പാകിസ്ഥാന്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് നിലവിലെ പാക് നായകനായ ബാബര്‍ അസം. ഒന്നിന് പിന്നാലെ ഒന്നായി സെഞ്ച്വറികള്‍ നേടിയും പാകിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചാണ് താരം ടീമിന്റെ നെടുംതൂണാവുന്നത്.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലെയും ഐ.സി.സി റാങ്കില്‍ ആദ്യ മൂന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് ബാബര്‍ അസം.
നിലവില്‍ പാകിസ്ഥാനില്‍ ഒരു ഹീറോയിക് പരിവേഷമാണ് ബാബറിനുള്ളത്. കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ സ്വാധീനിക്കാന്‍ ബാബറിനായിട്ടുണ്ട്.
കുട്ടികളുടെ മനസില്‍ ബാബറിനുള്ള സ്ഥാനമെന്തെന്ന് മനസിലാക്കി തരുന്നതാണ് അവിടെയുള്ള ഒമ്പതാം ക്ലാസിലെ ഫിസിക്‌സ് ടെസ്റ്റ് പുസ്തകം. അദ്ദേഹത്തെ കുറിച്ചുള്ള ഒരു ചോദ്യം അവിടുത്തെ ഫിസിക്‌സ് ടെസ്റ്റ് ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഫെഡറല്‍ ബോര്‍ഡ്.
വെലോസിറ്റിയെ കുറിച്ചും കൈനറ്റിക് എനര്‍ജിയെ കുറിച്ചും പഠിപ്പിക്കുന്ന പാഠഭാഗത്തിലാണ് ബാബര്‍ അസമിന്റെ ഷോട്ടിനെ കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘ബാബര്‍ അസം 150 ജൂള്‍ കൈനറ്റിക് എനര്‍ജിയില്‍ ഒരു കവര്‍ ഡ്രൈവ് കളിച്ചു. പന്തിന്റെ ഭാരം 120 ഗ്രാം ആണെങ്കില്‍ പന്ത് ബൗണ്ടറി കടക്കുന്ന വേഗം എത്ര?’ എന്നുതുടങ്ങുന്നതാണ് ഒമ്പതാം ക്ലാസിലെ ഫിസ്‌ക്‌സ് ടെസ്റ്റില്‍ നിന്നുള്ള ചോദ്യം.
ബാബാര്‍ അസമിന്റെ കവര്‍ ഡ്രൈവ് ഫിസിക്‌സ് ടെസ്റ്റ് ബുക്കിലെത്തിയതോടെ താരം ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Babar Azam’s cover drive related question in 9th grade physics syllabus (federal board) (via Reddit) pic.twitter.com/I2Tc9HldsG
2021ല്‍ ഐ.സി.സി നടത്തിയ ഒരു സര്‍വേയില്‍ ഫാബുലസ് ഫോറിലെ വിരാട് കോഹ്‌ലിയെയും കെയ്ന്‍ വില്യംസണെയും അടക്കം മറികടന്ന് ഈ ജനറേഷനിലെ ഏറ്റവും മികച്ച കവര്‍ ഡ്രൈവ് ബാബറിന്റേതാണെന്നായിരുന്നു ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.
2,60,143 പേരായിരുന്നു സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 46 ശതമാനം ആളുകളും ബാബറിന്റേതാണ് മികച്ച കവര്‍ ഡ്രൈവ് എന്ന് അഭിപ്രായമുള്ളവരായിരുന്നു. 45.9 ശതമാനമാളുകള്‍ വിരാടിനെ പിന്തുണച്ചപ്പോള്‍ 7.1 ശതമാനം ആളുകള്‍ കെയ്ന്‍ വില്യംസണും 1.1 ശതമാനം ആളുകള്‍ ജോ റൂട്ടിനും വോട്ട് ചെയ്തു.
അതേസമയം, 2022 ഏഷ്യാ കപ്പില്‍ മോശം പ്രകടനമായിരുന്നു ബാബര്‍ പുറത്തെടുത്തത്. പ്രൈം ടൈമില്‍ നില്‍ക്കുമ്പോള്‍ തന്നെ തന്റെ ഫോമിന്റെ ഏഴയലത്ത് എത്താന്‍ പാടുപെടുന്ന ബാബറായിരുന്നു ഏഷ്യാ കപ്പിലെ കാഴ്ച.