ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും ഖത്തര്‍ വിസ സൗജന്യമായി നല്‍കി. എയര്‍പോര്‍ട്ടിലും ഇന്റര്‍വ്യൂവും സ്‌ക്രൂട്ടിണിയും ഉണ്ടായില്ല, പാസ്‌പോര്‍ട്ട് മെഷീന്‍ റീഡിങ് നടത്തി ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ രാജ്യത്ത് ഇറങ്ങാന്‍ അനുവദിച്ചു. അടുത്ത വേള്‍ഡ് കപ്പ് നടക്കാനിരിക്കുന്ന അമേരിക്കയും കാനഡയും എത്ര ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിസ കൊടുക്കും എന്നത് കണ്ടു തന്നെ അറിയണം
ഒന്ന് – തുല്യതയുടെ വേള്‍ഡ് കപ്പ് : ലാറ്റിന്‍ അമേരിക്കയിലെ മിക്ക സാധാരണക്കാരുടെയും സ്വപ്നങ്ങളില്‍ ഒന്നാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും വേള്‍ഡ് കപ്പ് കാണാന്‍ പോകുക എന്നത്. അതിനു വേണ്ടി വരുന്ന തുക ഇവരൊക്കെ എങ്ങനെയെങ്കിലും സമ്പാദിക്കും. പക്ഷെ മിക്കവര്‍ക്കും ഒരു കടമ്പ കടക്കാന്‍ ഒരിക്കലും കഴിയാറില്ല, വിസ എന്ന കടമ്പ.
നല്ല ആസ്തിയില്ലാത്തവരുടെയും സ്ഥിരമായി ബാങ്ക് ബാലന്‍സ് നില നിര്‍ത്താത്തവരുടെയും വിസ അപേക്ഷകള്‍ ആതിഥേയ രാജ്യങ്ങള്‍ കണ്ണില്‍ ചോരയില്ലാതെ ചവറ്റു കൊട്ടയിലിടും. അനധികൃത കുടിയേറ്റക്കക്കാര്‍ എന്ന ദുഷ്പേര് ഇവരില്‍ മിക്ക രാജ്യക്കാര്‍ക്കും ഉണ്ടെന്നത് വാസ്തവം. ഓരോ നാലു വര്‍ഷവും ഈ വിസാ നിരാസം അനുഭവിച്ചു അടുത്ത നാലു വര്‍ഷം കാത്തിരിക്കുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വലിയ ആശ്വസമായിരുന്നു ഖത്തര്‍ വേള്‍ഡ് കപ്പ്.
ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും ഖത്തര്‍ വിസ സൗജന്യമായി നല്‍കി. എയര്‍പോര്‍ട്ടിലും ഇന്റര്‍വ്യൂവും സ്‌ക്രൂട്ടിണിയും ഉണ്ടായില്ല, പാസ്‌പോര്‍ട്ട് മെഷീന്‍ റീഡിങ് നടത്തി ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ രാജ്യത്ത് ഇറങ്ങാന്‍ അനുവദിച്ചു. അടുത്ത വേള്‍ഡ് കപ്പ് നടക്കാനിരിക്കുന്ന അമേരിക്കയും കാനഡയും എത്ര ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിസ കൊടുക്കും എന്നത് കണ്ടു തന്നെ അറിയണം. ഫുട്‌ബോള്‍ പ്രേമികളെ ഏറ്റവും തുല്യതയോടെ വരവേറ്റ വേള്‍ഡ് കപ്പ് ഒരു പക്ഷെ ഇപ്രാവശ്യത്തേതായിരിക്കും. വിസയുടെ കാര്യത്തില്‍ മാത്രമല്ല, ഖത്തറില്‍, ഒരു തരം വിവേചനവും ആര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല, ഒരിയ്ക്കല്‍ പോലും.
