| Monday, 16th December 2013, 2:00 pm

'മാധ്യമ ധര്‍മത്തെ' കുറിച്ചുള്ള ചില ചോദ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബദല്‍ മീഡിയാ സങ്കല്‍പത്തില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ വന്ന ഏറ്റവും ശ്രദ്ധേയമായ ശബ്ദമായിരുന്ന തെഹല്‍കയുടെ മുഖ്യ പത്രാധിപരുടെ പേരിലുള്ള ഗുരുതരമായ സ്ത്രീപീഡന കേസും അതില്‍ സ്ഥാപനത്തിലെ തന്നെ മറ്റുള്ളവരുടെ ഇടപെടല്‍ കൂടി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഈ
വിഷയത്തിന് ഏറെ പ്രസകതിയുണ്ട്.


[]ഒരു മാധ്യമ സ്ഥാപനവും അവര്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്കും  ഇടയില്‍ കൃത്യമായ അതിര്‍ വരമ്പുണ്ടോ? അഥവാ പ്രസിദ്ധീകരിക്കുന്ന/ സംപ്രേഷണം ചെയ്യുന്ന  മാധ്യമത്തിന്റെ നിലപാടില്‍ നിന്നും അവരുടെ സ്വാധീനത്തില്‍ നിന്നും തീര്‍ത്തും മോചിതമായിട്ടുള്ള ഒരു raw material ആയി വാര്‍ത്തയെ വേര്‍തിരിച്ച് കാണാമോ?

ബദല്‍ മീഡിയാ സങ്കല്‍പത്തില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ വന്ന ഏറ്റവും ശ്രദ്ധേയമായ ശബ്ദമായിരുന്ന തെഹല്‍കയുടെ മുഖ്യ പത്രാധിപരുടെ പേരിലുള്ള ഗുരുതരമായ സ്ത്രീപീഡന കേസും അതില്‍ സ്ഥാപനത്തിലെ തന്നെ മറ്റുള്ളവരുടെ ഇടപെടല്‍ കൂടി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഈ
വിഷയത്തിന്  ഏറെ പ്രസകതിയുണ്ട്.

ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ കൃത്യത വരാന്‍ വേണ്ടി ആദ്യം തന്നെ എന്താണ് വാര്‍ത്ത എന്ന്  നിര്‍വചിക്കേണ്ടി വരും. വാര്‍ത്തയും വീക്ഷണവും (news and
views) എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്  മനസ്സിലാക്കുന്നതും പ്രധാനമാണ്.

കേവലം സംഭവങ്ങളുടെ വിവരണം മാത്രം സൂചിപ്പിക്കുന്ന രീതിയില്‍ news  അഥവാ വാര്‍ത്ത എന്ന പദത്തെ  ഇപ്പോള്‍ ലോകം സ്വീകരിക്കുന്നില്ല.. അതിലപ്പുറം വീക്ഷണം എന്ന വിശാല പദ പ്രയോഗം കൊണ്ട് വിവക്ഷിക്കുന്ന മറ്റൊരുപാട് ഘടകങ്ങള്‍ ഇന്ന് വാര്‍ത്തയോടൊപ്പം വേര്‍തിരിയാതെ തന്നെ വരുന്നുണ്ട്.

ഒരു സംഭവത്തെ കുറിച്ചുള്ള  പല തരത്തിലുമുള്ള നിരീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, അവലോകനങ്ങള്‍, മറ്റു സംഭവങ്ങളുമായി ഉള്ള ബന്ധങ്ങള്‍ തുടങ്ങി നിരവധി പുതിയ ഘടകങ്ങള്‍ കൂടി ചേരുന്നതിനെ എല്ലാം നാം വാര്‍ത്ത എന്ന പൊതു പദം കൊണ്ട്  സൂചിപ്പിക്കുന്നു.

