എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയ്‌നിനെ തകര്‍ത്ത് ആഫ്രിക്കന്‍ താരോദയമായി മൊറോക്കോ ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 3-0നാണ് മൊറോക്കന്‍ വിജയം.
ഷൂട്ടൗട്ടില്‍ സ്പെയ്നിന്റെ മൂന്ന് കിക്കുകളും തടഞ്ഞിട്ട ഗോള്‍ കീപ്പര്‍ യാസിന്‍ ബോണോയുടെ പ്രകടനമാണ് മോറോക്കന്‍ വിജയത്തില്‍ നിര്‍ണായകമായത്.
90 മിനിട്ടും കഴിഞ്ഞ് അധിക സമയത്തിലേക്ക് നീങ്ങിയപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു മത്സരം. ഇരുപകുതിയിലും അധിക സമയത്തും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോയപ്പോള്‍ വിജയം മൊറോക്കോയ്‌ക്കൊപ്പം നില്‍ക്കുയായായിരുന്നു.
രണ്ടാം പകുതിയിലും അധികസമയത്തും ഇരു ടീമുകളും അറ്റാക്ക് ചെയ്ത് കളിച്ചെങ്കിലും ഗോളുണ്ടായില്ല. സ്‌പെയ്‌നിന്റെയും മൊറോക്കൊയുടെയും പ്രതിരോധനിരയുടെ ശക്തമായ പ്രകടനമാണ് മത്സരത്തിലുടനീളം കാണാനായത്.
അദ്യ പകുതി ഗോള്‍ രഹിതം
സ്‌പെയിനെ അക്ഷരാര്‍ത്ഥത്തില്‍ വലിഞ്ഞുമുറുക്കുന്ന മൊറോക്കയെയാണ് ആദ്യ പകുതിയില്‍ കണ്ടത്.
പന്ത് കൈവശം വെക്കുന്നതിലും പാസിങ്ങിലുമെല്ലാം മികവ് പുലര്‍ത്തിയ സ്‌പെയ്‌നിന്റെ പോസ്റ്റിലേക്ക് നിരവധി കൗണ്ടര്‍ ആക്രമണങ്ങള്‍ നടത്തിയ മൊറോക്കൊ സ്‌പെയ്‌നെ ഞെട്ടിച്ചു.
സ്‌പെയ്‌നും ആദ്യ പകുതിയില്‍ മൊറോക്കന്‍ പോസ്റ്റിലേക്ക് ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. അങ്ങനെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.
വലിയ മാറ്റങ്ങളുമായി സ്‌പെയ്ന്‍
ജപ്പാനോട് തോറ്റ ഗ്രൂപ്പിലെ അവസാന മാച്ചില്‍ നിന്ന് അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ലൂയിസ് എന്റിക്വെ സ്‌പെയ്‌നിനെ കളത്തിലിറക്കിയത്. പ്രതിരോധ നിരയില്‍ റോഡ്രിയെമ മാത്രമാണ് എന്റിക്വെ നിലനിര്‍ത്തിയത്. എന്നാല്‍ മൊറോക്കന്‍ ടീമിന്റെ ആദ്യ ഇലവനില്‍ ഒരു മാറ്റമാണുണ്ടായത്.
ആദ്യ ഇലവനിലെ കളത്തിലിറങ്ങിയ ടീം മൊറോക്കോ- ബോനോ, ഹകീമി, അഗ്വേര്‍ഡ്, സായ്സ്, മസ്റൂഇ, ഔനാഹി, അംറബാത്, അമല്ലാഹ്, സിയെച്ച്, എന്നെസൈരി, ബൗഫാല്‍.
ടീം സ്‌പെയ്ന്‍- സിമോണ്‍, എല്ലോറന്റ്, റോഡ്രി, ലാപോര്‍ട്ടെ, ആല്‍ബ, ഗാവി, ബുസ്‌ക്വറ്റ്സ്, പെഡ്രി, ടോറസ്, അസെന്‍സിയോ, ഒല്‍മോ.