രണ്ട് – വിവാദങ്ങളില്ലാത്ത വേള്‍ഡ് കപ്പ് : സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ സജീവമായ ആളുകള്‍ക്ക് തീര്‍ച്ചയായും അഭിപ്രായ വ്യത്യാസമുണ്ടാകും, പക്ഷെ ഏറ്റവും വിവാദങ്ങള്‍ കുറഞ്ഞ വേള്‍ഡ് കപ്പായിരുന്നു ഖത്തറില്‍ ഇപ്രാവശ്യം നടന്നത്. രാഷ്ട്രീയത്തെയും സമൂഹത്തെയും ഒഴിച്ച് നിര്‍ത്തി ഒരു കായിക മാമാങ്കവും ഉണ്ടാവാറില്ല. രാജ്യങ്ങളുടെ ബഹിഷ്‌കരണങ്ങള്‍, തൊഴിലാളി സമരങ്ങള്‍, കഴിഞ്ഞ ഡല്‍ഹി കോമണ്‍ വെല്‍ത്ത് ഗെയിംസ് പോലെ വലിയ അഴിമതി ആരോപണങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒക്കെ ഇത്തരം മേളകളുടെ കൂടെ പതിവുള്ളതാണ്.
ഖത്തര്‍ വേള്‍ഡ് കപ്പിനോടനുബന്ധിച്ചു ഇത്തരം വലിയ ബഹളങ്ങളൊന്നും ഉണ്ടായില്ല. ചില റിട്ടയേര്‍ഡ് കളിക്കാരും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കാശുണ്ടാക്കി ജീവിക്കാം എന്ന് കരുതുന്ന യൂട്യൂബുകാരും ചില വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായില്ല. ഗാര്‍ഡിയന്‍, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ ഖത്തറിലെ മുന്നൊരുക്കങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചിരുന്നുവെങ്കിലും അതൊന്നും വലിയൊരു വിവാദമായി വളര്‍ന്നുമില്ല, അത്തരം വിമര്‍ശനങ്ങളില്‍ സ്വീകരിക്കേണ്ടതെന്ന് തോന്നിയവ സ്വീകരിച്ചും അവഗണിക്കേണ്ടത് അവഗണിച്ചും ഖത്തര്‍ മികച്ച സംഘാടനം തന്നെ കാഴ്ച വച്ചു.
മൂന്ന് – ബം ഷവര്‍ : നൂറ്റാണ്ടുകളായുള്ള വിവാദമാണ് ടോയ്‌ലെറ്റില്‍ വെള്ളം ഉപയോഗിക്കണോ അതോ പേപ്പര്‍ ഉപയോഗിക്കണോ എന്നത്. വെള്ളം ഉപയോഗിച്ച് കൈ കൊണ്ട് തേച്ചു കഴുകിയില്ലെങ്കില്‍ വൃത്തിയാകില്ല എന്നതാണ് ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള സൗത്ത് ഏഷ്യക്കാരും മിഡില്‍ ഈസ്റ്റുകാരും ഒക്കെ കരുതുന്നത്. മറിച്ചു കൈ ഉപയോഗിക്കുന്നത് ശുചിത്വമില്ലായ്മയാണെന്നും കയ്യിലൂടെ രോഗങ്ങള്‍ പകരുമെന്നും അതുകൊണ്ട് പേപ്പര്‍ ഉപയോഗിക്കുന്നതാണ് വൃത്തി എന്നുമാണ് പാശ്ചാത്യര്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ കരുതുന്നത്.
ഈ വിവാദം തുടങ്ങിയിട്ട് കാലം കുറെയായി, അടുത്തൊന്നും അവസാനിക്കുകയും ഇല്ല. ഇതിനിടയിലാണ് ഖത്തറിലെ ബം ഷവറുകള്‍ വലിയ ചര്‍ച്ചയാകുന്നത്. ബം ഷവര്‍ ഉപയോഗിക്കുമ്പോള്‍ പേപ്പറും വേണ്ട കയ്യും വേണ്ട നല്ല ശക്തിയില്‍ വെള്ളം പമ്പ് ചെയ്താല്‍ മതി വൃത്തിയാവാന്‍ എന്നാണ് കുറെ ലാറ്റിന്‍ അമേരിക്കക്കാരും യൂറോപ്പുകാരും കണ്ടെത്തിയത്. നൂറ്റാണ്ടുകള്‍ നീണ്ട ഒരു വിവാദത്തിന് രണ്ടു കൂട്ടര്‍ക്കും യോജിക്കാന്‍ പറ്റുന്ന ഒരു പരിഹാരമാണ് തെളിഞ്ഞു വരുന്നത്.
