| Friday, 21st June 2024, 12:59 pm

യു.ജി.സി-നെറ്റ് ചോദ്യപേപ്പര്‍ ടെലിഗ്രാമില്‍ ചോര്‍ന്നെന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.ജി.സി- നെററ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലിഗ്രാമില്‍ ചോര്‍ന്നെന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ടെലിഗ്രാമില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ യഥാര്‍ത്ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നതായി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞു.

നെറ്റ് പരീക്ഷയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളില്‍ പിഴവുകള്‍ സംഭവിച്ചെന്ന് ഇതുവരെ നടന്ന അന്വേഷണത്തില്‍ വ്യക്തമായന്നെും മന്ത്രി കൂട്ടിച്ചേര്‍ത്തു. നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുന്ന ബീഹാർ പൊലീസുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് നെറ്റ് പരീക്ഷ റദ്ദ് ചെയ്ത് കൊണ്ട് കേന്ദ്രം പ്രസ്താവന ഇറക്കിയത്. അന്വേഷണം സി.ബി.ഐക്ക് ഏല്‍പ്പിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. രണ്ട് ഷിഫ്റ്റുകളിലായി 11 ലക്ഷം വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച നീറ്റ് പരീക്ഷ എഴുതിയത്.

ചൊവ്വാഴ്ച നടന്ന പരീക്ഷ വീണ്ടും നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്ന് നടത്തുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ചോദ്യപേപ്പർ ടെലിഗ്രാം വഴി ചോർന്നെന്ന് റിപ്പോർട്ട്‌ ലഭിച്ചത്. ഇതോടെയാണ് പരീക്ഷ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഇതനുസരിച്ച് തുടര്‍ നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അതിനിടെ, ബീഹാറിൽ നിന്ന് നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളിലൊരാൾ പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് ചോദ്യപേപ്പർ ലഭിച്ചെന്നും തനിക്ക് ലഭിച്ച ചോദ്യപേപ്പറിലെ ഭൂരിഭാ​ഗം ചോദ്യങ്ങളും പരീക്ഷയിൽ ചോദിച്ചെന്നും മൊഴി നൽകിയരുന്നു. തന്റെ ബന്ധു വഴിയാണ് ചോദ്യപേപ്പർ ലഭിച്ചതെന്നും വിദ്യാർത്ഥി സമ്മതിച്ചു.

ചോദ്യപേപ്പറിന് വേണ്ടി 30 മുതൽ 32 ലക്ഷം രൂപ വരെ ഇടനിലക്കാർ ചോദിച്ചെന്നും വിദ്യാർത്ഥികൾ മൊഴി നൽകി. കേസിൽ ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.

Content Highlight: Question paper for UGC-NET circulated on Telegram: Union minister Dharmendra Pradhan

We use cookies to give you the best possible experience. Learn more