ജിദ്ദ: ഖത്തറിലെ യു.എസ് സൈന്യത്തെ പിന്‍വലിച്ചാല്‍ ഖത്തര്‍ തകരാന്‍ ഒരാഴ്ച മതിയെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. സിറിയയിലെ അമേരിക്കയുടെ സൈനിക ഇടപെടലിന് ഫണ്ട് നല്‍കണമെന്നും സിറിയയിലേക്ക് ഖത്തര്‍ പട്ടാളത്തെ അയക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് സൗദി മന്ത്രിയുടെ പ്രസ്താവന.
അമേരിക്കന്‍ പ്രസിഡന്റ് ഖത്തറിനുള്ള പിന്തുണ അവസാനിപ്പിക്കുന്നതിന് മുമ്പ് സിറിയയിലെ അമേരിക്കന്‍ സൈന്യത്തിന് ഖത്തര്‍ പണം നല്‍കുകയും സൈന്യത്തെ അയക്കുകയും വേണം. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയില്ലാതെ ഖത്തര്‍ ഒരാഴ്ച കൊണ്ട് തകരുമെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.
ഐ.എസിനെതിരായ പോരാട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികമായും അല്ലാതെയും സഹായിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
Read more: പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിനെ കോടതി അയോഗ്യനാക്കി
ട്രംപിന്റെ ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഖത്തറിനോട് പണം നല്‍കാന്‍ ആവശ്യപ്പെട്ട് സൗദി രംഗത്തെത്തിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഖത്തറിനെ സൗദി ഉപരോധിക്കുന്നുണ്ട്.
ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസില്‍ 2001 മുതല്‍ 11,000 അമേരിക്കന്‍ പട്ടാളക്കാര്‍ ക്യാംപ് ചെയ്യുന്നുണ്ട്.