നാല് – ഇന്ത്യ-പാക് : സ്റ്റാറ്റ്‌സ് ഓഫ് ഇന്ത്യ നടത്തിയ ഒരു പഠനം അനുസരിച്ചു സൗത്ത് ഇന്ത്യക്കാരും നോര്‍ത്ത് ഈസ്റ്റുകാരും മാത്രമേ ഫുട്‌ബോള്‍ കാണുന്നുള്ളൂ. നോര്‍ത്ത് ഇന്ത്യക്കാര്‍ വളരെ കുറച്ചു മാത്രം ഫുട്‌ബോളും പ്രധാനമായി ക്രിക്കറ്റുമാണ് കാണുന്നത്. ക്രിക്കറ്റ് എന്ന് പറഞ്ഞാല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ മാത്രം. ചെറുപ്പക്കാരുടെ മുഴുവന്‍ മത്സാരാവേശങ്ങള്‍ ശമിപ്പിക്കുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഇന്ത്യ-പാക്കിസ്ഥാന്‍ മാച്ചുകള്‍ മാത്രമാണെന്നര്‍ത്ഥം. ഇന്ത്യക്ക് സ്‌പോര്‍ട്‌സ് ഭൂപടത്തില്‍ ഒരു സ്ഥാനം വേണമെന്നോ ലോക വേദികളില്‍ ഇന്ത്യന്‍ പതാക പറക്കണം എന്നോ ദേശീയ ഗാനം മുഴങ്ങണമെന്നോ നാട്ടുകാര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ ഒരു ആഗ്രഹവുമില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പാകിസ്ഥാനെ തോല്‍പിക്കണം, സന്തോഷം, സ്വസ്ഥം.
അഞ്ച് – അര്‍ജെന്റീന എന്ന ഭാരം : മറഡോണ വേള്‍ഡ് കപ്പ് ഏറ്റു വാങ്ങിയ 1986 ലെ മെക്‌സിക്കോ വേള്‍ഡ് കപ്പ് അധികം മലയാളികള്‍ കണ്ടിട്ടില്ല. ഗ്രാമങ്ങളില്‍ ടെലിവിഷന്‍ വ്യാപകമായിരുന്നില്ല അക്കാലത്ത്. ടി.വിയുള്ള ഏതെങ്കിലും വീട്ടില്‍ ഇടിച്ചു കയറി കളി കാണാമെന്നു വച്ചാല്‍ പാതിരാത്രിയും പുലര്‍ച്ചെയുമായിരുന്നു കളികള്‍. വെറും ഇരുപത്തഞ്ചു വയസ്സുള്ള മറഡോണ ക്യാപ്റ്റനായി വേള്‍ഡ് കപ്പ് ഏറ്റു വാങ്ങിയതിന്റെ വീരകഥകള്‍, ദൈവത്തിന്റെ കൈയും നൂറ്റാണ്ടിലെ ഗോളും, അസംഘ്യം ഫൗളുകളും, ഫൗള്‍ ചെയ്യപ്പെട്ടതിന് ശേഷമുള്ള മറഡോണയുടെ ദയനീയ മുഖവും പ്രാര്‍ഥനയും, കഥകളുടെ പ്രവാഹമായിരുന്നു അടുത്ത ലോകകപ്പ് നടക്കുന്നത് വരെ.
സ്വാഭാവികമായും ഇറ്റലിയില്‍ മറഡോണ കപ്പ് ഉയര്‍ത്തുന്നത് കാണാന്‍ ഒരു തലമുറ മുഴുവന്‍ കാത്തിരുന്നു. പക്ഷെ റോമില്‍ നടന്ന ഫൈനലില്‍ വെസ്റ്റ് ജര്‍മനി ഒരു ഗോളിന് മറഡോണയുടെ ടീമിനെ തോല്‍പ്പിച്ചു. പിന്നീട് അടുത്ത നാലു വര്‍ഷത്തേക്കുള്ള കാത്തിരിപ്പായി. അതിനിടയില്‍ വെസ്റ്റ് ജര്‍മനിയും ഈസ്റ്റ് ജര്‍മനിയും ഒന്നിച്ചു വെറും ജര്‍മനിയായി. പക്ഷെ മലയാളിയുടെ കാത്തിരിപ്പിനു മാറ്റമൊന്നും ഉണ്ടായില്ല. 1994 ല്‍ മറഡോണ ഡ്രഗ് ടെസ്റ്റില്‍ പരാജയപ്പെട്ടു പുറത്തായി.
