|

എക്‌സിറ്റ് വിസ സമ്പ്രദായം എടുത്തുമാറ്റി ഖത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകണമെങ്കില്‍ എക്‌സിറ്റ് വിസ വേണ്ടെന്ന നിയമത്തിന് ഖത്തര്‍ അംഗീകാരം നല്‍കി. രാജ്യം വിട്ടുപോകാന്‍ തൊഴില്‍ദാതാവിന്റെ അനുമതി വേണമെന്ന നിയമമാണ് എടുത്തുമാറ്റിയത്.

പുതിയ നിയമപ്രകാരം എല്ലാ കമ്പനികളിലെയും ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന മാക്‌സിമം 5% പേര്‍ക്കു മാത്രമേ ഖത്തര്‍ വിടാന്‍ അനുമതി ആവശ്യമുള്ളൂ. “പ്രാവാസികളുടെ വരവും തിരിച്ചുപോക്കും താമസവും നിയന്ത്രിക്കാനാണ്” ഈ നിയമമാറ്റം.

ഖത്തറിന്റെ നീക്കത്തെ യു.എന്‍ ഏജന്‍സിയായ അന്താരാഷ്ട്ര തൊഴില്‍ ഏജന്‍സി സ്വാഗതം ചെയ്തു. ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തില്‍ പോസിറ്റീവായ സ്വാധീനം സൃഷ്ടിക്കാന്‍ ഈ നിയമത്തിനു കഴിയുമെന്നും സംഘടന നിരീക്ഷിച്ചു.

Also Read:“ഒന്നുകില്‍ നയംമാറ്റം, അല്ലെങ്കില്‍ സര്‍ക്കാര്‍ മാറ്റം”; മൂന്നുലക്ഷം പേരെ അണിനിരത്തിയുള്ള കര്‍ഷകത്തൊഴിലാളി മാര്‍ച്ച് അല്‍പ്പസമയത്തിനകം

” തൊഴില്‍ പരിഷ്‌കരണത്തിനും മറ്റു നടപടിക്രമങ്ങളിലും ഖത്തര്‍ സര്‍ക്കാറിനുള്ള അര്‍പ്പണബോധം വ്യക്തമാക്കുന്നതാണ് എക്‌സിറ്റ് പെര്‍മിറ്റുകള്‍ വേണ്ടെന്നുവെയ്ക്കാനുള്ള തീരുമാനം” എന്നും അന്താരാഷ്ട്ര ലേബര്‍ സംഘടന തലവന്‍ ഹൗതാന്‍ ഹുമയൂണ്‍പൂര്‍ പ്രസ്താവനയില്‍ അറിയിച്ചു.

2022ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിനു മുമ്പായി തൊഴില്‍ ചൂഷണമെന്ന ആരോപണം തങ്ങള്‍ക്കുമേലില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഖത്തര്‍ നടത്തുന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഗര്‍ഫ് രാജ്യങ്ങളില്‍ വളരെ സാധാരണമായ “കഫീല്‍” അല്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായത്തിന്റെ പേരില്‍ തൊഴിലാളി അവകാശ സംഘടനകള്‍ ഖത്തറിനെതിരെ രൂക്ഷമായി ആക്രമിച്ചിരുന്നു.