ലഖ്‌നൗ: യു.പി യൂണിവേഴ്സിറ്റിയിൽ ആർ.എസ്.എസിനെയും തീവ്രവാദ സംഘടനയെയും ബന്ധിപ്പിച്ച് ചോദ്യമുണ്ടാക്കിയെന്ന് ആരോപിച്ച് അധ്യാപികക്ക് നേരെ നടപടി. മീററ്റിലെ ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന ചൗധരി ചരൺ സിങ് സർവകലാശാലയിലാണ് സംഭവം.
ഏപ്രിൽ രണ്ടിന് നടന്ന രണ്ടാം സെമസ്റ്റർ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തെ (ആർ.എസ്.എസ്) തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ഒരു ചോദ്യപേപ്പർ ഉണ്ടായിരുന്നതായി ആരോപണങ്ങളുയർന്നു. പിന്നാലെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. പിന്നാലെ ചോദ്യപേപ്പർ തയ്യാറാക്കിയ പ്രൊഫസറെ, ചൗധരി ചരൺ സിങ് സർവകലാശാല അധികൃതർ എല്ലാ പരീക്ഷാ, മൂല്യനിർണയ ജോലികളിൽ നിന്നും വിലക്കി.
ചോദ്യ പേപ്പറിൽ ജാതിയും മതവും രാഷ്ട്രീയ ഉയർച്ചക്കായി ഉപയോഗിക്കുന്ന സംഘടനകളെക്കുറിച്ച് ചോദ്യം ചോദിക്കുകയും അതിൽ ആർ.എസ്.എസിനെ ഉൾപ്പെടുത്തുകയും ചെയ്തുവെന്നാണ് വിമർശനം. ചോദ്യത്തിൽ നക്സലൈറ്റുകൾ, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്, ദാൽ ഖൽസ എന്നിവയ്‌ക്കൊപ്പം ആർ.എസ്.എസിന്റെ പേരും ഉൾപ്പെടുത്തിയിരുന്നുവെന്നാണ് പറയുന്നത്.
സംഭവം പ്രചരിച്ചതോടെ ആർ.എസ്.എസിന്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങൾ ചൗധരി ചരൺ സിങ് സർവകലാശാലയുടെ കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തുകയും രജിസ്ട്രാർക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു.
മീററ്റ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപികയായ സീമ പൻവാർ ആണ് ചോദ്യപേപ്പർ തയ്യാറാക്കിയതെന്ന് സർവകലാശാല കണ്ടെത്തി.
സീമ പൻവർ രേഖാമൂലം ക്ഷമാപണം നടത്തിയതായി സർവകലാശാല രജിസ്ട്രാർ ധീരേന്ദ്ര കുമാർ വർമ പറഞ്ഞു. ഭാവിയിൽ ഇനി സീമ പൻവർ ചോദ്യപേപ്പറുകൾ തയ്യാറാക്കുകയോ വിലയിരുത്തുകയോ ചെയ്യില്ലെന്നും വർമ പറഞ്ഞു.
ആർ.എസ്.എസിനെക്കുറിച്ചുള്ള ചോദ്യമുള്ള ചോദ്യപേപ്പർ സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സർവകലാശാല പറഞ്ഞു.
Content Highlight: Question linking RSS with terror groups in UP university exam paper sparks row