| Monday, 17th October 2022, 3:22 pm

ലോകകപ്പ് കൊണ്ട് ആരവമടങ്ങില്ല, ഏഷ്യൻ കപ്പും ഖത്തറിൽ തന്നെ; ഇന്ത്യയെ കാത്തിരിക്കുന്നത് സുവർണാവസരം

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത മാസം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോൾ ലോകം. എന്നാൽ ഖത്തറിനെ കാത്തിരിക്കുന്നത് മറ്റൊരു സന്തോഷ വാർത്ത കൂടിയാണ്.

2023ൽ ഏഷ്യൻ കപ്പിന് വേദിയാകുന്നതും ഖത്തറാണെന്നാണ് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ (എ.എഫ്.സി) അറിയിച്ചിരിക്കുന്നത്.

2019ൽ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പ് നേടിയത് പ്രകാരം ചൈനയിലായിരുന്നു ഏഷ്യൻ കപ്പ് 2023 നടത്തേണ്ടിയിരുന്നത്. എന്നാൽ ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈന സീറോ-കൊവിഡ് നയം പിന്തുടരുന്നതിനാൽ ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് പിൻമാറുകയായിരുന്നു.

ഖത്തറിനൊപ്പം സൗത്ത് കൊറിയയും ഇന്തോനേഷ്യയും ഏഷ്യൻ കപ്പ് ആതിഥേയത്വത്തിന് ശ്രമിച്ചിരുന്നു.

എന്നാൽ അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ നടത്തിപ്പിൽ ഖത്തറിന്റെ മികവും ട്രാക്ക് റെക്കോഡുകളും മുൻ നിർത്തിയാണ് തീരുമാനമെടുത്തതെന്ന് എഫ്.എസ്.സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ അറിയിച്ചു.

‘ഖത്തറിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും സമാനതകളില്ലാത്ത ഹോസ്റ്റിങ് കഴിവുകളും ഏഷ്യാ കപ്പ് ടൂർണമെന്റ് നടത്തിപ്പിന് അനുയോജ്യമായ സാഹചര്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ഏഷ്യൻ കപ്പ് 2023 മികച്ച രീതിയിൽ തന്നെ ഖത്തർ നടത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യയെ കാത്തും ഒരു സുവർണാവസരം എത്തിയിരിക്കുകയാണ്. ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്കും അവസരം ലഭിച്ചേക്കും.

ബിഡ് ടൂർണമെന്റിനായി ഇന്ത്യയെയും സൗദി അറേബ്യയെയും ഷോർട് ലിസ്റ്റ് ചെയ്തതായി എ.എഫ്.സി അറിയിച്ചു.

പുതിയ ആതിഥേയരെ നിശ്ചയിച്ചതോടെ ഏഷ്യൻ കപ്പിന്റെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്നാണ് സംഘാടകർ അറിയിച്ചത്. അടുത്ത വർഷം ജൂൺ-ജുലൈ മാസങ്ങളിലായി ടൂർണമെന്റ് നടത്താനാണ് എ.എഫ്.സി ആദ്യം നിശ്ചയിച്ചിരുന്നത്.

പുതുക്കിയ തീരുമാന പ്രകാരം അടുത്ത വർഷം അവസാനമോ 2024ൽ ആദ്യമോ ഏഷ്യൻ കപ്പ് ടൂർണമെന്റ് നടത്തുമെന്നാണ് വിവരം.

Content Highlights:  Qatar to host AFC Asian Cup 2023, a golden opportunity awaits India

Latest Stories

We use cookies to give you the best possible experience. Learn more