| Saturday, 3rd December 2022, 10:40 pm

കളി കാണുന്നതിലും റെക്കോർഡ്‌ സൃഷ്ടിച്ച് ഖത്തർ ലോകകപ്പ്; യൂറോപ്പിലടക്കം വൻ സ്വീകാര്യത

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോൾ പ്രേമികൾ ഉത്സവമാക്കുന്ന ലോകകപ്പ് പോരാട്ടങ്ങളുടെ ഖത്തർ എഡിഷനും വൻ സ്വീകാര്യതയാണ് ലോകമാകെ ലഭിക്കുന്നത്. ലോകകപ്പ് പോരാട്ടങ്ങൾ ഗ്രൂപ്പ്‌ ഘട്ടം പിന്നിടുമ്പോൾ ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ മികച്ച മുന്നേറ്റമാണ് ഖത്തർ ലോകകപ്പ് നേടിയത്.

ഖത്തർ ലോകകപ്പ് ടെലിവിഷനിലൂടെ ആസ്വദിച്ച പ്രേക്ഷകരുടെ കണക്ക് ഫിഫ ഔദ്യോഗികമായി പുറത്തുവിടുമ്പോൾ പല രാജ്യങ്ങളിലും മുൻ വർഷത്തേ അപേക്ഷിച്ച് വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജപ്പാന്റെ കോസ്റ്റാറിക്കക്കെതിരെയുള്ള മത്സരം ശരാശരി 36.37 മില്യൺ പ്രേക്ഷകരാണ് ടെലിവിഷൻ മുഖേന തത്സമയം വീക്ഷിച്ചത്. 2018ലെ റഷ്യൻ ലോകകപ്പിനേക്കാൾ ഏകദേശം 74ശതമാനത്തോളം കൂടുതൽ പേരാണ് 2022 ലോകകപ്പ് ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ ജപ്പാനിൽ ടെലിവിഷനിലൂടെ ആസ്വദിച്ചത്.

നവംബർ 24ന് നടന്ന ദക്ഷിണ കൊറിയയുടെ ഉറുഗ്വേക്കെതിരെയുള്ള പ്രാരംഭ മത്സരം ഏകദേശം 11.14 മില്യൺ പ്രേക്ഷകരാണ് കൊറിയയിൽ ടെലിവിഷനിലൂടെ കണ്ടത്. ഇത് 2014 ബ്രസീൽ ലോകകപ്പിനെക്കാൾ 97 ശതമാനത്തോളവും 2018 റഷ്യൻ ലോകകപ്പിനെക്കാൾ 18 ശതമാനത്തോളവും കൂടുതലാണ്.

യൂറോപ്പിലും ടെലിവിഷൻ മുഖേന ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കുന്ന പ്രേക്ഷകരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
നവംബർ 28ന് നടന്ന സ്പെയ്ൻ-ജർമനി സൂപ്പർ പോരാട്ടം ഇരുരാജ്യങ്ങളിലുമായി മുൻ വർഷത്തെ ലോകകപ്പുകളിലെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങളെ അപേക്ഷിച്ച് ഏകദേശം 65 ശതമാനത്തോളം കൂടുതൽ കാണികളാണ് വീക്ഷിച്ചത്.

നെതർലാൻഡ്സിലെ മൊത്തം ടെലിവിഷൻ പ്രേക്ഷകരുടെ 77 ശതമാനവും ടെലിവിഷനിലൂടെ ഇക്വഡോറിനെതിരെയുള്ള മത്സരം വീക്ഷിച്ചു എന്നാണ് ഫിഫയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് 2022 ൽ നെതർലാൻഡ്സിൽ ഏറ്റവും കൂടുതൽ പേർ ടെലിവിഷനിലൂടെ കണ്ടാസ്വദിച്ച പരിപാടിയാണ്.

കൂടാതെ 2018 ലെ ഏതൊരു ലോകകപ്പ് മത്സരത്തെക്കാളും കൂടുതൽ പേർ ഇക്വഡോറിനെതിരെയുള്ള മത്സരം ടെലിവിഷനിലൂടെ വീക്ഷിച്ചു.

ഫ്രാൻസിൽ ടി.എഫ്.വൺ ചാനലിലൂടെ ഓസ്ട്രേലിയയുമായുള്ള മത്സരം ഏകദേശം 14 മില്യൺ കാണികളും ഡെന്മാർക്കിനെതിരെയുള്ള മത്സരം 14.56 മില്യൺ പ്രേക്ഷകരും തത്സമയം വീക്ഷിച്ചു.

പോർച്ചുഗൽ-ഉറുഗ്വേ മത്സരം ഏകദേശം 5.35 മില്യൺ പ്രേക്ഷകരാണ് പോർച്ചുഗലിൽ ടെലിവിഷനിലൂടെ തത്സമയം കണ്ടത് . ഇത് പോർച്ചുഗലിൽ സംപ്രേക്ഷണം ചെയ്ത ഏതൊരു ഫിഫ ലോകകപ്പ് മത്സരങ്ങളെക്കാളും കൂടുതലാണ്.

അമേരിക്കയിലും ലോകകപ്പ് ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിനോടുള്ള അമേരിക്കയുടെ മത്സരം 19.65 മില്യൺ പ്രേക്ഷകരാണ് ടെലിവിഷനിലൂടെ കണ്ടത് ഇത് അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ പേർ തത്സമയം കണ്ട ഫുട്ബോൾ മത്സരമാണ്. സ്പാനിഷ് ഭാഷയിലുള്ള ലോകകപ്പ് സംപ്രേഷണവും റെക്കോർഡ്‌ പ്രേക്ഷകരെയാണ് അമേരിക്കയിൽ സ്വന്തമാക്കിയത്.

മെക്സിക്കോയിലും കഴിഞ്ഞ വർഷത്തേക്കാൾ 68 ശതമാനം വർധനവ് കളി കാണുന്നവരുടെ എണ്ണത്തിൽ സംഭവിച്ചിട്ടുണ്ട്. കാനഡയിൽ 4.33 മില്യൺ ടെലിവിഷൻ പ്രേക്ഷകരാണ് ക്രൊയേഷ്യയുമായുള്ള മത്സരം ടെലിവിഷനിലൂടെ തത്സമയം കണ്ടത്. ഇത് 2018 ലെ ലോകകപ്പിലെ കാനഡയുടെ പ്രാരംഭ മത്സരം കണ്ടവരേക്കാൾ 17 ശതമാനം കൂടുതലാണ്.

ലാറ്റിൻഅമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും ലോകകപ്പ് ടെലിവിഷനിലൂടെ വീക്ഷിക്കുന്ന പ്രേ ക്ഷകരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് ഫിഫ പ്രസ്താവിച്ചിട്ടുണ്ട്. ഓൺലൈൻ സ്ട്രീമിങ്ങ് മുഖേന കളി കാണുന്നവരുടെ കണക്കുകൾ കൂടി പുറത്ത് വരുമ്പോൾ മത്സരം തത്സമയം വീക്ഷിക്കുന്ന പ്രേക്ഷകരുടെ എണ്ണം ഇനിയും കൂടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights:qatar worldcup create another record for television viewership

We use cookies to give you the best possible experience. Learn more