ന്യൂദൽഹി: പണം വാങ്ങി ലൈംഗികാതിക്രമ കേസുകൾ ഒത്തുതീർപ്പാക്കുന്നത് നീതി വിൽക്കുന്നതിന് തുല്യമെന്ന് ദൽഹി ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിൽ പ്രതിയായ വ്യക്തിക്കെതിരെയുള്ള പ്രാഥമിക റിപ്പോർട്ട് പിൻവലിക്കാൻ വിസമ്മതിക്കവെയാണ് കോടതിയുടെ പരാമർശം. ലൈംഗികാതിക്രമ ആരോപണങ്ങൾ ഉൾപ്പെടുന്ന ക്രിമിനൽ കേസുകൾ പണമിടപാടിന്റെ പേരിൽ പിൻവലിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതി പരാതിക്കാരിയെ നാല് തവണ മർദിച്ചതായി എഫ്.ഐ.ആറിൽ പറയുന്നുണ്ട്. സാമൂഹ്യ മാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെട്ട പ്രതി പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. താൻ വിവാഹ മോചിതനാണെന്ന് പ്രതി യുവതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതി വിവാഹിതനാണെന്നും വാഗ്ദാനങ്ങൾ വ്യാജമാണെന്നും മനസിലാക്കിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
പക്ഷേ പിന്നീട് ഇരുവരും ഒത്തുതീർപ്പുണ്ടാക്കുകയും 12 ലക്ഷം രൂപ നൽകിയാൽ കേസ് പിൻവലിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പ്രതിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഒന്നരലക്ഷം രൂപ അന്തിമമായി തീരുമാനിക്കുകയും ചെയ്തു.
Also Read: ഹത്രാസ് അപകടത്തില്‍ മരണം 130 ആയി; മതചടങ്ങ് നടത്തിയ ഭോലെ ബാബ ഒളിവില്‍
എന്നാൽ ഇതുപോലെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ എഫ്.ഐ.ആർ പിൻവലിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ ആത്മാഭിമാനം, ജീവിതം തുടങ്ങിയ പ്രശ്നങ്ങളാണ് എഫ്.ഐ.ആർ ഉയർത്തിക്കാണിക്കുന്നതെന്നും പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന്റെയും മറ്റ് ആരോപണങ്ങളുടെയും തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് സ്വർണ കാന്ത ശർമ പറഞ്ഞു.
ഇത്തരം കേസുകൾ സമൂഹത്തിന് ഒരു പാഠമാകട്ടെയെന്ന് പറഞ്ഞ കോടതി എഫ്.ഐ.ആർ പിൻവലിക്കണമെന്ന പ്രതിയുടെ ആവശ്യത്തെ തള്ളി. അതോടൊപ്പം ഇത്തരം കേസുകളിൽ ഇരുകക്ഷികളും ഒത്തുതീർപ്പാക്കിയാലും എഫ്.ഐ.ആർ പിൻവലിക്കാൻ പ്രതിക്കോ പരാതിക്കാരിക്കോ ആവശ്യപ്പെടാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതോടൊപ്പം പ്രതി കുറ്റം ചെയ്തിട്ടുണ്ടോ അതോ പരാതിക്കാരി തെറ്റായ രീതിയിൽ പരാതി നൽകിയതാണോ എന്നറിയാൻ കേസിൽ വിചാരണ ആവശ്യമാണെന്നും കോടതി പറഞ്ഞു.
Content Highlight: Quashing rape FIRs after monetary settlement would mean justice is for sale, says Delhi High Court