| Monday, 21st October 2024, 7:45 pm

അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്; കരാറില്‍ ഒപ്പുവെച്ച് ഖത്തറും ഇന്തോനേഷ്യയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്തോനേഷ്യയില്‍ പഠിക്കുന്നതിനായി സ്‌കോളര്‍ഷിപ്പ് നല്‍കാനൊരുങ്ങി ഖത്തര്‍.

ഇതുസംബന്ധിച്ച് ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി റെത്നോ ലെസ്താരി പ്രിയാന്‍സാരി മര്‍സുദിയുമായി ഖത്തര്‍ ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ നടത്തിയ വീഡിയോ കോൺഫറൻസ് നടത്തി. കോണ്‍ഫറന്‍സില്‍ ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചു.

അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക എന്നെ ലക്ഷ്യങ്ങളോടെയാണ് ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്.

കരാര്‍ ഖത്തറിന്റെയും ഇന്തോനേഷ്യയുടെയും നയതന്ത്ര ബന്ധം വര്‍ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ആഗോള തലത്തിലുള്ള മാനവ വികസനത്തിന് പിന്തുണ നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി.

നല്ല ഭാവിക്കായി ഭരണകൂടത്തോട് ചെറുത്തുനില്‍ക്കുന്ന അഫ്ഗാനിലെ യുവജനതയ്ക്ക് പിന്തുണ നല്‍കുക എന്നത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അവര്‍ക്കായി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഖത്തര്‍ പറഞ്ഞു.

തങ്ങളുടെ നീക്കം അഫ്ഗാനിസ്ഥാനിലെ വിദ്യാര്‍ത്ഥികളോടും യുവാക്കളോടുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണെന്ന് ഇന്തോനേഷ്യയും പ്രതികരിച്ചു.

2021ല്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ജോലി, പൊതുഇടങ്ങള്‍ എന്നിവ നിഷേധിക്കപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്നത് താലിബാന്‍ വിലക്കിയിരുന്നു. ഇതിനുപുറമെ 2022 ഡിസംബറില്‍ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനവും പെണ്‍കുട്ടികള്‍ക്ക് താലിബാന്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

2001ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും 20 വര്‍ഷത്തിന് ശേഷം താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറുകയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഖത്തറും ഇന്തോനേഷ്യയും അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം ഉറപ്പുവരുത്തുന്നത്.

1996 മുതല്‍ 2001 വരെ അഫ്ഗാന് കീഴിലായിരുന്നു. ഇസ്‌ലാമിക നിയമസംഹിതയായ ശരീഅത്ത് പ്രകാരമുള്ള ഭരണമാണ് താലിബാന്‍ നടത്തിയിരുന്നത്. ഈ നിയമപ്രകാരം സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണമെന്നും ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലെന്നും താലിബാന്‍ ഉത്തരവിറക്കിയിരുന്നു.

Content Highlight: Qatar to offer scholarships to Afghan students to study in Indonesia

Latest Stories

We use cookies to give you the best possible experience. Learn more