കാലം കഴിഞ്ഞു, 86 ലെ കുട്ടികളൊക്കെ യുവാക്കളായി കല്യാണം കഴിച്ചു, അവര്‍ക്കും കുട്ടികളായി. അര്‍ജന്റീനയോടുള്ള ആരാധന എന്നത് ഒരു മതം പോലെ അടുത്ത തലമുറയിലേക്ക് കൈമാറി. അവരും കാത്തിരിപ്പു തുടര്‍ന്നു. 2010 ല്‍ കോച്ചായി മറഡോണ വന്നപ്പോള്‍ 86 ലെ കുട്ടികള്‍ അവരുടെ കുട്ടികള്‍ക്ക് മറഡോണയെ കാണിച്ചു കൊടുത്തു. കാത്തിരുന്നു കാത്തിരുന്ന് ആരാധകര്‍ കവികളായി. റൊസാരിയോയിലെ തെരുവുകളെ കുറിച്ചും ബ്യുണസ് അയേഴ്‌സിലെ തെരുവ് വിലക്കുകളെ കുറിച്ചും കേരളത്തിലിരുന്ന് അവര്‍ കവിതകളെഴുതി.
അവസാനം കാത്തിരുന്ന മിശിഹാ ഖത്തറില്‍ വന്നു കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ക്ക് ശാപമോക്ഷം നല്‍കി. ഇനി അവര്‍ക്ക് മറഡോണ നൊസ്റ്റാള്‍ജിയകളില്‍ നിന്ന് മോചനം നേടാം, ആയുസ്സിന്റെ നല്ലൊരു ഭാഗവും തലയിലേറ്റി നടന്ന കാത്തിരിപ്പിന്റെ ഭാരം ഇറക്കി വെയ്ക്കാം, കവിതയെഴുത്തു അവസാനിപ്പിക്കാം.
ആറ് – മനുഷ്യരുടെ കഥ : ലോകകപ്പ് മാമാങ്കങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാത്ത കാഴ്ചകള്‍ നല്‍കും, മനുഷ്യരുടെ കാഴ്ചകള്‍. ആഫിക്കയില്‍ നിന്നു യുറോപിലെത്തി യൂറോപ്യന്‍ ടീമുകളില്‍ കളിക്കുന്ന കറുത്തവര്‍, യൂറോപ്പിലും കാനഡയിലും ജനിച്ചു ആഫ്രിക്കയില്‍ വന്നു മൊറോക്കോക്ക് വേണ്ടി കളിക്കുന്നവര്‍, കേരളത്തില്‍ നിന്ന് പ്രവാസികളായി ഗള്‍ഫില്‍ വന്നു തങ്ങള്‍ ഒരിക്കലും പോവാനിടയില്ലാത്ത ലാറ്റിന്‍ അമേരിക്കയിലെ ഏതൊക്കെയോ മനുഷ്യര്‍ക്ക് വേണ്ടി ചെണ്ട കൊട്ടി പാട്ടു പാടി തെരുവുകളിലലയുന്ന മലയാളികള്‍, ടാന്‍സാനിയയില്‍ നിന്നും പോളണ്ടില്‍ നിന്നും ബോസ്‌നിയയില്‍ നിന്നും വളണ്ടിയറായി ഖത്തറില്‍ വന്നു ഇംഗ്ലീഷിലും അറബിയിലും ‘മെട്രോ ദിസ് വേ’ എന്ന് പല താളങ്ങളില്‍ അതിഥികള്‍ക്ക് വഴി കാണിക്കുന്നവര്‍. പണ്ട് ഒരു ശ്രീനിവാസന്‍ കഥാപാത്രം പറഞ്ഞതാണ് സത്യം, മനുഷ്യരുടെ കഥ എല്ലായിടത്തും ഒന്ന് തന്നെ.
