ന്യൂദല്‍ഹി: ഇസ്രഈലിനു വേണ്ടി ചാരപ്രവര്‍ത്തി നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഖത്തര്‍ വധശിക്ഷ വിധിച്ചതില്‍ ആശങ്ക രേഖപ്പെടുത്തി കെജ്‌രിവാള്‍.
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യക്കാരെ രക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആം ആദ്മി പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
‘ഇന്ത്യക്കാരുടെ മോചനത്തിനായി ഞങ്ങളുടെ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയായിരുന്നു.എങ്ങനെയെങ്കിലും അവരെ രക്ഷിക്കൂ’, അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ച സംഭവത്തില്‍ ഇന്ത്യ ഞെട്ടല്‍ പ്രകടിപ്പിക്കുകയും കേസിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘വധശിക്ഷ വിധിയില്‍ ഞങ്ങള്‍ അഗാധമായ ഞെട്ടലിലാണ്. അവരുടെ കുടുംബാംഗങ്ങളുമായും നിയമ ടീമുകളുമായും ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അവരെ രക്ഷിക്കാനുള്ള നിയമപരമായ എല്ലാ വഴികളും ഞങ്ങള്‍ തേടും,’കേന്ദ്ര വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഇസ്രഈലിനു വേണ്ടി ചാരപ്രവര്‍ത്തി ആരോപിച്ചാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് ഖത്തര്‍ വധശിക്ഷ വിധിച്ചത്. നേരത്തെ ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ മേജര്‍ കമാന്‍ഡര്‍ ആയിരുന്ന ഇപ്പോള്‍ ഖത്തറിന്റെ സായുധസേനയ്ക്ക് പരിശീലനവും സേവനവും നല്‍കുന്ന സ്വകാര്യ സ്ഥാപനമായ ഗ്ലോബല്‍ ടെക്‌നോളജി ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ജോലി ചെയ്യുന്ന ആളും വധശിക്ഷയ്ക്ക് വിധിച്ചവരില്‍ ഉള്‍പ്പെടുന്നു.
ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്രകുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ വസിഷ്ട്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുകുമാര്‍ പാക്ല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയിലര്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഖത്തര്‍ അധികൃതര്‍ തടവു നീട്ടുകയും ചെയ്തിരുന്നു. ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
ഇസ്രഈലിന് വേണ്ടി ചാരപ്രവര്‍ത്തി നടത്തി എന്നതാണ് ഖത്തര്‍ ഇവര്‍ക്ക് മേല്‍ ചുമത്തിയ കുറ്റമെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റാലിയന്‍ ടെക്‌നോളജി അടിസ്ഥാനമാക്കി മിഡ്ജറ്റ് അന്തര്‍വാഹിനി നിര്‍മ്മിക്കുന്ന ദഹറ ഗ്ലോബല്‍ ടെക്‌നോളജിസിന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ് വധശിക്ഷയ്ക്ക് വിധിച്ച നാവികര്‍.
Content Highlight: Qatar’s death sentance to 8 Indians , response of Aravind Kejriwal