വാര്‍ത്തക്കും വീക്ഷണത്തിനും ഇടയിലുള്ള അതിര്‍ വരമ്പ് ദിനേന നേര്‍ത്തു കൊണ്ടിരിക്കുന്നതാണ്  കാണുന്നത്. കേവലം സംഭവങ്ങളുടെ വിവരണങ്ങള്‍ക്കപുറമുള്ള മറ്റ്  പലതുമാണ് ഇന്നത്തെ “വാര്‍ത്ത” എന്ന് ചുരുക്കം.

അപ്പോള്‍ സ്വാഭാവികമായും ഈ രണ്ടാം ഘട്ടത്തില്‍ തയ്യാറാക്കുന്നവരുടെ കഴിവും താല്പര്യങ്ങളുമെല്ലാം പുറത്ത്  വരുന്ന വാര്‍ത്ത എന്ന ഉല്‍പന്നത്തെ പല രീതിയിലും
സ്വാധീനിക്കുന്നു.

ചിലപ്പോള്‍ ബോധപൂര്‍വമായ വളച്ചൊടിക്കലോ ദുര്‍ വ്യാഖ്യാനമോ ആയിരിക്കാം, മറ്റു ചിലപ്പോള്‍ കാര്യങ്ങളെ വേണ്ട രീതിയില്‍ മനസ്സിലാക്കാനോ വിലയിരുത്താനോ ഉള്ള കഴിവിന്റെ അഭാവം ആയിരിക്കാം.

സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള വളച്ചൊടിക്കലും വാര്‍ത്താ നിര്‍മിതിയുമാണ് എന്നും മൂലധന, സാമ്രാജ്യത്ത ശക്തികളുടെ മുഖ്യ ആയുധം. ഇത് നടപ്പിലാക്കുന്നതാകട്ടെ കൂടുതലായും  സംഭവങ്ങളുടെ തെറ്റായ അവതരണത്തിലൂടെ അല്ല, മറിച്ച് റിപ്പോര്‍ട്ടിങ്ങിന് ശേഷം വരുന്ന അവലോകനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വാര്‍ത്ത തീര്‍ത്തും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും വായനക്കാരുടെ മനസ്സില്‍ അവതരിപ്പിച്ച്  കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.

തരുണിന്റെ ആവര്‍ത്തിച്ചുള്ള ബലാത്സംഗങ്ങള്‍: അരുന്ധതി റോയി

embedded ജേര്‍ണലിസവും ലൈവ്  ടെലക്കാസ്റ്റും വഴി യുദ്ധ രംഗത്ത് നിന്നും കാര്യങ്ങളെ നേരിട്ട് കാണിച്ച രീതി വ്യാപകമായി  അവതരിപ്പിച്ച് തുടങ്ങിയ ഗള്‍ഫ് യുദ്ധ സമയത്ത് തന്നെയാണ് അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ഏറ്റവും കൂടുതല്‍ സംരക്ഷിക്കപ്പെട്ട് കൊണ്ട് വാര്‍ത്തകള്‍ അവതരിപ്പിച്ചതും എന്നത് ശ്രദ്ധേയമാണ്.

വാര്‍ത്തകള്‍ തീര്‍ത്തും “സത്യസന്ധമായി” അവതരിപ്പിച്ച്  കൊണ്ട് തന്നെ വായനക്കാരന്റെ /പ്രേക്ഷകന്റെ മനസ്സില്‍ തങ്ങള്‍ക്കനുകൂലമായ രീതിയില്‍
തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു “വീക്ഷണം” സ്ഥാപിക്കപ്പെടുക എന്ന  അതിസമര്‍ത്ഥമായ പ്രക്രിയ ആണ് ഇവിടെ നടപ്പാക്കപ്പെടുന്നത്.

