘത്തെ നിരോധിക്കാനും ഇതിലൂടെ സാധ്യതയുണ്ടെന്നുമാണ് സൂചന.