| Tuesday, 5th January 2021, 8:07 am

ഖത്തര്‍ അമീര്‍ ഇന്ന് സൗദിയില്‍; ജി.സി.സി യോഗത്തില്‍ പങ്കെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയതിന് പിന്നാലെ ചൊവ്വാഴ്ച നടക്കുന്ന ജി.സി.സി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും.

ഖത്തര്‍ സര്‍ക്കാറിന്റെ വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഷെയഖ് ബിന്‍ ഹമദ് അല്‍ താനി ജി.സി.സി യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.

കുവൈത്ത് മന്ത്രി സൗദി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഖത്തര്‍ അമീര്‍ ജി.സി.സി യോഗത്തിലെത്തുമെന്ന് അറിയിച്ചത്.

ഖത്തറിനുമേല്‍ അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ നടന്ന ജി.സി.സി യോഗങ്ങളില്‍ ഖത്തര്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ ഉപരോധം നീക്കിയതിന് പിന്നാലെ ഖത്തര്‍ അമീര്‍ പങ്കെടുക്കുന്ന ജി.സി.സി യോഗം നിര്‍ണായകമാകും.

ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിന് തടസമില്ലെന്ന് ഖത്തറിന്റെ വിദേശകാര്യമന്ത്രിയും അറിയിച്ചിരുന്നു.

യു.എസ് വക്താവ് ജെറാദ് കുഷ്നറുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അതിര്‍ത്തികള്‍ തുറക്കാനുള്ള ശ്രമം ആരംഭിച്ചത്. സൗദിയില്‍ ജിസിസി ഉച്ചകോടി ഇന്ന് തുടങ്ങാനിരിക്കെയാണ് തീരുമാനം. അതേസമയം മറ്റു ജിസിസി രാജ്യങ്ങളുമായുള്ള ഉപരോധം ഇപ്പോഴും തുടരുകയാണ്.

ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഇനി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് സൗദിയുടെ തീരുമാനം. ഗള്‍ഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്നാണ് ഉപരോധം അവസാനിപ്പിച്ച് കൊണ്ട് സൗദി കിരീടാവകാശി പറഞ്ഞു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ് അയല്‍ രാജ്യവുമായുള്ള തര്‍ക്ക പരിഹാരത്തിന് സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2017 ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ദോഹ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളെ സ്‌പോണ്‍സര്‍ ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം.

എന്നാല്‍ ഖത്തര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് അമേരിക്കയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ഇളവു നല്‍കാന്‍ ഉപരോധമേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.

തര്‍ക്കം ഇറാനെതിരെ സൃഷ്ടിച്ച അറബ് സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക അമേരിക്ക പങ്കുവെച്ചിരുന്നു. തര്‍ക്കത്തില്‍ നിന്നും ടെഹ്‌റാന്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു അമേരിക്കയുടെ ആശങ്ക.

2017 മെയ് 20നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തുന്നത്. സൗദി അറേബ്യയോടും, യു.എ.ഇയോടും ഖത്തറിന്റെ വിമാന സര്‍വ്വീസുകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Qatar’s emir to attend Tuesday’s GCC summit in Saudi Arabia

Latest Stories

We use cookies to give you the best possible experience. Learn more