| Wednesday, 16th November 2022, 10:13 pm

ഖത്തറിൽ ഗംഭീരമായി തന്നെ ലോകകപ്പ് നടത്തും; ആക്ഷേപങ്ങൾക്ക് അതാണ് മറുപടി: നാസർ അൽ ഖാതർ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിന് നാല് നാൾ മാത്രം ബാക്കി നിൽക്കെ അടങ്ങാത്ത ആവേശത്തിലാണ് ആതിഥേയർ. മിഡിൽ ഈസ്റ്റിൽ ആദ്യമായി ഒരു ലോകകപ്പ് ടൂർണമെന്റ് നടത്തുന്നതിന്റെ ഉത്സാഹമാണ് ഖത്തറിൽ അലയടിക്കുന്നത്.

ആദ്യമായാണ് ഒരു അറബ് രാജ്യത്ത് ഫിഫ വേൾഡ് കപ്പ് നടത്തുന്നത്. ഖത്തറിൽ ലോകകപ്പ് നടത്തുന്നത് പ്രഖ്യാപിച്ചത് മുതൽ വലിയ വിമർശനങ്ങൾ ഉയർന്നു വരികയായിരുന്നു.

സ്വവർഗാനുരാഗികളെ ഇപ്പോഴും അംഗീകരിക്കാത്ത, സ്ത്രീ-പുരുഷന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാത്ത, പത്ര സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും നിയന്ത്രണങ്ങളേർപ്പടുത്തുന്ന ഒരു രാജ്യത്ത് ലോകകപ്പ് സംഘടിപ്പിച്ചത് തെറ്റായ തീരുമാനമാണെന്നാണ് ഫിലിപ് ലാം അടക്കമുള്ള പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നത്.

എന്നാൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതും ആകസ്മികവുമായ രീതിയിൽ ഖത്തർ തങ്ങളുടെ ലോകകപ്പ് തയ്യാറെടുപ്പുകൾ നടത്തുന്നതിൽ ആതിഥേയരെ പ്രശംസിച്ച് രംഗത്തെത്തിയവരും കുറവല്ല.

ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതർ. പലതരം വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും കഴിഞ്ഞ 13 വർഷമായി ഇതിനായി പ്രവർത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനെതിരെ ധാരാളം അജണ്ടകളും വിമർശനങ്ങളും ഉയരുന്നുണ്ടെന്നും അതിന്റെയൊന്നും പിന്നാമ്പുറങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ മാധ്യമങ്ങൾ തുടർച്ചയായി തങ്ങളെ വേട്ടയാടുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളിൽ ഒത്തു തീർപ്പിലെത്തുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് വിജയകരമായി നടത്തുക എന്നതാണ് ഇതിനെല്ലാമായി തങ്ങൾക്ക് മറുപടി നൽകാനുള്ളതെന്നും നാസർ അൽ ഖാതർ വ്യക്തമാക്കി.

മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് നാസർ അൽ ഖാതർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാരുടെ അവിശ്വസനീയമായ സാന്നിധ്യമാകും ഖത്തർ ലോകകപ്പിലുണ്ടാവുകയെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Qatar world cup CEO Nasser Al Khater speaks about their preparations for the tournament

We use cookies to give you the best possible experience. Learn more