സന്നദ്ധ സംഘടനകളായ ദിശ, ക്വിയറിഥം എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. ഹരജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ 8 ആഴ്ചക്കുള്ളില്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യസര്‍വ്വകലാശാലയ്ക്കും ദല്‍ഹിയിലെ ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡിനും കോടതി നിര്‍ദ്ദേശം നല്‍കിതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
എം.ബി.ബി.എസ് പാഠപുസ്തകങ്ങളില്‍ ക്വിയര്‍ വ്യക്തികളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും കുറിച്ച് നിരാശാജനകമായ വിവരണങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും ദേശീയ മെഡിക്കല്‍ കമ്മീഷനും മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡും നിശ്ചയിച്ച പാഠ്യപദ്ധതിയില്‍ ഉണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
ഹര്‍ജിയെ ‘ഗൗരവമുള്ള പ്രശ്‌നം’ എന്ന് വിശേഷിപ്പിച്ച കേരള ഹൈക്കോടതി മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസുമാരായ ഷാജി പി. ചാലി, എസ്. മണികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തൃശ്ശൂരിലെ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുമായി ആലോചിച്ച ശേഷം നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും ‘ക്വിയര്‍ സമൂഹത്തിന്റെ ലൈംഗികത അല്ലെങ്കില്‍ ലിംഗ വ്യക്തിത്വം കുറ്റകൃത്യമായോ മാനസിക വിഭ്രാന്തിയായോ ആയിട്ടാണ് പാഠ്യപദ്ധതിയില്‍ കാണിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ക്വിയര്‍ ഫോബിയ വളര്‍ത്താനാണ് ഇത്തരം പാഠഭാഗങ്ങള്‍ സഹായിക്കുകയെന്നും ഹരജിക്കാര്‍ സൂചിപ്പിച്ചു. മെഡിക്കല്‍ പാഠപുസ്തകങ്ങളിലെ അപകീര്‍ത്തികരമായ ഇത്തരം പരാമര്‍ശങ്ങള്‍, മെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്ന ക്വിയര്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ബാധിക്കുകയും ഇരയാകുകയും ചെയ്യുന്നുവെന്നും ഹരജിക്കാര്‍ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങള്‍ ഈ വര്‍ഷം ജൂണില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍, ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയെ സമീപിച്ചതായും എന്നാല്‍ ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ഹരജിക്കാരായ ക്വിയര്‍റിഥവും ദിശയും കോടതിയെ അറിയിച്ചു.
നേരത്തെ എല്‍.ജി.ബി.ടി.ക്യു.ഐ.എ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പിക്കല്‍ റഫറന്‍സുകള്‍ ഒഴിവാക്കാനും എം.ബി.ബി.എസ് പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.