സംസ്ഥാനത്ത് പാറഖനനം നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്

കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാറഖനനം പൂര്‍ണ്ണമായും നിരോധിച്ചു. അനിശ്ചിതകാലത്തേക്കാണ് നിരോധനം. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികളുടെ പ്രവര്‍ത്തനവും ഇതോടെ നിലയ്ക്കും

02 ഹെക്ടര്‍ മുതല്‍ 64.04 ഹെക്ടര്‍ വരെയുള്ള ചെറുതും വലുതുമായ 5924 ക്വാറികളാണ് കേരളത്തിലുള്ളത്. പശ്ചിമഘട്ടത്തിന്റെ ഏതാണ്ട് 7157.6 ഹെക്ടര്‍ പ്രദേശം ക്വാറികള്‍ കയ്യടക്കിക്കഴിഞ്ഞു. മധ്യ കേരളത്തിലാണ് ക്വാറികള്‍ എണ്ണത്തില്‍ കൂടുതല്‍. 3610.4 ഹെക്ടറിലായി 2438 ക്വാറികളാണ് മധ്യകേരളത്തില്‍ മാത്രം ഉള്ളത്.

വടക്കന്‍ കേരളത്തില്‍ 1969 ക്വാറികളും തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അവിടെ മാത്രം 867 ക്വാറികള്‍ ഉണ്ട്. രണ്ടാമത് എറണാകുളമാണ്. എറണാകുളം ജില്ലയില്‍ 1261.13 ഹെക്ടര്‍ പ്രദേശത്ത് 774 ക്വാറികളാണുള്ളത്. പത്ത് ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന 73 കരിങ്കല്‍ ക്വാറികളാണ് സംസ്ഥാനത്തുള്ളത്.

കുറച്ചുകൂടി വിശദമായ കണക്കുകളെടുത്താല്‍ ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിലെ ക്വാറികളുടെ എണ്ണം ഇങ്ങനെയാണ്-

കാസര്‍ഗോഡ്-315,
കണ്ണൂര്‍-327,
കോഴിക്കോട്-509,
വയനാട്- 161,
മലപ്പുറം- 657,
പാലക്കാട്-867,
തൃശൂര്‍- 469,
എറണാകുളം- 774,
ഇടുക്കി-328,
കോട്ടയം- 499,
പത്തനംതിട്ട-352,
കൊല്ലം- 305,
തിരുവനന്തപുരം- 361.

ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൂരപരിധി കുറച്ചും, വ്യാപകമായി ലൈസന്‍സുകള്‍ നല്‍കിയും ഭരണകൂടം തന്നെ പരിസ്ഥിതി നാശത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന വിമര്‍ശനത്തിനിടെയാണ് ഈ നടപടി.

മലയോരമേഖലയിലെ പാറഖനനം ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാറിന്റെ ഈ തീരുമാനം