വാര്‍ത്തയോ സംഭവങ്ങളോ കാണുന്നതിലല്ല അപകടമെന്നും അതിന്  ശേഷം നടക്കുന്ന ചിന്തയിലാണ് പ്രശ്‌നം എന്നും മനസ്സിലാക്കിയ ശക്തികള്‍ ഈ ചിന്തയെ സ്വാധീനിക്കാന്‍ വേണ്ട തന്ത്രങ്ങള്‍ മിനയുകയായിരുന്നു.

വേര്‍തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വാര്‍ത്തയും വീക്ഷണവും കൂടി കലര്‍ന്ന ശൈലി ആഗോള മാധ്യമ ഭീമന്മാര്‍ തൊട്ട് മലയാള പത്രങ്ങള്‍ വരെ സ്വീകരിച്ചു എന്നത് വാസ്തവം.

അടിസ്ഥാനപരമായി തന്നെ മനുഷ്യര്‍ യുക്തിരഹിതരും (irrational)  ചോദനകളില്‍ അധിഷ്ടിതരും (desire driven) ആണെന്നും അവരെ “നേര്‍ വഴിക്ക്” നടത്താന്‍ ഉപഭോഗ സംസ്‌കാരം അനിവാര്യമാണെന്നും പറഞ്ഞത് പൊതുജന സമ്പര്‍ക്കത്തിന്റെ പിതാവ് എന്ന്  വിശേഷിപ്പിക്കപ്പെടുന്ന എഡ് വാര്‍ഡ്  ബെര്‍നേഴ്‌സ് (Edward Berneys) ആയിരുന്നു.

സിഗ്മണ്ട് ഫ്രോയിഡിന്റെ മരുമകന്‍ കൂടിയായ ബെര്‍നേഴ്‌സ്  ഈ ആവശ്യം നിറവേറ്റാന്‍ നിര്‍ദേശിച്ച ഒറ്റമൂലികളാണ് വിവിധ രൂപത്തിലും ഭാവത്തിലുമുള്ള പ്രോപ്പഗണ്ട തന്ത്രങ്ങള്‍ ആയി പിന്നീട് രൂപപ്പെട്ടതും മൂലധന ശക്തികളും അവരുടെ താല്‍പര്യ സംരക്ഷകരായ മാധ്യമങ്ങളും ആശയ പ്രചാരണത്തിനുള്ള ഉപാധിയായി സ്വീകരിച്ചതും.

ആഗോള മാധ്യമ ഭീമനായ ടൈം വാര്‍ണറിന്റെ സി എന്‍ എന്‍ ആയിരുന്നു ഈ ശൈലിയെ പുതിയ തലത്തിലേക്ക് എത്തിച്ചത് എന്നതും യാദൃശ്ചികമല്ല. ചോംസ്‌കി വിശേഷിച്ചത് പോലെ സാമ്രാജ്യതമൂലധന അജണ്ടകള്‍ക്കനുസൃതമായ “സമ്മതങ്ങളുടെ നിര്‍മിതികള്‍(manufacturing consent) ആണ് ഇതിലൂടെ  ഈ കുത്തക മാധ്യമങ്ങളും അവരുടെ പിന്നിലുള്ളവരും എന്നും ലക്ഷ്യമിട്ടത്.

ഇന്ന്  പക്ഷേ  വാര്‍ത്താ മാധ്യമ രംഗത്ത് ഈ സാമ്രാജ്യത്വ ശക്തികളെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമെല്ലാം തുടര്‍ന്നു പോരുന്ന അടിസ്ഥാന ശൈലി ഇത് തന്നെ.

ഒരു പത്ര പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം നിഷ്പക്ഷത എന്നൊരു പക്ഷമില്ലെന്നും നീതിയുടെയും ന്യായത്തിന്റെയും പക്ഷം എന്നതാണ് ശരിയായ പക്ഷം എന്നും എന്‍ റാം അഭിപ്രായപ്പെട്ടിട്ടുണ്ട്.

