| Wednesday, 7th December 2022, 4:19 am

ക്വാര്‍ട്ടറിലെത്തിയ ഏഴ് ടീമുകളും റാങ്കിങില്‍ ആദ്യ 12ല്‍ ഉള്ളവര്‍; വ്യത്യസ്തരായി മൊറോക്കോ; ലൈനപ്പ് ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

അവസാന പ്രീക്വാര്‍ട്ടര്‍ മത്സരവും കഴിഞ്ഞതോടെ ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ക്വാര്‍ട്ടറില്‍ പ്രവേശിച്ച എട്ട് ടീമുകളില്‍ ഏഴ് ടീമുകളും ഫിഫ റാങ്കിങില്‍ ആദ്യ 12ല്‍ ഉള്‍പ്പെടുന്നവരാണ്.

പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയ്‌നിനെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ച മൊറോക്കോ ലോക റാങ്കിങ്ങില്‍ 22ാം രണ്ടാം സ്ഥാനത്താണ്. ഈ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പ്രവേശനം നേടുന്ന ഒരേയൊരു ആഫ്രിക്കന്‍ രാജ്യവും മൊറോക്കോയാണ്.

ഒമ്പതാം തിയ്യതി ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ക്വാര്‍ട്ടറിലെ ആദ്യ മത്സരം. പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ 4-1 തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മറുവശത്ത് പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ജപ്പാനെ മറികടന്നാണ് ക്രോട്ടുകളുടെ ക്വാര്‍ട്ടര്‍ പ്രവേശനം.

10ന് പുലര്‍ച്ചെ അര്‍ജന്റീനയും ഹോളണ്ടും തമ്മില്‍ ഏറ്റുമുട്ടും. ഈ രണ്ട് മത്സരങ്ങളിലെ വിജയികളാകും സെമിയില്‍ ഏറ്റുമുട്ടുക. ഓസ്‌ട്രേലിയ ആയിരുന്നു പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. അമേരിക്ക കടന്നാണ് ഹോളണ്ട് ക്വാര്‍ട്ടറിലെത്തിയത്.

മറ്റ് രണ്ട് മത്സരങ്ങളില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടിനേയും മൊറോക്കോ പോര്‍ചുഗലിനേയും ക്വാര്‍ട്ടറില്‍ നേരിടും. ഈ മത്സരത്തിലെ വിജയികള്‍ തമ്മില്‍ രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടും. ഡിസംബര്‍ 14നും 15നുമാണ് സെമി. 18നാണ് ഫൈനല്‍.


Content Highlight: quarter-final line-up of the World Cup Qatar

We use cookies to give you the best possible experience. Learn more