മറ്റരാസിയെ ഇടിക്കുന്ന സിദാന്റെ പ്രതിമ നീക്കം ചെയ്തു
DSport
മറ്റരാസിയെ ഇടിക്കുന്ന സിദാന്റെ പ്രതിമ നീക്കം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2013, 7:00 am

[] ദോഹ: 2006 ലെ ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രഞ്ച് താരം സിനദിന്‍ സിദാന്‍ ഇറ്റാലിയന്‍ താരം മാര്‍കോ മറ്റരാസിയെ തല കൊണ്ട് ഇടിക്കുന്ന പ്രതിമ ഖത്തര്‍ നീക്കം ചെയ്തു.

പ്രതിമകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന കാരണത്താലാണ് പ്രതിമ നീക്കം ചെയ്തത്.

ദോഹയിലെ കോര്‍ണിഷില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ഇസ്ലാമിക പണ്ഡിതരുടെ നിര്‍ദ്ദേശപ്രകാരം നീക്കം ചെയ്തത്.

അള്‍ജീരിയയില്‍ നിന്ന് കുടിയേറിയ ഫ്രഞ്ച് പൗരന്‍ ആദില്‍ അബ്ദുസമദ് ആണ് സിദാന്‍ മറ്റരാസിയെ തല കൊണ്ടിടിക്കുന്ന രംഗം രൂപകല്‍പ്പന ചെയ്തത്.

പാരീസിലെ പോംപിഡൗ സെന്ററില്‍ പ്രദര്‍ശനത്തിന് വച്ചിരുന്ന ശില്‍പ്പം ഖത്തര്‍ മ്യൂസിയം വാങ്ങുകയായിരുന്നു.

ദോഹയിലെ കോര്‍ണിഷില്‍ സ്ഥിരമായി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പ്രതിമ ഖത്തര്‍ മ്യൂസിയം വാങ്ങിയത്.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് പ്രതിമ സ്ഥാപിച്ചെങ്കിലും പിന്നീട് പ്രസ്തുത നടപടി ഇസ്ലാമിക മൂല്യങ്ങള്‍ക്ക് എതിരാവുമെന്ന് കണ്ട് അധികൃതര്‍ തന്നെ പ്രതിമ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

മാറ്റിയ പ്രതിമ ശില്‍പ്പിക്ക് തന്നെ കൈമാറുമെന്നാണ് സൂചന.