സംഭവങ്ങളുടെ നിര്‍ജീവമായ അവതരണത്തിനപ്പുറമായി കാര്യങ്ങളെ വിശകലനം ചെയ്യാനും ശരിയായ നിരീക്ഷണങ്ങളും നിഗമനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തെണ്ടതിന്റെ ആവശ്യകതയായിരുന്നു റാം ഇതിലൂടെ ഉദ്ദേശിച്ചത്.

പക്ഷേ, ഉദ്ദേശിച്ചത് എന്തായാലും വേര്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വാര്‍ത്തയും വീക്ഷണവും കൂടി കലര്‍ന്ന ശൈലി ആഗോള മാധ്യമ ഭീമന്മാര്‍ തൊട്ട് മലയാള പത്രങ്ങള്‍ വരെ സ്വീകരിച്ചു എന്നത് വാസ്തവം.

തെഹല്‍കക്ക് സംഭവിച്ചത്.. തെഹല്‍ക്കയിലെ ഒരു മുന്‍ പത്രപ്രവര്‍ത്തകന്‍ സംസാരിക്കുന്നു

സ്വാഭാവികമായും അവതരിപ്പിക്കുന്ന പത്രാധിപര്‍ക്കും സ്ഥാപനത്തിനും ജനങ്ങള്‍ക്കിടയില്‍ ഉള്ള വിശ്വാസ്യത വലിയൊരു ഘടകമായി മാറുന്നു. വിശ്വാസ്യതയുള്ളവരുടെ വീക്ഷണങ്ങള്‍ വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ സ്വന്തം ആശയമായും പിന്നീട്  പോതുബോധമായും രൂപപ്പെടുന്നു.

ഈ ഒരു സാഹചര്യത്തില്‍ വേണം തരുണ്‍ തേജ്പാലിന്റെയും തെഹല്‍കയുടെയും നേര്‍ക്ക് വന്ന ആരോപണങ്ങളെ വിലയിരുത്താന്‍. ശ്രദ്ധേയമായ പല ഇടപെടലുകളും നടത്തി ബദല്‍ മാധ്യമ രംഗത്ത് വന്‍ പ്രതീക്ഷ നല്‍കിയ ഒരു മാധ്യമ സമീപനമായിരുന്നു തെഹല്‍ക എന്നതില്‍ സംശയമില്ല.

ഫാഷിസ്റ്റ് കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെ ഉള്ള പോരാട്ടം ആയിരുന്നു തെഹല്‍കയുടെ പ്രഖ്യാപിത നയം. പക്ഷേ, കാലക്രമത്തില്‍ ഇതേ ശക്തികള്‍ തെഹല്‍കയെ
വിലക്കെടുക്കുകയായിരുന്നു എന്നതാണ് ഖേദകരമായ സത്യം.

കോര്‍പറേറ്റ് ശക്തികള്‍ തന്നെ തെഹല്‍ക്കയുടെ പരിപാടികളുടെ സ്‌പോണ്‌സര്‍മാരായി. ഇതേ കോര്‍പറേറ്റ് ശക്തികള്‍ രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ആദിവാസികളും മറ്റു അടിച്ചമര്‍ത്തപ്പെട്ടസ്ത്രീകളും പീഡിപ്പിക്കപ്പെടുന്നതിന്  അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു എന്നത് അന്ന് തന്നെ പലരും ചൂണ്ടിക്കാണിച്ചിരുന്നു.

അടുത്തപേജില്‍ തുടരുന്നു


ഒരു സ്ത്രീയെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ പീഡിപ്പിക്കുന്നത് ഏറ്റവും വലിയ ഫാഷിസമാണെന്നിരിക്കെ ഇതെല്ലാം നിര്‍ലജ്ജം ചെയ്ത തരുണിന്റെ കുറ്റസമ്മതം തന്നെ തെഹല്‍കയുടെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ കപട മുഖം വീണ്ടുമൊരിക്കല്‍ കൂടി വീഴുകയായിരുന്നു(ഈ കുറ്റ സമ്മതവും പ്രായശ്ചിത്തവും മറ്റൊരു വലിയ  തട്ടിപ്പാണെന്നത് വേറെ കാര്യം).


