ലോകകപ്പിന് ശേഷം വീണ്ടും ഞെട്ടിച്ച് ഖത്തര്‍; വമ്പന്‍ ക്ലബ്ബുകളിലൊന്ന് മോഹവിലക്ക് സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ ഷെയ്ഖ്
Football
ലോകകപ്പിന് ശേഷം വീണ്ടും ഞെട്ടിച്ച് ഖത്തര്‍; വമ്പന്‍ ക്ലബ്ബുകളിലൊന്ന് മോഹവിലക്ക് സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ ഷെയ്ഖ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th February 2023, 2:16 pm

അറബ് നാട്ടില്‍ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ ലോകകപ്പ് എന്ന നിലയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ലോകകപ്പാണ് ഖത്തറില്‍ അരങ്ങേറിയത്.

തുടക്കത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയമായ ഖത്തര്‍ ലോകകപ്പിനെ പിന്നീട് സംഘാടന മികവ് കൊണ്ടും മത്സര നടത്തിപ്പിന്റെ രീതി കൊണ്ടും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് അടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

സ്‌പോര്‍ട്‌സിലും മറ്റ് കായിക വിഷയങ്ങളിലും വലിയ താത്പര്യം പ്രകടിപ്പിക്കാറുള്ള ഖത്തര്‍, ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.സിയെ സ്വന്തമാക്കാന്‍ ബിഡ് നല്‍കി എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ ചെയര്‍മാന്‍ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.സിയെ സ്വന്തമാക്കാനൊരുങ്ങുന്നത്. ഖത്തറിന്റെ മുന്‍ പ്രധാന മന്ത്രിയായ ഹമദ് ബില്‍ ജാസിം ബിന്‍ ജാബെര്‍ അല്‍ താനിയുടെ മകനാണ് ഹമദ് അല്‍ താനി.

യുണൈറ്റഡിനെ സ്വന്തമാക്കി കഴിഞ്ഞാല്‍ ക്ലബ്ബിന്റെ പ്രതാപകാലം തിരിച്ചെടുക്കാന്‍ ശ്രമിക്കുമെന്നും ആരാധകര്‍ക്ക് ഒരിക്കല്‍ കൂടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹൃദയത്തില്‍ സ്ഥാനമൊരുക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നുണ്ട്.

ബിഡ് പൂര്‍ണമായും കടബാധ്യതയില്ലാത്തതാണെന്നും പ്രക്രിയ പുരോഗമിക്കുന്തോറും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും പ്രസ്താവനയിലുണ്ട്.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022 – 2023 സീസണില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 23 മത്സരങ്ങളില്‍ 46 പോയിന്റാണ് നിലവില്‍ യുണൈറ്റഡിന്റെ അക്കൗണ്ടിലുള്ളത്.

Content Highlights: Qatari banker Sheikh Jassim Bin Hamad Al Thani confirms a bid has been made for 100% full ownership of Manchester United