| Saturday, 10th April 2021, 2:57 pm

പ്രവാസികളെ ഹോം ക്വാറന്റീലാക്കിയത് കൊവിഡ് വര്‍ധിക്കാന്‍ കാരണം; പുറത്ത് വന്നത് സര്‍ക്കാര്‍ നിലപാടോ? പ്രചാരണങ്ങളുടെ സത്യാവസ്ഥയെന്ത് ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകമെമ്പാടും കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുകയാണ്. അതിനിടെ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ഐ.എം.എ വാക്സിനേഷന്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേരളത്തില്‍ കൊവിഡ് നിയന്ത്രിക്കുന്നതില്‍ വീഴ്ച വരാനുള്ള പ്രധാന കാരണം പ്രവാസികളെ വീട്ടിലേക്ക് ക്വാറന്റീനില്‍ വിട്ടതാണെന്ന രീതിയില്‍ സര്‍ക്കാരിനെതിരെ പ്രചാരണം ശക്തമാകുകയാണ്.

തെരഞ്ഞെടുപ്പും പ്രചാരണ റാലികളും സംഘടിപ്പിച്ചതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ഇതിനു പിന്നാലെ സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണെന്നുള്ള രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം വ്യാപകമാകുന്നത്. എന്നാല്‍ എന്താണ് ഇതിന്റെ സത്യാവസ്ഥ? പ്രവാസികളുടെ ക്വാറന്റീന്‍ സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായോ?

പ്രവാസികളുടെ ക്വാറന്റീന്‍ കേരളത്തില്‍ രോഗവ്യാപനം വര്‍ധിപ്പിച്ചുവെന്നത് സര്‍ക്കാര്‍ പ്രചരണമോ? സത്യാവസ്ഥയെന്ത്?

തെരഞ്ഞെടുപ്പ് പ്രചരണവും തുടര്‍ന്നുണ്ടായ കൊവിഡ് കണക്കുകളുടെ വര്‍ധനവും ചൂണ്ടിക്കാട്ടി കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അനാസ്ഥയെന്ന നിലയില്‍ ചില പ്രചരണങ്ങള്‍ നടക്കുകയാണ്. പ്രവാസികളുടെ ഹോം ക്വാറന്റീനാണ് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടുവെന്നാണ് പ്രചരണം.

എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയല്ല. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് പി.ടി സക്കറിയ നടത്തിയ പരാമര്‍ശമാണ് സര്‍ക്കാരിനെതിരെ പ്രചരിക്കപ്പെടുന്നത്.

കേരളത്തില്‍ എല്ലാ വീടുകളിലും വൈറസ് എത്തി. സാമൂഹിക വ്യാപനം ഉണ്ടായിക്കഴിഞ്ഞുവെന്നും ശ്രദ്ധക്കുറവ് വന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ട്വന്റി ഫോറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിമാനത്താവളങ്ങളില്‍ നിന്ന് വീടുകളിലേക്ക് ക്വാറന്റീന് വിട്ടത് രോഗവ്യാപനത്തിന് കാരണമായി. രണ്ടാം വ്യാപനമെന്ന് പേരെടുത്ത് പറയാനാവില്ലെങ്കിലും ഇവിടെ കൊവിഡ് വ്യാപനം ഉണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി. ജാഗ്രതാ നടപടികള്‍ നടപ്പായില്ല. കൂട്ടം കൂടുന്നത് ഒഴിവാക്കാനായില്ല. കൊട്ടിക്കലാശമില്ലെന്ന് പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് തലേ ദിവസം സമാനമായ ആള്‍ക്കൂട്ടമുണ്ടായി. ഇതൊക്കെ രോഗവ്യാപനത്തിലേക്ക് നയിച്ചില്ലെങ്കില്‍ ഭാഗ്യമെന്ന് പറയാം. കേരളത്തില്‍ രണ്ടാം വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്’, സക്കറിയ പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആദ്യഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവന എന്ന രീതിയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സ്‌ക്രീന്‍ ഷോട്ടുകളില്‍ തെരഞ്ഞെടുപ്പ് പ്രചരണവും തുടര്‍ന്നുണ്ടായ റാലികളുമാണ് രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ കാരണമായതെന്നും പ്രചരണങ്ങളുണ്ട്.

എന്നാല്‍ ലോകവ്യാപകമായി കൊവിഡ് രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ നിരവധി രാജ്യങ്ങളില്‍ കര്‍സന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മെക്‌സിക്കോ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി രൂക്ഷമാകുകയും ലോക്ഡൗണ്‍ വരെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇനി ഇന്ത്യയിലെ കാര്യത്തിലേക്ക് വരാം. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവ് ആദ്യമായി രേഖപ്പെടുത്തിയത് ഏപ്രില്‍ ഏഴിനായിരുന്നു. 1,15,736 പേര്‍ക്കാണ് അന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിനു മുമ്പ് ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ കൊവിഡ് കണക്കുകളും കുത്തനെ ഉയര്‍ന്നത് ഏറെ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട് ഉള്‍പ്പടെയുള്ള ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും രോഗവ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കൂടിയാലോചനകള്‍ നടത്തിവരികയുമാണ്.

ഗള്‍ഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തില്‍ അധികൃതര്‍ കടുത്ത നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശവുമാണ് നല്‍കിയിരിക്കുന്നത്. ഒമാനിലും സൗദിയിലുമാണ് രോഗികളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്. മെയ് 31 വരെയുള്ള കാലയളവ് കൂടുതല്‍ നിര്‍ണായകമാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്..

ഖത്തര്‍ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തര്‍ ആരോഗ്യ ഉദ്യോഗസ്ഥരാണ് പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടത്. സൗദി അറേബ്യയില്‍ കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് കനത്തജാഗ്രത പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മാളുകളില്‍ തിരക്ക് നിയന്ത്രിക്കാനായി സൗദി ക്യൂ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇനി കേരളത്തിന്റെ കാര്യത്തിലേക്ക് കടക്കാം. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനുകളും കൃത്യമായി വിതരണം ചെയ്തു തന്നെയാണ് സംസ്ഥാനം തെരഞ്ഞെടുപ്പിനെ വരവേറ്റത്. ആദ്യഘട്ടത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയും രണ്ടാം ഘട്ടത്തില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കിയും രോഗപ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് സാഹചര്യം മുന്നില്‍ കണ്ട് മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വാക്‌സിന്‍ ഉറപ്പാക്കുകയും ചെയ്തു.

ഐ.എം.എ ദേശീയ നേതൃത്വത്തിന്റെ പ്രസ്താവന

കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും വാക്സിനേഷന്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചുമാണ് ഐ.എം.എ രംഗത്തെത്തിയത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ജയലാല്‍ പ്രതികരിച്ചിരുന്നു.

‘ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 1.6 ആണ്. കേരളത്തിന്റെ 0.4നേക്കാള്‍ കുറവാണ്. അതൊരു വലിയ നേട്ടമാണ്. മെഡിക്കലി കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ ഒരു കുറവും വരുത്തിയതായി ഐ.എം.എ കരുതുന്നില്ല. ജനങ്ങളും നല്ല രീതിയില്‍ സഹകരിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ പോലും മരണനിരക്ക് ഇത്രയും കുറയ്ക്കാനായിട്ടില്ല. കേരളത്തിന്റെ മുഴുവന്‍ ആരോഗ്യസംവിധാനത്തെയുമാണ് ഇതില്‍ അഭിനന്ദിക്കേണ്ടത്,’ എന്നായിരുന്നു ഡോ.ജയലാല്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fake News Sharing As NRI People Reason For Covid Rise

We use cookies to give you the best possible experience. Learn more