പക്ഷേ പഴയ ചില നല്ല ഇടപെടലുകള്‍ നല്‍കിയ പ്രതിച്ഛായയും അതിലുപരി തരുണ്‍ തേജ്പാല്‍ എന്ന സമര്‍ഥനായ പത്രാധിപരുടെ തന്ത്രപരമായ നീക്കങ്ങളും തെഹല്‍ക്കയെ വിമര്‍ശനങ്ങള്‍ക്കധീതമായി മുന്നോട്ട് നയിച്ചു.

മാത്യൂ സാമുവലിനെ പോലെ സ്ഥാപനതിനകത്തുള്ളവര്‍ തന്നെ മാനേജുമന്റിന്റെ പല നടപടികളിലും പരിഭവം പറഞ്ഞെങ്കിലും എല്ലാറ്റിനെയും ഫാഷിസ്റ്റ്  കോര്‍പറേറ്റ് വിരുദ്ധ പോരാട്ടം എന്ന പരിച ഉപയോഗിച്ച്  തരുണും തെഹല്‍കയും നേരിട്ടു.

സ്വന്തം സ്ഥാപനതിനകത്തും പുറത്തും നടത്തിയ ഫാഷിസ്റ്റ് നയങ്ങളെ നയചാതുരിയോടെ നേരിടുന്നതില്‍ തരുണ്‍ വിജയിച്ചു, ഈ അടുത്ത് വരെ.

ഒരു സ്ത്രീയെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ പീഡിപ്പിക്കുന്നത് ഏറ്റവും വലിയ ഫാഷിസമാണെന്നിരിക്കെ ഇതെല്ലാം നിര്‍ലജ്ജം ചെയ്ത തരുണിന്റെ കുറ്റസമ്മതം തന്നെ തെഹല്‍കയുടെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ കപട മുഖം വീണ്ടുമൊരിക്കല്‍ കൂടി വീഴുകയായിരുന്നു(ഈ കുറ്റ സമ്മതവും പ്രായശ്ചിത്തവും മറ്റൊരു വലിയ  തട്ടിപ്പാണെന്നത് വേറെ കാര്യം).

ഇതിനെ നേരിടാന്‍ പിന്നീട് തരുണും തെഹല്‍ക മാനേജുമന്റും നടത്തിയ ഇടപെടലുകള്‍ കാര്യങ്ങളെ കൂടുതല്‍ പരിഹാസ്യമാക്കി.

തകര്‍ന്നടിഞ്ഞ ഈ വിശ്വാസ്യത പക്ഷേ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. തെഹല്‍കയുടെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ പൊള്ളത്തരം വെളിവായതോടെ അവരുടെ മറ്റെല്ലാ ഫാഷിസ്റ്റ് വിരുദ്ധ ഇടപെടലുകളുടെയും അതിന് ഉപോല്‍ബലകമായ വാര്‍ത്തകളുടെയും വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നു.

നമ്മുടെ തകരുന്ന വിശ്വാസങ്ങള്‍

അതിലുപരിയായി ബദല്‍ മാധ്യമ സമീപനങ്ങളിലെ ശ്രദ്ധേയമായ ഒരധ്യായത്തിന് ദുരന്തപൂര്‍ണമായ  അന്ത്യമാവുമ്പോള്‍ സമാന രീതി പിന്തുടരുന്ന മറ്റുള്ളവരെ കൂടി ബാധിക്കുന്നു.

ഒരാശയം മുന്നോട്ട് വെക്കുന്നവര്‍ തന്നെ അതിന് കടക വിരുദ്ധമായ രീതിയില്‍ പെരുമാറുമ്പോള്‍ ഈ മുന്നോട്ട് വെക്കുന്ന ആശയം തന്നെ കാപട്യമാണെന്നോ അപ്രായോഗികമാണെന്നോ ആളുകള്‍ ചിന്തിക്കുന്നത് സ്വാഭാവികം.

