| Saturday, 18th March 2023, 4:46 pm

പണം വിഷയമല്ല; മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങിയേ തീരു; കൂടുതൽ പണം മുടക്കാൻ ഖത്തർ ഷെയ്ഖ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ തയ്യാറെടുത്തിരിക്കുകയാണ് ഖത്തർ ഇസ്ലാമിക് ബാങ്കിന്റെ ചെയർമാനായ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി.

അൽ താനിയുടെ നേതൃത്വത്തിലുള്ള ദ നയൻ ടു ഫൗണ്ടേഷൻ യുണൈറ്റഡിനെ വാങ്ങാനായി ബിഡ് സമർപ്പിച്ചിരുന്നു.
എന്നാൽ ക്ലബ്ബിനെ വാങ്ങാനുള്ള രണ്ടാം ബിഡ് സമർപ്പിക്കേണ്ട സമയത്ത് യുണൈറ്റഡ് ഉടമകളായ ഗ്ലെസേഴ്സ് കുടുംബം തീരുമാനിച്ചതിലും കൂടുതൽ തുക വാഗ്ധാനം ചെയ്യാൻ ഷെയ്ഖ് അൽ താനി ശ്രമിക്കുന്നതായി സ്കൈ സ്‌പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ക്ലബ്ബിന്റെ ഓഹരി മൊത്തത്തിൽ വാങ്ങാനാണ് ജാസിം അൽ താനിക്ക് താൽപര്യമെന്നും സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടിലുണ്ട്.

നാല് ബില്യൺ പൗണ്ടാണ് ഗ്ലെസേഴ്സ് കുടുംബം യുണൈറ്റഡിന് കണക്കാക്കിയിരിക്കുന്ന ഏകദേശ മൂല്യം. എന്നാൽ ആറ് ബില്യൺ വരെയെങ്കിലും നൽകി ക്ലബ്ബിനെ സ്വന്തമാക്കാൻ അൽ താനിക്ക് സമ്മതമാണെന്നാണ് സ്കൈ സ്പോർട്സ് പറയുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഉറപ്പിച്ചാണ് അൽ താനി നയൻ ടു ഫൗണ്ടേഷൻ സ്ഥാപിച്ചിരിക്കുന്നത്.1992 ലെ യുണൈറ്റഡിന്റെ ‘ക്ലാസ്സ്‌ ഓഫ് 92’ ജനറേഷനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അൽ താനി യുണൈറ്റഡിനെ വാങ്ങാൻ മൂലധനം മുടക്കുന്ന നയൻ ടു ഫൗണ്ടേഷന് ആ പേര് നൽകിയത്.

ഷെയ്ഖ് ജാസിം അൽ താനിയെക്കൂടാതെ സർ ജിമ്മി റാക്ലിഫും യുണൈറ്റഡിനെ വാങ്ങാനായി മുൻ പന്തിയിൽ തന്നെയുണ്ട്.

ഇവരിൽ ആര് ക്ലബ്ബിനെ സ്വന്തമാക്കിയാലും റെക്കോഡ് തുകക്കാവും യുണൈറ്റഡിന്റെ വിൽപന നടക്കുക.

യുണൈറ്റഡിനെ കൂടാതെ പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളും വിൽപനക്കുണ്ട് എന്ന റിപ്പോട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.

Content Highlights:qatar Sheikh willing to overpay to buy manchester united in second bid

We use cookies to give you the best possible experience. Learn more