അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി പി.എസ്.ജിയില്‍ നിന്ന് ബാഴ്‌സലോണയിലേക്കല്ല തിരിച്ചു പോകുന്നതെന്നും ഏതെങ്കിലും അറേബ്യന്‍ ക്ലബ്ബുമായി സൈന്‍ ചെയ്യുമെന്നും ഡാകര്‍ റാലി റെയ്‌സിങ് താരമായ നാസര്‍ അല്‍ അത്തിയ പറഞ്ഞു.
ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ് സാമ്പത്തികമായി ഉന്നതിയിലാണെന്നും അവര്‍ക്ക് ഭാവി കാര്യങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലും സൗദി അറേബ്യയില്‍ നിന്ന് ഏതെങ്കിലും ഒരു ക്ലബ്ബ് ഉടന്‍ തന്നെ മെസിയെ സൈന്‍ ചെയ്യിക്കുമെന്നും അല്‍ അത്തിയ പറഞ്ഞു.
‘പി.എസ്.ജിയില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് ഒരു തിരിച്ചുപോക്ക് മെസിക്ക് എളുപ്പമായിരിക്കില്ല. പി.എസ്.ജി മികച്ച ക്ലബ്ബാണ് അവര്‍ക്ക് കൃത്യമായ പദ്ധതികളും ഉണ്ട്.
എന്നാലും എനിക്ക് തോന്നുന്നത് ഏതെങ്കിലും ഒരു അറേബ്യന്‍ ക്ലബ്ബ് മെസിയെ ഉടന്‍ ക്ലബ്ബിലെത്തിക്കുമെന്നാണ്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് പോകാനാണ് സാധ്യത.
ബാഴ്‌സലോണയിലേക്ക് എന്തായാലും പോകില്ല. റൊണാള്‍ഡോയെ പോലെ സൗദിയിലേക്ക് മെസിയും ചേക്കേറും. കാരണം അവര്‍ക്ക് ധാരാളം പണമുണ്ട്, താരങ്ങള്‍ അതാണ് പരിഗണിക്കുന്നത്,’ അല്‍ അത്തിയ പറഞ്ഞു.
എന്നാല്‍, പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കെ ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ തുടരുമെന്ന് മെസി ക്ലബ് ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും, പി.എസ്.ജിക്കായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയെന്ന സ്വപ്നം കൂടി സാക്ഷാത്കരിക്കാന്‍ ഉണ്ടെന്ന് താരം വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ സീസണില്‍ പി.എസ്.ജിക്കായി തിളങ്ങാനായില്ലെങ്കിലും ഈ സീസണില്‍ ഗോളുകളും അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.
ഇനി ബാഴ്സലോണയിലേക്ക് തിരിച്ച് പോകില്ല എന്ന് മെസി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2021ല്‍ എഫ്.സി ബാഴ്സലോണയില്‍ നിന്ന് പുറത്ത് പോരേണ്ടി വന്നതിന്റെ ദുഃഖം മെസിയില്‍ ഇപ്പോഴും ഉണ്ടെന്നും ബാഴ്സലോണ പ്രസിഡന്റായ ലാപോര്‍ട്ടയുടെ പെരുമാറ്റമാണ് ക്ലബ്ബില്‍ നിന്ന് താരത്തിന്റെ പുറത്താകലിന് വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാഴ്സയിലേക്ക് മെസി തിരികെ എത്താതിരിക്കാനുള്ള മറ്റൊരു കാരണം ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. ലയണല്‍ മെസിയെ പോലുള്ള സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ മാത്രം സാമ്പത്തിക കെട്ടുറപ്പ് ഇപ്പോള്‍ എഫ്.സി ബാഴ്സലോണക്ക് ഇല്ലെന്നതാണ് വാസ്തവം.