വാര്‍ത്തക്ക്  പിന്നിലുള്ളവരുടെ നിലപാടിനെ പരിഗണിക്കാതെ വാര്‍ത്തയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായി വിലയിരുത്തണം എന്നത് ഒരു കാല്‍പനിക സങ്കല്‍പം പോലെ അവതരിപ്പിക്കാമെങ്കിലും നേരത്തെ സൂചിപ്പിച്ച വിശാല അര്‍ത്ഥത്തിലുള്ള വാര്‍ത്തകളെ സംബന്ധിച്ചിടത്തോളം അത് സ്വീകാര്യമല്ലാതെ വരുന്നു.

ഒരുദാഹരണം പറഞ്ഞാല്‍ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വെറും ഒരു സംഭവമാണ് എന്നത് കൊണ്ട് തന്നെ അത് റിപ്പോര്‍ട്ട് ചെയ്ത ആളിന്റെ വിശ്വാസ്യത കൂടുതല്‍ നോക്കേണ്ടതില്ല.

റിപ്പോര്‍ട്ട് ചെയ്ത ആളെ അല്ലെങ്കില്‍ ആ പത്ര സ്ഥാപനത്തെ പരിഗണിക്കാതെ തന്നെ റിപ്പോര്‍ട്ടിനെ മാത്രം അടര്‍ത്തിയെടുത്ത് തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നു(ഒരു പക്ഷേ ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് മതി വിലയിരുത്താന്‍).

പക്ഷേ, ഇന്ദിര ആയിരുന്നു ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ അഴിമതിയെ സ്ഥാപനവല്‍കരിച്ചത് എന്ന ഒരു നിരീക്ഷണം ആരെങ്കിലും നടത്തിയാല്‍ തീര്‍ച്ചയായും ഇതിന് ഉപോല്ബലകമായി അവതരിപ്പിച്ച തെളിവുകള്‍  കൂടാതെ വേറെയും പലതും പരിശോധിക്കും.

പറഞ്ഞ ആളുടെ/പത്രത്തിന്റെ വിശ്വാസ്യത, ഇത് പോലുള്ള നിരീക്ഷണങ്ങള്‍ മുമ്പ് നടത്തിയതിന്റെ ചരിത്രം, പക്ഷപാതിത്തം ഉണ്ടോ എന്ന കാര്യം, വിഷയത്തിലുള്ള അവഗാഹം, തുടങ്ങി ഒരുപാട് ഘടകങ്ങള്‍ നമ്മള്‍ പരിശോധിച്ച ശേഷമാണ് വാര്‍ത്ത തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കുന്നത് (ഇത് തന്നെ ഓരോരുത്തരുടെയും യുക്തിക്കനുസരിച്ച് വ്യത്യാസപ്പെടാനും സാധ്യത ഉണ്ട് ).

ഒരു പക്ഷേ ഇന്നേവരെ ഇത് പറഞ്ഞ ആളും സ്ഥാപനവും നടത്തിയ ഇടപെടലുകളുടെ മൊത്തം വിലയിരുത്തല്‍ ആണ് ഇവിടെ വിശ്വാസ്യതയുടെ അടിസ്ഥാനം. ഒരു സംഭവം അവതരിപ്പിക്കുന്ന വ്യക്തി എന്നതില്‍ കവിഞ്ഞ് ഒരു പാട് കാര്യങ്ങള്‍ നിര്‍വഹിക്കുകയും അതിന്റെ ഫലം മുന്നോട്ട് വെക്കുകയും ചെയ്യുന്ന  ഒരാള്‍
ആവുന്നത് കൊണ്ടാണ് ഇതനിവാര്യമാവുന്നത്.

