റിയാദ്: ഖാതിഫിലുള്ള ശിയാ പള്ളിയില്‍ ചാവേറാക്രമണം നടത്തിയത് സാലിഹ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ സാലിഹ് അല്‍ ഖഷാമി എന്ന സൗദി പൗരനാണെന്ന് സ്ഥിരീകരിച്ചു. സൗദി അഭ്യന്തര മന്ത്രാലയം വക്താവ് ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കിയാണ് ഇക്കാര്യം അറിയിച്ചത്. ഇസിസുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ സൗദി പോലീസ് ഇയാളെ തിരയുകയായിരുന്നു.
ആര്‍.ഡി.എക്‌സ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. 22ാം തിയ്യതി ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ് ശിയാ പള്ളിയില്‍ പള്ളിക്കകത്ത് സ്‌ഫോടനം നടന്നിരുന്നത്. രാജ്യത്ത് ശിയ വിശ്വാസികള്‍ തിങ്ങി താമസിക്കുന്ന മേഖലകളില്‍ ഒന്നാണ് ഖാതിഫ്.
അതേ സമയം തീവ്രവാദികളുടെ കിരാത നടപടിയെ സൗദി ശൂറാ കൗണ്‍സില്‍ അപലപിച്ചു. ആക്രമണം ഇസ്‌ലാമിക തത്വങ്ങള്‍ക്കെതിരും മനുഷ്യത്വ വിരുദ്ധവുമാണെന്നുമാണ് ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹീം പ്രതികരിച്ചത്.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും സൗദി ജനത ഒറ്റക്കെട്ടായി നിന്ന് തോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ശിയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ഞെട്ടിക്കുന്ന ആക്രമണത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സൗദിയിലെങ്ങും ഉയരുന്നത്.അതിനിടെ ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫാലിഹിന്റെ നേതൃത്വത്തില്‍ ഉന്നതാധികാരികള്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.