ഗസയിലെ ഇസ്രഈല്‍-ഹമാസ് ഉടമ്പടി രണ്ട് ദിവസത്തേക്ക് കൂടിനീട്ടിയതായി ഖത്തര്‍
national news
ഗസയിലെ ഇസ്രഈല്‍-ഹമാസ് ഉടമ്പടി രണ്ട് ദിവസത്തേക്ക് കൂടിനീട്ടിയതായി ഖത്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th November 2023, 11:46 pm

ദോഹ: ഇസ്രഈലും ഹമാസും തമ്മിലുള്ള ഉടമ്പടി രണ്ടുദിവസത്തേക്ക് കൂടി നീട്ടുമെന്ന് അറിയിച്ച് ഖത്തറും ഹമാസും. നേരത്തെ നിശ്ചയിച്ച പ്രകാരം നാല് ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പുതിയ അറിയിപ്പ്.

‘മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി, ഗസ മുനമ്പില്‍ രണ്ടു ദിവസത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയില്‍ എത്തിയതായി ഖത്തര്‍ പ്രഖ്യാപിക്കുന്നു,’ ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അസാരി എക്‌സില്‍ കുറിച്ചു.

ഹമാസ് കൂടുതല്‍ ബന്ദികളെ വിട്ടുനല്‍കിയാല്‍ കൂടുതല്‍ ദിവസങ്ങള്‍ വെടി നിര്‍ത്തല്‍ ഉണ്ടാകുമെന്ന് കരാറില്‍ പറഞ്ഞതായി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഗാസി അഹമ്മദ് അല്‍ ജസീറയോട് പറഞ്ഞു.

‘കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനും കരാര്‍ രണ്ട് ദിവസത്തേക്ക് നീട്ടാനും ഞങ്ങള്‍ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. ഇത് ഞങ്ങളുടെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ഗസയിലെ ജനങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ്. ഈ യുദ്ധത്തിന്റെ അവസാനം വരെ നമുക്ക് അത് നീട്ടാന്‍ കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ താത്ക്കാലിക വെടിനിര്‍ത്തലിലാണ്, പക്ഷേ ഞങ്ങള്‍ അത് നീട്ടാന്‍ ശ്രമിക്കുകയാണ്. ഈ ദുരന്തം അവസാനിപ്പിക്കാന്‍ ഖത്തര്‍, ഈജിപ്ത്, നിരവധി പാശ്ചാത്യ ഗവണ്‍മെന്റുകള്‍ എന്നിവയില്‍ നിന്ന് ധാരാളം പിന്തുണയുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപക്ഷവും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഇസ്രഈല്‍ ജയിലിലുകളില്‍ തടവിലായിരുന്ന 117 ഫലസ്തീനി തടവുകാര്‍ക്ക് പകരമായി 39 ഇസ്രഈലി ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. 17തായ്‌ലന്‍ഡ്കാരും ഒരു ഫിലിപ്പിനോയും ഒരു റഷ്യന്‍ -ഇസ്രയേല്‍ പൗരനും ഹമാസ് മോചിപ്പിച്ച ബന്ദികളില്‍ ഉള്‍പ്പെടുന്നു.

content highlight : Qatar said Israel-Hamas truce in Gaza extended by two days