| Wednesday, 29th May 2019, 11:29 pm

സൗദിയില്‍ നടക്കുന്ന ജി.സി.സി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കില്ല, പ്രധാനമന്ത്രിയെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: മക്കയില്‍ ഈയാഴ്ച നടക്കാനിരിക്കുന്ന ജി.സി.സി യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനിക്ക് സൗദി സല്‍മാന്‍ രാജാവിന്റെ ക്ഷണം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗത്തില്‍ ഖത്തര്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി നയതന്ത്ര പ്രതിനിധികളടങ്ങുന്ന വിമാനം തിങ്കളാഴ്ച സൗദിയില്‍ ഇറങ്ങിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഖത്തര്‍ വിമാനം സൗദിയിലിറങ്ങിയത്. ഉപരോധത്തെ തുടര്‍ന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് മുന്നില്‍ വ്യോമപാത അടച്ചിരുന്നു.

വ്യാഴാഴ്ച ആരംഭിയ്ക്കുന്ന യോഗത്തില്‍ ഇറാനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള പ്രതിസന്ധിയാവും പ്രധാന ചര്‍ച്ചാ വിഷയം.

സ്വതന്ത്രമായ വിദേശനയം പിന്തുടരുന്നുണ്ടെങ്കിലും സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇറാന്റെ ആണവ പദ്ധതിയ്ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ഖത്തറിന്റേത്.

ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖത്തറിനെതിരായി നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് മറ്റ് ജി.സി.സി രാഷ്ട്രങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഈജിപ്തിലെ ഇസ്‌ലാമിസ്റ്റ് സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനോടും ഇറാനോടും ഖത്തര്‍ ബന്ധം പുലര്‍ത്തുന്നുവെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാരോപിച്ചായിരുന്നു ഉപരോധം. ഉപരോധ കാലത്ത് ഖത്തര്‍ കൂടുതല്‍ ഇറാനോട് അടുക്കുകയാണ് എന്ന വിലയിരുത്തലും അമേരിക്കയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഇറാനെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കയ്ക്ക് അറബ് ഐക്യം ആവശ്യമാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സഖ്യകക്ഷി സൗദിയാണെങ്കിലും യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മേഖലയിലെ പ്രധാന സൈനിക കേന്ദ്രമായ അല്‍ ഉദൈദ് എയര്‍ബേസ് ഖത്തറിലാണ് സ്ഥിതി ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more