കരിങ്കല്‍ ക്വാറിയ്ക്കായി സ്വന്തം കിടപ്പാടം നല്‍കി, പകരം കിട്ടിയത് സര്‍ക്കാര്‍ വനഭൂമി; പെരുവഴിയിലായി ഒരു ആദിവാസി കുടുംബം
Tribal Issues
കരിങ്കല്‍ ക്വാറിയ്ക്കായി സ്വന്തം കിടപ്പാടം നല്‍കി, പകരം കിട്ടിയത് സര്‍ക്കാര്‍ വനഭൂമി; പെരുവഴിയിലായി ഒരു ആദിവാസി കുടുംബം
ഗോപിക
Thursday, 29th October 2020, 7:31 pm

നല്ല കാര്‍ഷികാദായമുള്ള ഭൂമിയുടെ ഉടമകളായിരുന്നു കോഴിക്കോട് ജില്ലയിലെ പൈക്കാടന്‍മലയിലെ ചേലക്കര കോരനും കുടുംബവും. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ എന്ന സ്ഥലത്തായിരുന്നു 85 കാരനായ കോരനും കുടുംബവും താമസിച്ചുപോന്നിരുന്നത്. മുതുവാന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കോരന്റെയും കുടുംബത്തിന്റെയും പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയായിരുന്നു. രണ്ട് ഏക്കര്‍ പതിനാറ് സെന്റ് ഭൂമിയില്‍ തെങ്ങും റബ്ബറും കവുങ്ങും ഉള്‍പ്പെടെയുള്ള വിളകളുണ്ടായിരുന്നു. കൃഷിയില്‍നിന്ന് ലഭിച്ചിരുന്ന ആദായം കൊണ്ടാണ് ഈ കുടുംബം ജീവിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കോരനും കുടുംബവും താമസിക്കുന്നത് യാതൊരു സുരക്ഷയുമില്ലാത്ത, മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഷീറ്റ് പാകിയ ഒരു കൊച്ചു കൂരയിലാണ്. കൃഷി ചെയ്ത് ഉപജീവനം നടത്തിയ കോരന് ഒരു ചെടി വെയ്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണിപ്പോള്‍. കൃഷി ഉപജീവനമാക്കിയ ഈ ആദിവാസി കര്‍ഷക കുടുംബത്തിന് പ്രദേശത്തെ ക്വാറി മാഫിയയുടെ ചതിയിലൂടെ വീടും സ്ഥലവും നഷ്ടപ്പെടുകയാണുണ്ടായത്.

കോരനും കുടുംബത്തിനും സംഭവിച്ചത്

കോരന് ആകെയുണ്ടായിരുന്നത് രണ്ട് ഏക്കര്‍ പതിനാറ് സെന്റ് ഭൂമിയാണ്. വീടിനുസമീപത്തെ കരിങ്കല്‍ ക്വാറി വിപുലീകരണത്തിനായി 2013-ലാണ് കോരന്റെ കുടുംബം തങ്ങളുടെ ഭൂമി കൈമാറിയത്. ഇതിനു പകരമായി ക്വാറി ഉടമ പാലയ്ക്കല്‍ അബുബക്കര്‍ മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വനാതിര്‍ത്തിയില്‍ രണ്ടര ഏക്കര്‍ ഭൂമി കോരന് നല്‍കി.

വഴി സൗകര്യമില്ല, ഒരു റോഡ് പോലുമില്ല ഈ ഭൂമിയിലേക്കെത്താന്‍. എന്നാല്‍ അതൊക്കെ പരിഹരിക്കാമെന്നായിരുന്നു ക്വാറി ഉടമ ഇവരോട് പറഞ്ഞത്. എന്നാല്‍ അതൊന്നും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ ഈ ഭൂമിയില്‍ വനംവകുപ്പ് അധികൃതര്‍ ജണ്ട കെട്ടിയിരിക്കുകയാണ്. കോരന് നല്‍കിയ രണ്ടര ഏക്കര്‍ ഭൂമിയില്‍ ഒന്നര ഏക്കറിലേറെ വനഭൂമിയാണെന്ന് വനം വകുപ്പ് പറയുന്നു. കിടപ്പാടം വരെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ കോരനും കുടുംബവും. ക്വാറി ഉടമ നല്‍കിയ ഭൂമിയിലേക്ക് കയറാന്‍ പോലും ഈ കുടുംബത്തിനാകുന്നില്ല. കൃഷിയോഗ്യമല്ലാത്തതും വനഭൂമിയുമായ സ്ഥലം വാക്കാല്‍ രേഖകളൊന്നും കൃത്യമായി കൊടുക്കാതെ കുടുംബത്തെ കബളിപ്പിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വീട് എന്നു പറയാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു കെട്ടിടത്തിലാണ് കോരനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. പൈക്കാടന്‍മലയിലെ സ്ഥലത്ത് കോരനും കുടുംബത്തിനുമായി രണ്ട് വീടുണ്ടായിരുന്നു. ഒന്നില്‍ കോരനും മറ്റേതില്‍ മകനും കുടുംബവുമാണ് താമസിച്ചിരുന്നത്.

