ക്യുബിക്കില്‍ ബുര്‍ഖയ്ക്ക് നിരോധനം: 'എനിക്കു നിങ്ങളെയും നിങ്ങള്‍ക്ക് എന്നെയും കാണാന്‍ കഴിയണമെന്ന്' പ്രധാനമന്ത്രി
World
ക്യുബിക്കില്‍ ബുര്‍ഖയ്ക്ക് നിരോധനം: 'എനിക്കു നിങ്ങളെയും നിങ്ങള്‍ക്ക് എന്നെയും കാണാന്‍ കഴിയണമെന്ന്' പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2017, 8:41 am

കാനഡ: പൊതുസേവനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ ബുര്‍ഖ ധരിക്കാന്‍ പാടില്ലെന്ന നിയമം ക്യൂബക് പാസാക്കി. ക്യുബക് ദേശീയ അസംബ്ലയില്‍ 51ന് എതിരെ 65 വോട്ടുകള്‍ക്കാണ് നിയമം പാസായത്.

പബ്ലിക് ബസ് ഉള്‍പ്പെടെയുള്ള പൊതുസേവനങ്ങള്‍ ലഭിക്കണമെങ്കില്‍ സ്ത്രീകള്‍ മുഖംമറയ്ക്കാന്‍ പാടില്ലെന്നാണ് നിയമം പറയുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍ തുടങ്ങിയ തൊഴിലാളികള്‍ക്കെല്ലാം നിയമം ബാധകമാണ്.

ആശയവിനിമയം നടത്താനും തിരിച്ചറിയാനും സുരക്ഷ ഉറപ്പുവരുത്താനും മറയില്ലാത്ത മുഖമാണ് വേണ്ടതെന്ന് നിയമം പാസായതിനു പിന്നാലെ ക്യുബക് പ്രീമിയര്‍ ഫിലിപ് കൗല്ലാര്‍ഡ് പറഞ്ഞു.

“നമ്മള്‍ സ്വതന്ത്രമായ ജനാധിപത്യ രാജ്യത്താണ്. നിങ്ങള്‍ എന്നോടു സംസാരിക്കുന്നു. എനിക്കു നിങ്ങളുടെ മുഖം കാണാന്‍ കഴിയണം. നിങ്ങള്‍ക്ക് എന്റെയും.” അദ്ദേഹം പറഞ്ഞു.


Also Read: മോദി നടത്തിയ ചാര്‍ട്ടേര്‍ഡ് വിമാനയാത്രകള്‍ക്ക് ആരാണ് പണം നല്‍കിയത് ? ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്


പ്രവിശ്യാ പാര്‍ലമെന്റില്‍ ഭൂരിപക്ഷമായ ലിബറലുകള്‍ നിയമത്തിന് അനുകൂലമായി വോട്ടു ചെയ്തു. എന്നാല്‍ മറ്റെല്ലാ പാര്‍ട്ടികളും നിയമത്തിന് എതിരായിരുന്നു.

അതിനിടെ നിയമം പാസായത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കനേഡിയന്‍ കൗണ്‍സില്‍ ഓഫ് മുസ്‌ലിം വിമന്‍ ബോര്‍ഡ് അംഗം ഷഹീന്‍ അഷ്‌റഫ് പറഞ്ഞു. ക്യുബക്കിലെ മുസ് ലിം സ്ത്രീകള്‍ക്ക് അവര്‍ വേട്ടയാടപ്പെടുംപോലെയാണ് തോന്നുന്നത്. മുസ്‌ലിം സ്ത്രീകളുടെ വേഷം പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാനുള്ള സര്‍ക്കാറിന്റെ ഏറ്റവും ഒടുവിലത്തെ ശ്രമമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

“മുഖം മറയ്ക്കാനാണ് തീരുമാനമെങ്കില്‍ വീട്ടില്‍ തന്നെ ഇരുന്നാല്‍ മതിയെന്നും ബസിലോ മറ്റ് പൊതുഗതാഗത സൗകര്യങ്ങളോ നേടേണ്ടെന്നുമാണ് ഇത് സ്ത്രീകള്‍ക്കു നല്‍കുന്ന സന്ദേശം.” അവര്‍ പറഞ്ഞു.