അധ്യാപകന്റെ കൈവെട്ടിയ കേസില്‍ വിധി ഏപ്രില്‍ ആറിന്
Daily News
അധ്യാപകന്റെ കൈവെട്ടിയ കേസില്‍ വിധി ഏപ്രില്‍ ആറിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2015, 1:08 pm

tj-joseph-2തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ വിധി ഏപ്രില്‍ ആറിന്.  എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയാണ് കേസില്‍ വിധി പറയുക. 2010 ജൂലൈ നാലിനാണ് പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തി എന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ അധ്യാപകനെ ഒരു സംഘം ആളുകള് ചേര്‍ന്ന് ആക്രമിച്ചത്. ആക്രമികള്‍ അധ്യാപകന്റെ കൈവെട്ടിമാറ്റുകയായിരുന്നു.

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ബി.കോം രണ്ടാവര്‍ഷ ഇന്റേര്‍ണല്‍ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറാണ് വിവാദത്തിലായത്. സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളുമുണ്ടായതിനെത്തുടര്‍ന്ന് ജോസഫിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിന് കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ഈ കേസില്‍ നിന്നും ജോസഫിനെതിരെ കോടതി കുറ്റവിമുക്തനായിട്ടുണ്ട്.

കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.എഫ് സംഘടനകളുടെ നിരവധി പ്രവര്‍ത്തകരാണ് പ്രതികളായിട്ടുള്ളത്. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സാഹചര്യത്തിലാണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നത്. നാല് വര്‍ഷത്തിനു ശേഷമാണ് കേസില്‍ അന്തിമ വിധി വരുന്നത്.