| Tuesday, 9th August 2022, 4:48 pm

അനുവാദമില്ലാതെ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ ചിത്രം ഉപയോഗിച്ചു; റമ്മി കളിക്കാന്‍ പോയിട്ട് അതെന്താണെന്ന് പോലും അറിയില്ലെന്ന് ആക്ടിവിസ്റ്റ് ഉനൈസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അനുവാദമില്ലാതെ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ തന്റെ ചിത്രം ഉപയോഗിക്കുന്നതായി ക്വിയര്‍ ആക്ടിവിസ്റ്റ് മുഹമ്മദ് ഉനൈസ്.
ജംഗളീ റമ്മി( junglee rummy) എന്ന ഗെയിമിങ്ങ് കമ്പനിയാണ് ഉനൈസിന്റ അനുമതിയില്ലാതെ പരസ്യത്തിനായി ഉപയോഗിച്ചത്.

കേരളത്തിലെ വ്യത്യസ്ത ജില്ലകളെ പ്രതിനിധീകരിച്ച് റമ്മി കളിച്ച് ആളുകള്‍ പൈസ നേടി എന്ന് അവകാശപ്പെട്ട് തയ്യാറാക്കിയ പരസ്യത്തിലാണ് ഉനൈസിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇങ്ങനെയൊരു പരസ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും താന്‍ റമ്മി കളിക്കുന്നയാളല്ലെന്നും മുഹമ്മദ് ഉനൈസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഫേസ്ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും സ്‌പോണ്‍സേഡായി വരുന്ന വീഡിയോ പരസ്യത്തിലാണ് ഉനൈസിന്റെ ചിത്രവും ഉപയോഗിച്ചിട്ടുള്ളത്.

‘ഇതെന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ച ചിത്രമാണ്. ഇങ്ങനെയുള്ള പരസ്യങ്ങളില്‍ ഫോട്ടോ കൊടുക്കാന്‍ എനിക്ക് താല്‍പര്യമില്ല. എന്നോട് അനുവാദം ചോദിച്ചാലും ഞാനിതിന് സമ്മതം കൊടുക്കില്ലായിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ്.

ഒണ്‍ലൈന്‍ റമ്മിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും അതുമായി ബന്ധപ്പെട്ട പരസ്യങ്ങളെ കുറിച്ചും പണം നഷ്ടപ്പെടുന്ന ചതികളെക്കുറിച്ചും ഞാന്‍ വായിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് നമ്മുടെ ചിത്രം വരുന്നതിനെ കുറിച്ചുള്ള അപകടത്തെക്കുറിച്ച് ആലോചിക്കാനേ വയ്യ.

റമ്മി കളിക്കാന്‍ പോയിട്ട് എന്താണെന്ന് പോലും എനിക്ക് അറിയില്ല. ആളുകളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ഒരു ഗെയിമിന്റെ പരസ്യത്തില്‍ നമ്മള്‍ പോലും അറിയാതെ നമ്മുടെ ചിത്രം ഉപയോഗിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഈ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബാക്കിയുള്ളവരുടെ ചിത്രങ്ങളും ഇങ്ങനെ വന്നതാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്,’ മുഹമ്മദ് ഉനൈസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്. ഓണ്‍ലൈന്‍ റമ്മി കളി നിരവധി പേരെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് പ്രചാരകരാവുന്ന നടീ നടന്മാര്‍ക്കെതിരെ പ്രതിഷേധമുയരുന്നത്.

ഓണ്‍ലൈന്‍ റമ്മി കളിയുടെ പ്രചാരകരാവുന്നതില്‍ നിന്ന് താരങ്ങള്‍ പിന്മാറണമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇവര്‍ക്കെതിരെ ബഹിഷ്‌കരണ ക്യാമ്പയിനുകളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.

ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സെലിബ്രിറ്റികളെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരും ഇടപെടണമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു. ഗായകരായ റിമി ടോമി, വിജയ് യേശുദാസ്, നടന്‍ ലാല്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു പ്രതികരണം. അതിനിടെ റമ്മി കളിച്ച് പണം നേടി എന്ന് അവകാശപ്പെട്ട് പരസ്യത്തില്‍ അഭിനയിച്ചവര്‍ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

കൊവിഡ് കാലത്താണ് ഓണ്‍ലൈന്‍ റമ്മികളി സംസ്ഥാനത്ത് സജീവമായത്. ലക്ഷക്കണക്കിനാളുകള്‍ ഭാഗമായ റമ്മി കളിയില്‍ ഓരോ ദിവസവും കോടികളാണ് മറിയുന്നത്. പണംവെച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി വീണ്ടും നിരോധിക്കാന്‍ സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് നടപടികളാരംഭിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS:  Queer activist Muhammad Unais claims his image is being used in an online rummy ad without permission

We use cookies to give you the best possible experience. Learn more