എലിസബത്ത് രാജ്ഞി(96) അന്തരിച്ചു
World News
എലിസബത്ത് രാജ്ഞി(96) അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th September 2022, 11:36 pm

ലണ്ടന്‍: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി(96) അന്തരിച്ചു. സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലിലാണ് അന്ത്യം. മരണ സമയത്ത് കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും ബാല്‍മോറല്‍ കാസിലില്‍ ഒപ്പമുണ്ടായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു ഇവര്‍. ജുലായ് മുതല്‍ രാജ്ഞി ബല്‍ഡമോറലിലെ വേനല്‍ക്കാല വസതിയിലാണ് താമസം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പതിവ് തെറ്റിച്ച് ബല്‍ഡമോറലില്‍ വെച്ചാണ് പുതിയ പ്രധാനമന്ത്രി ലിസ് ട്രസിനെ രാജ്ഞി ഔദ്യോഗികമായി നിയമിച്ചത്.

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച രാജ്ഞിയാണ് എലിസബത്ത്. മുതിര്‍ന്ന രാഷ്ട്രീയ ഉപദേഷ്ടാക്കളുമായുള്ള ആസൂത്രിത കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറി ഒരു ദിവസത്തിന് ശേഷമായിരുന്നു നേരത്തെ രാജ്ഞിയുടെ ആരോഗ്യനില സംബന്ധിച്ച പ്രഖ്യാപനം വന്നിരുന്നത്.

ഫെബ്രുവരിയില്‍, കൊവിഡ് ബാധിച്ച് രാജ്ഞി ഗുരുതരാവസ്ഥയില്‍ ആയിരുന്നതായിരുന്നു. തുടര്‍ന്ന് 2021 ഒക്ടോബറില്‍ സെന്‍ട്രല്‍ ലണ്ടനിലെ ആശുപത്രിയില്‍ മുന്‍നിശ്ചയപ്രകാരമല്ലാതെ ഒരു രാത്രി രാജ്ഞിയ്ക്ക് കഴിയേണ്ടിവന്നിരുന്നു. 73 വയസ്സുള്ള ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ 2021 ഏപ്രിലില്‍ മരണമടഞ്ഞെിരുന്നു.

ബ്രിട്ടണ്‍ കൂടാതെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും രാജ്ഞി രാഷ്ട്രത്തലവയാണ്. 56 രാജ്യങ്ങള്‍ അടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗ്രൂപ്പിന്റെ നേതാവും എലിസബത്ത് രാജ്ഞിയാണ്. നിലവില്‍ ലോകത്ത് മനുഷ്യരാശിയുടെ നാലിലൊന്ന് ഭാഗം ഉള്‍ക്കൊള്ളുന്നതാണ് ഈ 56 രാജ്യങ്ങള്‍.

രാജ്ഞിയുടെ അധീനതയിലുള്ള രാജ്യങ്ങളിലെ, സ്റ്റാമ്പുകള്‍, ബാങ്ക് നോട്ടുകള്‍, നാണയങ്ങള്‍ എന്നിവയില്‍ ചിത്രം ആലേഖനം ചെയ്യുകയും ജനപ്രിയ സംസ്‌കാരത്തില്‍ അനശ്വരമാക്കുകയും ചെയ്ത നേതാവാണ് എലിസബത്ത് രാജ്ഞി.