പ്രതീക്ഷിക്കാനും സ്വപ്നം കാണാനുമുള്ള അവരുടെ മനസ്സിനെയാണ് തരുണ്‍ വേട്ടയാടിയത്. എന്തിനെയെല്ലാം തെഹല്‍ക എതിര്‍ത്തിരുന്നോ അതിനെല്ലാം തെഹല്‍ക കീഴടങ്ങുകയായിരുന്നു.

ഇങ്ങനെ വിലയിരുത്തുമ്പോഴാണ് തെഹല്‍ക മുന്നോട്ട് വെച്ച ആശയങ്ങള്‍കേറ്റ ഗുരുതരമായ പരിക്ക് വ്യക്തമാവുന്നത്. അരുന്ധതി റോയി പറഞ്ഞ പോലെ എന്തിനെതിരെയാണോ തെഹല്‍ക പോരാടിയിരുന്നത് ആ നിലപാടിനെയാണ്  തെഹല്‍ക ബലാല്‍സംഘം ചെയ്തത്.

ഇവിടെ ഗുരുതരമായ വേറെ ചില പ്രശ്‌നങ്ങള്‍ കൂടി കാണാതെ വയ്യ. തെഹല്‍ക പോലുള്ള ഒരു പത്രസ്ഥാപനത്തില്‍ പോലും ഒരു സ്ത്രീക്ക്  ജോലി ചെയ്യാന്‍ പറ്റില്ലെങ്കില്‍ പിന്നെ എവിടെയാണ് പറ്റുക?

ബസ് സ്റ്റാന്റിലും ട്രെയിനിലും മാത്രമല്ല, ഫാഷിസ്റ്റ്കോര്‍പറേറ്റ്  തേര്‍വാഴ്ച്ചയുടെ ഇരകള്‍ക്ക്  വേണ്ടി വാദിക്കുന്നു എന്ന്  അവകാശപ്പെടുന്ന ഒരു പത്ര സ്ഥാപനത്തില്‍ വരെ നടമാടുന്നത് സ്ത്രീകള്‍ക്ക് നേരെയുള്ള ഫാഷിസമാണെങ്കില്‍ പിന്നെ ജനസംഖ്യയില്‍ അന്‍പത് ശതമാനം വരുന്ന ഈ വിഭാഗം എന്ത്‌ചെയ്യണം?

ഇവരെ പോലും നിയന്ത്രിക്കുന്നത്  കോര്‍പറേറ്റുകള്‍ ആണെന്ന് വരുമ്പോള്‍ പിന്നെ എന്താണ് കോര്‍പറേറ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാവി? തരുണ്‍ പീഡിപ്പിച്ചത് കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവര്‍ത്തകയെയോ അദ്ധേഹത്തില്‍ സ്വന്തം അച്ഛനെ കണ്ട ഒരു മകളെയോ മാത്രമല്ല, തങ്ങളുടെ നിത്യ ജീവിതത്തില്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക്  തെഹല്‍കയിലും ബദല്‍ മീഡിയകളിലും പ്രതീക്ഷയുടെ തിരിനാളം കണ്ടിരുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരെയും അവരുടെ
പോരാട്ടങ്ങളെയും ആണ്.

പ്രതീക്ഷിക്കാനും സ്വപ്നം കാണാനുമുള്ള അവരുടെ മനസ്സിനെയാണ് തരുണ്‍ വേട്ടയാടിയത്. എന്തിനെയെല്ലാം തെഹല്‍ക എതിര്‍ത്തിരുന്നോ അതിനെല്ലാം തെഹല്‍ക കീഴടങ്ങുകയായിരുന്നു.

ലളിതമല്ലാത്ത ഈ സന്ദേഹങ്ങളാണ് തരുണും തെഹല്‍കയും ബാക്കി വെക്കുന്നത്, അവരുടെ സ്വന്തം ഭാവി എന്തായാലും.

We use cookies to give you the best possible experience. Learn more