| Friday, 8th January 2021, 1:42 pm

തുര്‍ക്കിയും ഇറാനുമായുള്ള ബന്ധത്തില്‍ ഒരു മാറ്റവുമില്ല, അല്‍ജസീറ പൂട്ടുന്നത് ചര്‍ച്ചയേ ചെയ്തില്ല; ജി.സി.സിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഖത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: തുര്‍ക്കിയുമായും ഇറാനുമായുമുള്ള ബന്ധത്തില്‍ ഒരു മാറ്റവുമില്ലെന്ന് ജി.സി.സിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഖത്തര്‍. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ഖത്തര്‍ തങ്ങളുടെ സ്വതന്ത്രമായ വിദേശ നയങ്ങള്‍ തുടരുമെന്നും വിദേശരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഒരു രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍രഹ്മാന്‍ അല്‍-താനി പറഞ്ഞു.

ഖത്തര്‍ ഇറാനുമായും തുര്‍ക്കിയുമായുള്ള അടുത്ത ബന്ധം അവസാനിപ്പിക്കണം, അല്‍ ജസീറ അടച്ചൂപൂട്ടണം, ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റുകള്‍ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കണം തുടങ്ങിയവയായിരുന്നു ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിന് ജി.സി.സിയിലെ സൗദി ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ മുന്നോട്ട് വെച്ച പ്രധാന കാരണങ്ങള്‍.

എന്നാല്‍ ഖത്തര്‍ ഇത് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഖത്തറിന് മേല്‍ മുന്നര വര്‍ഷം നീണ്ടു നിന്ന ഉപരോധം ഏര്‍പ്പെടുത്തിയത്.

ഉപരോധം പിന്‍വലിച്ചതിന് ശേഷം ഖത്തര്‍ തങ്ങളുടെ പരമാധികാരവുമായി ബന്ധപ്പെട്ട നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

അല്‍ജസീറ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജി.സി.സി സമ്മിറ്റില്‍ ചര്‍ച്ചചെയ്തില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. 2017ല്‍ ഉപരോധം ഏര്‍പ്പെടുത്തുമ്പോള്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു അല്‍ജസീറയുടെ ഓഫീസ് അടച്ചുപൂട്ടണമെന്നത്.

ഇതിലും ഖത്തറിന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കുവൈത്തിന്റെ മധ്യസ്ഥതയിലാണ് ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചത്. നേരത്തെയും പലകുറി കുവൈത്ത് ഉപരോധം അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.

ട്രംപിന് പടിയിറങ്ങുന്നതിന് മുന്‍പ് തങ്ങളുടെ പശ്ചിമേഷ്യന്‍ നയങ്ങള്‍ വിജയകരമാണെന്ന് വരുത്തിതീര്‍ക്കേണ്ടതുമുണ്ടായിരുന്നു.

പെട്ടെന്ന് ഉപരോധം നീക്കാന്‍ ഇതൊരു പ്രധാന കാരണമായി വിലയിരുത്തുന്നുണ്ട്. യു.എ.ഇയും ബഹ്റൈനും ചേര്‍ന്ന് ഇസ്രഈലുമായി ചരിത്രപരമായ സമാധാനക്കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ജി.സി.സി രാജ്യങ്ങള്‍ ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ച് തുടങ്ങുന്നതും.

മാത്രവുമല്ല ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ജി.സി.സിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതും ആവശ്യമായി വന്നിരുന്നു. ജി.സി.സിയിലെ വിള്ളലുകള്‍ മുതലെടുത്ത് ഇറാന്‍ ശക്തിപ്പെട്ട് വരുമെന്ന ഭയം അമേരിക്കയ്ക്ക് ഉണ്ടായിരുന്നു.

സൗദിയും ഖത്തര്‍ ഉപരോധ വിഷയത്തില്‍ വലിയ സമ്മര്‍ദ്ദം തന്നെ നേരിട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനേറ്റ പ്രഹരം അദ്ദേഹത്തിനോട് വളരെ അടുത്ത് നില്‍ക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാനും ശുഭകരമായ വാര്‍ത്തയായിരുന്നില്ല.

ബെഡന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള ആണവകരാര്‍ ഉള്‍പ്പെടെ പുനഃസ്ഥാപിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Qatar says it will not alter relations with Iran or Turkey after Gulf breakthrough

We use cookies to give you the best possible experience. Learn more