അറബ് നാട്ടിൽ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ ലോകകപ്പ് എന്ന നിലയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ലോകകപ്പാണ് ഖത്തർ ലോകകപ്പ്.
തുടക്കത്തിൽ ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വിധേയമായ ഖത്തർ ലോകകപ്പിനെ പിന്നീട് സംഘാടന മികവ് കൊണ്ടും മത്സര നടത്തിപ്പിന്റെ രീതി കൊണ്ടും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് അടക്കം നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോൾ ബി.ബി.സി സ്പോർട്സ് നടത്തിയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പിനെ കണ്ടെത്താനുള്ള സർവെയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഖത്തർ ലോകകപ്പ്. 78% വോട്ട് നേടി കൊണ്ടാണ് ഖത്തർ ലോകകപ്പ് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
2002ലെ ദക്ഷിണകൊറിയ-ജപ്പാൻ ലോകകപ്പ്, 2006ലെ ജർമൻ ലോകകപ്പ്, 2010ലെദക്ഷിണാഫ്രിക്കൻ ലോകകപ്പ്, 2014ലെ ബ്രസീൽ ലോകകപ്പ്, 2018ലെ റഷ്യൻ ലോകകപ്പ് എന്നിവയാണ് ഖത്തർ ലോകകപ്പിനൊപ്പം മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഖത്തർ ലോകകപ്പ് കഴിഞ്ഞാൽ 6% വോട്ട് നേടി 2002ലെ കൊറിയ-ജപ്പാൻ ലോകകപ്പാണ് രണ്ടാം സ്ഥാനത്ത്.
മൂന്നാം സ്ഥാനത്ത് 5% വോട്ട് നേടി 2014ലെ ബ്രസീൽ ലോകകപ്പ് ഇടം പിടിച്ചപ്പോൾ. 4% വോട്ട് നേടി 2018ലെ റഷ്യൻ ലോകകപ്പ്, 2006ലെ ജർമൻ ലോകകപ്പ് എന്നിവയാണ് നാലാം സ്ഥാനത്ത്. അവസാന സ്ഥാനം നേടിയത് 3% വോട്ട് നേടിയ 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പാണ്.
എന്നാൽ ബി.ബി.സി സർവെയിൽ ഖത്തർ ലോകകപ്പ് ഒന്നാം സ്ഥാനത്ത് എത്തിയത്തോടെ നിരവധി ട്രോളുകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ബി.ബി.സിക്ക് നേരെ ഉയരുന്നത്. ഖത്തർ ലോകകപ്പിനെതിരെ നിരവധി വിമർശങ്ങൾ ബി.ബി.സി ഉന്നയിച്ചിരുന്നു.
കൂടാതെ ബി.ബി.സി ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യാതെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം നിരവധി അസുലഭ മുഹൂർത്തങ്ങൾക്ക് സാന്നിധ്യം വഹിച്ച ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. ലയണൽ മെസി തന്റെ കരിയർ ലോകകപ്പ് നേടി സമ്പൂർണമാക്കിയ ഖത്തറിന്റെ മണ്ണിൽ തന്നെയാണ് മൊറോക്കൊ ലോകകപ്പ് സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ-അറബ് രാജ്യം എന്ന ഖ്യാതിയും സ്വന്തമാക്കിയത്.
2026 ൽ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ വെച്ചാണ് ലോകകപ്പ് നടത്തപ്പെടുക.
Content Highlights: Qatar World Cup is the best of this century; BBC survey report