ഏഴ് – പൊതു ഗതാഗതം : ഒരു രാജ്യം സമ്പന്നമാകുന്നത് എല്ലാവരും കാര്‍ വാങ്ങുമ്പോഴല്ല, എല്ലാവരും പൊതു ഗതാഗതം ഉപയോഗിക്കുമ്പോഴാണ് എന്നോ മറ്റോ ആരോ പറഞ്ഞതായി ഇടക്കിടെ വായിക്കാറുണ്ട്. ഖത്തര്‍ ലോകകപ്പ് ലോകത്തിന് കാണിച്ചു കൊടുത്ത പല കാര്യങ്ങളില്‍ ഒന്നാണ് പൊതു ഗതാഗതത്തിന്റെ കാര്യക്ഷമമായ ഉപയോഗം.
സ്വകാര്യ വാഹനങ്ങള്‍ മിക്കതും റോഡില്‍ നിന്ന് പുറത്തായി, ഗതാഗതം മുഴുവന്‍ ഒന്നുകില്‍ മെട്രോയില്‍ അല്ലെങ്കില്‍ ബസ്സുകളില്‍ എന്നായി. ട്രാഫിക് ബ്ലോക്കുകള്‍ ഇല്ലാതായി. ആളുകള്‍ക്ക് വിചാരിച്ച സ്ഥലങ്ങളില്‍ കൃത്യ സമയത്ത് ബുദ്ധിമുട്ടില്ലാതെ എത്തി ചേരാന്‍ കഴിഞ്ഞു. അന്തരീക്ഷ മലിനീകരണം ഇല്ലാതായി. സമ്പന്നരും സൂപ്പര്‍ താരങ്ങളും സാധാരണക്കാരും ഒരു പോലെ മെട്രോയും ബസും ഉപയോഗിച്ചു. മറ്റു പല കാര്യങ്ങളിലെന്ന പോലെ യാത്രാ രീതികളിലും മനുഷ്യര്‍ തുല്യരായി. ഖത്തറില്‍ വേള്‍ഡ് കപ്പ് കണ്ട അനേകായിരം മലയാളികള്‍ ഒരുപക്ഷെ തിരിച്ചു പോയി കെ-റയില്‍ വേണം എന്ന് പറഞ്ഞു സമരം ചെയ്താലും അത്ഭുതപ്പെടാനില്ല.
എട്ട് – രാഷ്ട്രീയം : ഇറാന്‍ ടീമിന്റെ പ്രതിഷേധവും ജര്‍മന്‍ ടീമംഗങ്ങള്‍ വായ പൊത്തിയതും ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളും പൊതുവെ ശ്രദ്ധിക്കപ്പെട്ടു. തീരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതാണ് മൊറോക്കോ ആരാധകരുടെ മുദ്രാവാക്യങ്ങള്‍.
ഏറ്റവും നന്നായി തങ്ങളുടെ ടീമിന് വേണ്ടി പാട്ടു പാടിക്കൊണ്ട് സ്റ്റേഡിയത്തിലും പുറത്തും നിറഞ്ഞത് മെക്‌സിക്കോ ആരാധകരും മൊറോക്കോ ആരാധകരുമായിരുന്നു. മൊറോക്കോ ആരാധകര്‍ മുഴക്കിക്കൊണ്ടിരുന്നത് മുഴുവന്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളായിരുന്നു എന്നതായിരുന്നു പ്രധാന പ്രത്യേകത. കുറച്ചു വരികളുടെ ഏകദേശ വിവര്‍ത്തനം താഴെ കൊടുക്കുന്നു. വീഡിയോ ഇവിടെ കാണാം
And they (the government ) eat people’s livelihood
And if you see the stadiums empty
It means your sons are migrated
As I cross the sea
Forgive me mother
by God it wasn’t my choice
They gave us no employment
നാടുവിട്ടു പൊയ്‌ക്കൊണ്ടിരുന്ന നമ്മുടെ പുതിയ തലമുറ നാളെ ഏതെങ്കിലും ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ ഇതേ പാട്ട് പാടുന്നത് കേട്ടുകൂടെന്നില്ല. രാഷ്ട്രീയവും സമൂഹവുമാണ് ഫുട്ബാളിന്റെ ജീവനും താളവും, അത് രണ്ടും ഇല്ലാതെ ഫുട്ബാള്‍ ഇല്ല.