കോഴിക്കോട്: ക്രിസ്തുമസ് പരീക്ഷയില്‍ പത്താം ക്ലാസിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എം.എസ് സൊലൂഷ്യന്‍സ് സി.ഇ.ഒ എം. ഷുഹൈബിനൊയി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. ക്രൈം ബ്രാഞ്ചാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഇന്നലെ ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ ഷുഹൈബിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഷുഹൈബിനെ അടക്കം പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു.
വിശ്വാസ വഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രവര്‍ത്തനവും ക്രൈ ബ്രാഞ്ച് പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍യൂട്യൂബ് ചാനലുകളിലൂടെ പ്രസിദ്ധീകരിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വകുപ്പുതല അന്വേഷണത്തിന് അപ്പുറത്തേക്ക് ഗൗരവകരമായി തന്നെ വിഷയത്തെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Content Highlight: question paper leak; Look out circular against MS Solutions CEO