മുംബൈ: ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയും മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ടീമിനെ തെല്ലൊന്നുമല്ല വലച്ചത്. ഈയ്യടുത്ത് ടീമിനെ പിടിച്ചുലച്ച ഇതിലും വലിയ വിവാദമുണ്ടായിട്ടില്ലെന്നു പറയാം. ഒടുവില്‍ കുംബ്ലെയുടെ രാജിയിലാണ് വിവാദം അവസാനിച്ചത്. പിന്നാലെ കോഹ്‌ലിയുടെ പ്രിയങ്കരനായ രവി ശാസ്ത്രി പരിശീലകനാവുകയും ചെയ്തു.
എന്നാല്‍ വിവാദത്തെ കുറിച്ച് പരസ്യമായി വിരാട് ഇതുവരേയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ വിരാട് കുപിതനാവുകയായിരുന്നു. വിവാദത്തെ കുറിച്ച് ഒന്നു്ം പറയാതെ ക്ഷുഭിതനായ വിരാട് ലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും മറ്റൊന്നിനും ഇപ്പോള്‍ പ്രധാന്യമില്ലെന്നും തുറന്നടിക്കുകയായിരുന്നു.
നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. വിരാടുമായുള്ള പ്രശ്‌നങ്ങളായിരുന്നു തന്റെ രാജിയ്ക്ക് പിന്നിലെന്ന് കുംബ്ലെ നേരത്തെ വ്യക്തമാക്കിയിരുന്നു. കുംബ്ലെയുടെ ഹെഡ്ഡ് മാസ്റ്റര്‍ സ്വഭാവമാണ് കോഹ്‌ലിയെ കലി പിടിപ്പിച്ചതെന്നും ഇതിനെതിരെ ടീമിലെ പല താരങ്ങളും രംഗത്തു വന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നായകനും പരിശീലകനും തമ്മില്‍ രമ്യതയിലെത്താനായി ഉപദേശക സമിതിയായ ഗാംഗുലിയുടേയും സച്ചിന്റേയും ലക്ഷ്മണിന്റേയും നേതൃത്വത്തില്‍ ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ എല്ലാം പരിചയപ്പെടുകയായിരുന്നു. ഒടുവില്‍ ടീമിന്റെ ഡയറക്ടറായിരുന്ന ശാസ്ത്രി പരിശീലകനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.