ദോഹ: ദമസ്‌കസില്‍ ഖത്തര്‍ എംബസി പുനരാരംഭിക്കില്ലെന്ന് വ്യക്തമാക്കി ഖത്തര്‍ വിദേശകാര്യമന്ത്രി. സിറിയന്‍ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയാണെന്നും സിറിയന്‍ ഭരണകൂടവുമായി സഹകരിക്കാനാകില്ലെന്നും ഖത്തര് വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.
“”ഒരു യുദ്ധക്കുറ്റവാളിയുമായി സഹകരിക്കുന്നത് ഖത്തറിന്റെ അജണ്ടയല്ല. ആരെങ്കിലും അങ്ങിനെയൊരു നിലപാട് സ്വീകരിച്ചാല്‍ അംഗീകരിക്കില്ല””. ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.
ALSO READ: വംശീയ പരാമര്‍ശം; ജെയിംസ് വാട്ട്സന്റെ നൊബേല്‍ പദവി തിരിച്ചെടുത്തു
“”2000ത്തില്‍ എതിരാളികളില്ലാതെയാണ് അസദ് അധികാരത്തിലെത്തിയത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി അയാള്‍ ഭരിക്കുന്നു. എട്ടുവര്‍ഷമായി സിറിയ ആഭ്യന്തര യുദ്ധഭീഷണിയിലാണ്.നാളിതുവരെയായിട്ടും ദുരന്തത്തിന്റെ തോത് കൂടിയതല്ലാതെ കുറഞ്ഞട്ടില്ല.-അസദുമായി സഹകരിക്കാത്തതിന്റെ നയം വിശദീകരിച്ച് അല്‍താനി വ്യക്തമാക്കി.
അസദിന് കീഴിലുള്ള സിറിയയെ അറബ് ലീഗില്‍ തിരിച്ചെടുക്കില്ല. സിറിയന്‍ ജനതയെ അസദ് ചുട്ടുകൊല്ലുകയാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ അല്‍താനി പറഞ്ഞു. 2011ലാണ് അറബ് ലീഗില്‍ നിന്ന് സിറിയയെ പുറത്താക്കുന്നത്.
യു.എ.ഇയും ബഹ്‌റൈനും ദമസ്‌കസില്‍ എംബസി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്.