ലണ്ടന്‍: ബ്രിട്ടീഷ് രാജ കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള പ്രിന്‍സ് ഹാരിയുടെയും ഭാര്യ മേഗന്റെയും തീരുമാനത്തെ പിന്തുണച്ച് എലിസബത്ത് രാജ്ഞി.
രാജകുടുംബം വിട്ട് സാമ്പത്തികമായ സ്വാതന്ത്ര്യം നേടാന്‍ തീരുമാനിച്ച ഇരുവരെയും താന്‍ പിന്തുണയ്ക്കുന്നെന്ന് എലിസബത്ത് രാജ്ഞി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
‘ഞാനും എന്റെ കുടുംബവും പുതിയൊരു ജീവിതം തുടങ്ങാനുള്ള ഇരുവരുടെയും തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. രാജകുടുംബ ചുമതലകളിലെ മുഴുവന്‍ സമയ അംഗങ്ങളായി ഇരുവരും ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെങ്കിലും കുറേ കൂടി സ്വതന്ത്രമായ ഒരു കുടുംബ ജീവിതം തുടങ്ങാനുള്ള അവരുടെ ആഗ്രഹത്തെ ഞങ്ങള്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു,’ എലിസബത്ത് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ സമയം ബ്രിട്ടനില്‍ നിന്ന് പോയാലും ഇരുവരും കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ ആയിരിക്കുമെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.
ഇതോടെ ബ്രിട്ടീഷ് രാജകുടുംബം വിട്ട് കാനഡയില്‍ താമസം മാറാനുദ്ദേശിച്ചിരിക്കുന്ന പ്രിന്‍സ് ഹാരിക്കും മേഗനും രാജകുംടുംബത്തിന്റെ പരമാധികാരിയായ എലിസബത്തില്‍ നിന്നും ഔദ്യോഗിക അനുവാദം ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി പുതിയ ജീവിതം തുടങ്ങാനാണ് ഇരുവരുടെയും പദ്ധതി.
പ്രസ്താവനയ്ക്ക് പിന്നാലെ മേഗന്‍ കാനഡയിലേക്ക് തിരിക്കുകയും ചെയ്തു. എലിസബത്തിനെ അറിയിക്കാതെയുള്ള ഇരുവരുടെയും പ്രസ്താവന നേരത്തെ വിവാദമായിരുന്നു.