ക്വാറി ഉടമ നല്‍കിയ ഊര്‍ങ്ങാട്ടേരി ചുണ്ടത്തുംപൊയിലിലുള്ള ഒരു വീട്ടിലാണ് കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. വീടിന് നമ്പര്‍ ഇല്ല, വീട് ആരുടെ പേരിലാണെന്ന് അറിയില്ല, മറ്റ് രേഖകളൊന്നും തന്നെ കുടുംബത്തിന്റെ കൈവശമില്ല. കൃത്യമായ മേല്‍വിലാസം ഇല്ലാത്തതിനാല്‍ വാര്‍ധക്യകാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കോരനും കുടുംബത്തിനും ലഭിക്കുന്നില്ല.

‘ഞങ്ങളുടെ വീടും പറമ്പും ഇപ്പോള്‍ ക്വാറി ഉടമസ്ഥന്റെ ഭാര്യയുടെ പേരിലാണ്. പഞ്ചായത്തില്‍ പോയി അന്വേഷിച്ചപ്പോഴാണ് ഇതറിഞ്ഞത്. ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് ഈ പ്രശ്‌നങ്ങളൊക്കെ തുടങ്ങിയത്. ക്വാറി ഉടമ അച്ഛന് പണം നല്‍കിയോ മറ്റോ ആണ് സ്ഥലം കൈക്കലാക്കിയതെന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്കടക്കം പരാതിയൊക്കെ നല്‍കിയിരുന്നു. അതിലൊന്നും കാര്യമായ നടപടികളൊന്നും തന്നെയുണ്ടായില്ല. അച്ഛന് ഇപ്പോള്‍ പെന്‍ഷന്‍ വരെ കിട്ടുന്നില്ല. കുറച്ച് മാസം മുന്നേ കിട്ടിയിരുന്നു. ഇവിടുത്തെ പഞ്ചായത്ത് രേഖകളില്‍ ഞങ്ങളുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടില്ല. അതുകൊണ്ടാണ് പെന്‍ഷന്‍ കിട്ടാത്തതെന്നാണ് പറയുന്നത്- കോരന്റെ മകള്‍ സുനിമോള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ക്വാറി ഉടമയാണ് ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന വീട് ഏര്‍പ്പാടാക്കി തന്നത്. വീടിന്റെ അവസ്ഥ വളരെ ശോചനീയമാണ്. വാതിലൊക്കെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഷീറ്റ് പാകിയ വീടാണ്. പലയിടത്തും വിള്ളലുകളുമുണ്ട്. മഴപെയ്താല്‍ വീടിനകം മുഴുവന്‍ ചോര്‍ന്നൊലിക്കുകയാണ്. ഇതൊന്ന് ശരിയാക്കി തരണമെന്ന് അമ്മ ക്വാറി ഉടമയോട് പറഞ്ഞിരുന്നു. എന്നാല്‍ അയാളുടെ ഭാഗത്ത് നിന്ന് ഇതേവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഇപ്പോള്‍ ഞങ്ങള്‍ അച്ഛനും അമ്മയും മൂന്ന് മക്കളും പിന്നെ അച്ഛന്റെ അച്ഛനും ആണ് താമസം. ഒരു മലയുടെ മുകളിലാണ് പകരം ഞങ്ങള്‍ക്ക് നല്കിയ ഭൂമി. അവിടേക്ക് പോകാന്‍ റോഡ് വെട്ടിത്തരാം, റബ്ബര്‍ വെച്ചുപിടിപ്പിച്ചുതരാം എന്നൊക്കെ പറഞ്ഞിരുന്നു. അതൊന്നും ചെയ്തിട്ടില്ല. അതിപ്പോള്‍ വനഭൂമിയാണെന്നാണ് അധികൃതര്‍ പറയുന്നത്- സുനിമോള്‍ പറഞ്ഞു.

‘ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന സ്ഥലം ഇവരുടെ തലയില്‍ വെച്ച് കെട്ടിയതാ. പെന്‍ഷന്‍ കിട്ടുന്നില്ല. ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. പട്ടിക വര്‍ഗ്ഗ വിഭാഗമായ മുതുവന്‍ ആദിവാസി ഗോത്രത്തില്‍പ്പെട്ട കുടുംബമാണ് കോരന്റേത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ടിട്ടുള്ളതാണ്. അത് മറികടന്നാണ് ഇവരുടെ ഭൂമി ക്വാറി ഉടമ കൈക്കലാക്കിയിരിക്കുന്നത്’- പ്രദേശവാസിയായ ബാലകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പഞ്ചായത്ത് മുതല്‍ മുഖ്യമന്ത്രിയ്ക്ക് വരെ പരാതി നല്‍കി, ഇതുവരെ നടപടിയൊന്നുമില്ല

സ്വന്തമായുണ്ടായിരുന്ന ഭൂമി നഷ്ടപ്പെട്ടതോടെ പരാതിയുമായി കോരനും കുടുംബാംഗങ്ങളും അധികൃതരുടെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഇതുവരെ വിഷയത്തില്‍ ഒരു നടപടി ഉണ്ടായിട്ടില്ലെന്ന് കുടുംബം പറഞ്ഞു. സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷന് ഭൂമി നഷ്ടമായത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

2017-ല്‍ ഹിയറിങ് നടന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ട്രൈബല്‍ ഓഫീസറോട് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ആദിവാസി കുടുംബത്തിന് പകരമായി നല്‍കിയ ഭൂമി കൃഷിയോഗ്യമല്ലെന്ന് ട്രൈബല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നിട്ടും തങ്ങള്‍ക്കനുകൂലമായി നടപടിയുണ്ടായിട്ടില്ലെന്നാണ് കോരന്റെ കുടുംബം പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 


Content Highlights: Quary Mafia Acquired Tribal Land

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.