സിറിയയില്‍ എംബസി തുറക്കാനൊരുങ്ങി ഖത്തര്‍
World News
സിറിയയില്‍ എംബസി തുറക്കാനൊരുങ്ങി ഖത്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th December 2024, 8:09 am

ഡമസ്‌കസ്: സിറിയയില്‍ അസദ് കുടുംബത്തിന്റെ ഭരണം അവസാനിച്ചതോടെ രാജ്യത്ത് എംബസി തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ഖത്തര്‍. 2011ലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഡമസ്‌കസിലെ ഖത്തര്‍ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോള്‍ മാറ്റം ഉണ്ടായിരിക്കുന്നത്.

ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജിദ് അല്‍ അന്‍സാരിയാണ് എംബസി തുറക്കാനുള്ള ശ്രമങ്ങള്‍ക്ക് ഖത്തര്‍ ഭരണകൂടം തുടക്കമിട്ടതായി അറിയിച്ചത്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്ന പക്ഷം എംബസി ആരംഭിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അസദ് സര്‍ക്കാരിനെതിരായ പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി മാറിയതിനെത്തുടര്‍ന്ന് 2011 ജൂലൈയിലാണ് ഖത്തര്‍ ഡമസ്‌കസിലെ എംബസി അടച്ചുപൂട്ടിയത്. ഇതിന് പിന്നാലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് അറബ് രാജ്യങ്ങള്‍ പിന്നീട് എംബസികളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായി, ഖത്തര്‍ ഒരിക്കലും സിറിയയിലെ എംബസി പുനഃസ്ഥാപിച്ചില്ല.

അതേസമയം നിലവില്‍ സിറിയന്‍ ജനതയ്ക്ക് ഖത്തര്‍ നല്‍കുന്ന മാനുഷിക സഹായങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഖത്തര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു എയര്‍ ബ്രിഡ്ജ് സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളും മരുന്നുമാണ് ഇത് വഴി കൈമാറ്റം ചെയ്യുന്നത്.

ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്)ന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണത്തിന് കീഴിലാണ് നിലവില്‍ സിറിയ. കഴിഞ്ഞ ദിവസം നടന്ന പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ എച്ച്.ടി.എസ് നേതാവ് മുഹമ്മദ് അല്‍ ബാഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്‍ ധാരണയായിരുന്നു.

സംഘടനയുടെ നേതാവായ അബു മുഹമ്മദ് ജുലാനി നിലവിലെ പ്രധാനമന്ത്രി അഹമ്മദ് അല്‍ ജലാലിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അധികാരം കൈമാറാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.

പുതിയ സര്‍ക്കാരിന് ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇദ്‌ലിബ് പ്രവിശ്യയിലെ ഹയാത്ത്  തഹ്‌രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ തലവനായിരുന്നു അല്‍ ബാഷിര്‍. 2025 മാര്‍ച്ച് ഒന്ന് വരെയാണ് ഇടക്കാല പ്രധാനമന്ത്രിയുടെ കാലാവധി.

Content Highlight: Qatar to reopen embassy in Syria