അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് മോദിയെ ചോദ്യം ചെയ്യരുത്: ബി.ജെ.പി
India-China Border
അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് മോദിയെ ചോദ്യം ചെയ്യരുത്: ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th June 2020, 4:52 pm

ന്യൂദല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിരുത്തരവാദപരമെന്ന് ബി.ജെ.പി വക്താവ് സംപിത് പത്ര. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രിയ്‌ക്കെതിരെ സംസാരിച്ച രാഹുലിന്റെ പ്രവൃത്തി നിരുത്തരവാദപരമാണ്. സര്‍ക്കാരില്‍ വിശ്വാസം കാണിക്കണം. പ്രധാനമന്ത്രിയ്‌ക്കെതിരായാണ് സംസാരിക്കുന്നത് എന്നോര്‍ക്കണം. അദ്ദേഹം ഒരു വ്യക്തിയല്ല, രാജ്യത്തിന്റെ നേതാവാണ്’, സംപിത് പത്ര പറഞ്ഞു.

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സൈനികര്‍ കൊല്ലപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നടപടിയേയും രാഹുല്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.

സംഭവത്തില്‍ അനുശോചിക്കാന്‍ പ്രതിരോധമന്ത്രിയ്ക്ക് രണ്ട് ദിവസം വേണ്ടി വന്നതെന്തിനാണെന്നും രാഹുല്‍ ചോദിച്ചിരുന്നു.

ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല.

സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