| Saturday, 9th November 2024, 10:03 pm

ഇസ്രഈല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ച; മധ്യസ്ഥത വഹിച്ചിരുന്നതില്‍ നിന്ന് ഖത്തര്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഇസ്രഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ നിന്ന് ഖത്തര്‍ പിന്‍മാറിയതായി റിപ്പോര്‍ട്ട്.

ഇസ്രഈലി ബന്ദികളുടെ മോചനം സംബന്ധിച്ച് ഖത്തര്‍ മുന്നോട്ടുവെച്ച നിര്‍ദേശം ഹമാസ് നിരസിച്ചതിനെത്തുടര്‍ന്ന് ഖത്തറിലെ ഹമാസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് ഖത്തര്‍ പിന്‍വാങ്ങിയത്. മധ്യസ്ഥയില്‍ നിന്ന് പിന്‍മാറിയതിന് പുറമെ ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഒഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഖത്തര്‍ തങ്ങളുടെ തീരുമാനത്തെക്കുറിച്ച് ഇസ്രഈലിനെയും ഹമാസിനെയും യു.എസ് ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ടെന്ന് എന്‍.ഡി.ടി.വി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ഇരുപക്ഷവും ചര്‍ച്ചയ്ക്കായി ആത്മാര്‍ത്ഥമായി സന്നദ്ധത അറിയിക്കുന്ന പക്ഷം മധ്യസ്ഥത വീണ്ടും വഹിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ യു.എസിനെ അറിയിച്ചതായാണ് സൂചന.

ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യങ്ങളിലൊന്നായ ഖത്തര്‍ ഈ മേഖലയിലെ യു.എസിന്റെ പ്രധാന സഖ്യകക്ഷിയായാണ് അറിയപ്പെടുന്നത്. ഖത്തറില്‍ അമേരിക്കയുടെ എയര്‍ ബേസ് സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ഇറാന്‍, താലിബാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി സുപ്രധാനമായ നിരവധി രാഷ്ട്രീയ ചര്‍ച്ചകളും ഖത്തര്‍ ഇതിന് മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

ഗാസയില്‍ ഇസ്രഈലും ഹമാസും തമ്മില്‍ ഒരു വര്‍ഷമായി നീണ്ടുനിന്ന യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ ഇതുവരെ നടന്ന ചര്‍ച്ചകളിലെല്ലാം തന്നെ യു.എസിനും ഈജിപ്തിനുമൊപ്പം ഖത്തറും പങ്കാളികളായിരുന്നു.

എന്നാല്‍ രാഷ്ട്രീയകാര്യ ഓഫീസ് പൂട്ടാനുള്ള ഖത്തറിന്റെ തീരുമാനം ഹമാസിന് തിരിച്ചടിയാകുമെന്നാണ് സൂചന. തുര്‍ക്കിയും ഇറാഖുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നതിനാല്‍ ഖത്തര്‍ വിടുന്ന കാര്യം മാസങ്ങളായി ഹമാസ് നേതാക്കളുടെ പരിഗണനയിലുണ്ട്. ഹമാസ് അടുത്തിടെ ബാഗ്ദാദില്‍ ഒരു രാഷ്ട്രീയ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.

2012ല്‍ സിറിയന്‍ ഭരണകൂടവുമായി തെറ്റിപ്പിരിഞ്ഞ് ഹമാസിന്റെ രാഷ്ട്രീയ നേതാക്കള്‍ ഡമസ്‌കസ് വിട്ടപ്പോള്‍ മുതല്‍ ഖത്തറാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് ഹമാസുമായി ചര്‍ച്ചകള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ഖത്തര്‍ വഴി സാധിക്കും എന്നതിനാല്‍ അമേരിക്കയും ആ നീക്കത്തെ പിന്തുണച്ചിരുന്നു.

Content Highlight: Qatar withdraws As Key Mediator For Gaza Ceasefire

We use cookies to give you the best possible experience. Learn more