ഏഷ്യയില്‍ ഇന്ന് പട്ടാഭിഷേകം; ജപ്പാന് എതിരാളി ഖത്തര്‍
2019 AFC Asian Cup
ഏഷ്യയില്‍ ഇന്ന് പട്ടാഭിഷേകം; ജപ്പാന് എതിരാളി ഖത്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st February 2019, 6:27 pm

അബൂദാബി: ഫുട്‌ബോളില്‍ ഏഷ്യയുടെ രാജാവ് ആരാണെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അബുദാബിയുടെ മണ്ണില്‍ ഇന്ത്യന്‍ സമയം 7.30ന് കിക്കോഫ് ഉയരുമ്പോള്‍ ലോകം കാത്തിരിക്കുകയാണ് പുതിയ പട്ടാഭിഷേകത്തിനായി. പ്രൗഢിയും താരസമ്പന്നതയുമുള്ള ജപ്പാന്‍ അഞ്ചാമതും കിരീടം നേടുമോ അതോ പുതിയ അവകാശികളായി ഖത്തര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമോയെന്ന് കാത്തിരുന്ന് കാണാം.

കഴിഞ്ഞ ആറുകളിയില്‍ ആറും ജയിച്ച ഖത്തര്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. എതിര്‍പോസ്റ്റിലേക്ക് അടിച്ചുകേറ്റിയതാകട്ടെ 16 ഗോളുകളും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ചതാണ് ഖത്തറികളുടെ ടൂര്‍ണമെന്റിലെ മികച്ച വിജയം.

ALSO READ: ചരിത്രം കുറിച്ച് മിതാലി; 200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിത

ലോകകപ്പില്‍ ബെല്‍ജിയത്തെ വിറപ്പിച്ചവരാണ് ജപ്പാന്‍. പ്രകടനത്തിലും ടീം മികവിലും ഖത്തറിനേക്കാള്‍ ശക്തര്‍. സെമിഫൈനലില്‍ ശക്തരായ ഇറാനെ മറികടന്നാണ് നീല സാമുറായികളുടെ കലാശപ്പോരിലേക്കുള്ള കുതിപ്പ്. വീണ്ടുമൊരു കിരീടം ഷോക്കേസിലെത്തിക്കുകയാണ് ജപ്പാന്റെ ലക്ഷ്യം. എല്ലാ മത്സരവും ജയിച്ചാണ് സാമുറായികളുടെ വരവും. 11 ഗോളാണ് ടീം നേടിയത്. തിരിച്ചുകിട്ടിയത് രണ്ട് ഗോളുകള്‍.

ഇതുവരെ എട്ടുഗോളടിച്ച മുഈസ് ആലിയാണ് ഖത്തറിന്റെ തുറുപ്പ് ചീട്ട്. രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് ഗോള്‍ നേടിയ യുയ ഒസാക്കയെ മുന്‍ നിര്‍ത്തിയാകും ജപ്പാന്‍ തന്ത്രങ്ങള്‍ മെനയുക.

ലോകകപ്പിന് മുന്നോടിയായി ടീം എന്ന നിലയില്‍ ഖത്തറിനെ ഉയരങ്ങളിലേക്കെത്തിക്കും ഏഷ്യാകപ്പ് ജയം. എന്നാല്‍ ഏഷ്യയിലെ ടെക്‌നിക്കലി മികച്ചൊരു ടീമിനെ നേരിടാന്‍ നിലവിലുള്ള തന്ത്രങ്ങള്‍ പോരാതെ വരും പരിശീലകന്.

ഫൈനലിലും ഒരൊറ്റ ആരാധകനില്ലാതെയാണ് ഖത്തര്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്‌റിലെ മികച്ച രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ചൊരു മത്സരം കാണികള്‍ക്ക് കാണാം