യഥാര്‍ത്ഥ ഫുട്‌ബോള്‍ പ്രേമികളാണ് മലയാളികള്‍, അവരെ വിലക്കെടുക്കേണ്ടതില്ല: ലോകകപ്പ് സി.ഇ.ഒ
Football
യഥാര്‍ത്ഥ ഫുട്‌ബോള്‍ പ്രേമികളാണ് മലയാളികള്‍, അവരെ വിലക്കെടുക്കേണ്ടതില്ല: ലോകകപ്പ് സി.ഇ.ഒ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th November 2022, 5:26 pm

 

ഫിഫ വേള്‍ഡ്കപ്പ് 2022ന് ആതിഥേയത്വം വഹിക്കുന്നത് ഖത്തര്‍ ആണെന്ന് പ്രഖ്യാപിച്ചതിന് ശേഷം നിരവധി വിമര്‍ശനങ്ങളാണ് രാജ്യത്തിന് നേരെ ഉര്‍ന്നിരുന്നത്. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഖത്തര്‍ വിലകൊടുത്ത് ആരാധകരെ ഇറക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

എന്നാല്‍ ഈ വാദങ്ങള്‍ക്കെതിരെ പ്രതികരണമറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ ഖാതര്‍.

”ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് എതിരെ ധാരാളം അജണ്ടകളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതിന്റെ കാരണങ്ങളിലേക്കോ, എന്തിനാണെന്നോ, അല്ലെങ്കില്‍ അതിന്റെ പുറകില്‍ ആരാണെന്നോ ഒന്നും ഞങ്ങള്‍ അന്വേഷിക്കുന്നില്ല.

കഴിഞ്ഞ 13 വര്‍ഷമായി പാശ്ചാത്യ മാധ്യമങ്ങള്‍ ഞങ്ങളെ ആക്രമിക്കുകയാണ്. ഇതിനെല്ലാം ഞങ്ങളുടെ മറുപടി വിജയകരമായി ലോകകപ്പ് നടത്തുക എന്നതാണ്. പക്ഷെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ എനിക്ക് വിഷമമുണ്ട്.

കേരളത്തില്‍ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. എല്ലാവരും കരുതുന്നത് ക്രിക്കാണ് നമ്പര്‍ വണ്‍ കായിക വിനോദം എന്നാണ്. പക്ഷേ ഫുട്‌ബോളിനാണ് അവിടെ കൂടുതല്‍ ആരാധകര്‍.

കേരളത്തില്‍ നിന്നുള്ള ധാരാളം ഫുട്‌ബോള്‍ ആരാധകര്‍ ഖത്തറിലുണ്ട്. അവര്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അവര്‍ യഥാര്‍ത്ഥ ആരാധകരാണ്. അറബ് കപ്പില്‍ വരെ ധാരാളം ഇന്ത്യക്കാര്‍ ഗാലറിയിലുണ്ടായിരുന്നു. അവരെ വിലക്കെടുക്കേണ്ടതില്ല,’ നാസര്‍ അല്‍ ഖാതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ തെരുവുകളില്‍ വിവിധ ടീമുകളുടെ ആരാധകര്‍ കൊടികളും ബാന്റുമേളവുമായെത്തി ആഘോഷിക്കുന്നതിന്റെ വീഡിയോകള്‍ ടിക് ടോക്കില്‍ നിറഞ്ഞിരുന്നു.

വിവിധ രാജ്യങ്ങളുടെ ഫാന്‍സായ ഖത്തറിലെ പ്രവാസികളായിരുന്നു ഈ വീഡിയോകളില്‍ നിറഞ്ഞുനിന്നത്. ഖത്തറിലെ പ്രവാസികളിലെ ഭൂരിഭാഗവും ഇന്ത്യയടക്കമുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

തുടര്‍ന്ന് ഇവര്‍ വിവിധ രാജ്യങ്ങളുടെ ടീമുകളുടെ ആരാധകരല്ലെന്നും ഖത്തര്‍ പണം കൊടുത്തിറക്കിയതാണെന്നും ആരോപിച്ച് നിരവധി പാശ്ചാത്യ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും രംഗത്തെത്തുകയായിരുന്നു.

ഇന്ത്യക്കാരുടെ അവിശ്വസനീയമായ സാന്നിധ്യമാകും ഖത്തറില്‍ ലോകകപ്പിലുണ്ടാവുകയെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകരെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് നാസര്‍ അല്‍ ഖാതര്‍ ഈ വിഷയത്തില്‍ സംസാരിച്ചത്.

Content Highlights: Qatar World Cup CEO Nasser Al Khater speaks about Indian Fans