ലണ്ടന്‍: ഗസയിലെ ഇസ്രഈല്‍ വംശഹത്യക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കോടതിയില്‍ ഹാജരാക്കി ലണ്ടന്‍ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി. വിദ്യാര്‍ത്ഥികള്‍ക്ക് കൈവശാവകാശ ഉത്തരവ് കൈമാറിയതിന് ശേഷമാണ് യൂണിവേഴ്‌സിറ്റിയുടെ നടപടി.
വിദ്യാര്‍ത്ഥികളെ കോടതിയിലെത്തിച്ച യൂണിവേഴ്‌സിറ്റി അധികൃതര്‍ വെള്ളിയാഴ്ച്ച രാവിലെ ഹൈക്കോടതിയില്‍ കേസ് അവതരിപ്പിച്ചു.
ജെറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയും ഇസ്രഈലിലെ വിവിധ സര്‍വകലാശാലകളുമായുള്ള ഇടപാടുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മാസം പ്രതിഷേധ ക്യാബുകള്‍ ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിയമനടപടിയുമായി യൂണിവേഴ്‌സിറ്റി രംഗത്തെത്തിയത്.
കോടതിയില്‍ ഹാജരാക്കുമെന്ന തീരുമാനം എല്ലാ വിദ്യാര്‍ത്ഥികളെയും ഇമെയില്‍ മുഖേന അറിയിച്ചതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കോളിന്‍ ബെയ്‌ലി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് ക്യാമ്പ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ബെയ്‌ലിയുടെ വിശദീകരണം.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയ യൂണിവേഴ്‌സിറ്റി, കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ക്യാമ്പുകളിലെ ഏതാനും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ക്യാമ്പിനുള്ളില്‍ നിസ്‌കരിക്കുന്നതും യോഗാസനങ്ങള്‍ ചെയ്യുന്നതുമായ ചിത്രങ്ങളാണ് യൂണിവേഴ്‌സിറ്റി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കികൊണ്ട് ടവര്‍ ഹാംലെറ്റ്സിലെ പ്രദേശവാസികള്‍ രംഗത്തെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ മോശമാക്കാനും അധിക്ഷേപിക്കാനുമുള്ള നടപടികളാണ് യൂണിവേഴ്‌സിറ്റി സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പ്രതികരിച്ചു.
‘ട്യൂഷന്‍ ഫീസായി അടക്കുന്ന പണം ഫലസ്തീനികളുടെ രക്തത്തില്‍ കലരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനെ തടയുക എന്നത് ഞങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തമാണ്,’ എന്ന് പ്രതിഷേധ ക്യാമ്പിലെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.
വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിന് പകരം ക്യാമ്പ് നീക്കം ചെയ്യാനുള്ള മാര്‍ഗങ്ങളാണ് യൂണിവേഴ്‌സിറ്റി നടപ്പിലാക്കിയതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. വംശഹത്യയിലെ യൂണിവേഴ്‌സിറ്റിയുടെ പങ്കാളിത്തം അവസാനിപ്പിക്കുന്നതിനായി തങ്ങള്‍ അവരുമായി നിയമപോരാട്ടത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ വ്യക്തമാക്കി.
Content Highlight: Queen Mary University of London brought the students who protested against the Israeli genocide to court