| Sunday, 5th June 2022, 8:31 pm

പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശം: അപലപനീയമെന്ന് ഇന്ത്യന്‍ അംബാസഡറെ നേരിട്ട് അറിയിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ സംഭവം അപലപനീയമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. സംഭവത്തില്‍ രാജ്യം കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ അംബാസഡറെ അറിയിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനവേളയിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രായലയം അതൃപ്തി രേഖപ്പെടുത്തിയത്.

രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ ഭരണകക്ഷി സ്വീകരിച്ച നടപടി പ്രശംസനീയമാണെന്നും കത്തില്‍ പറയുന്നു. എന്നിരുന്നാലും മുസ്‌ലിങ്ങളെ മുഴുവന്‍ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യമായി പ്രതികള്‍ ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശം.

ഇസ്‌ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്‌ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ ആരോപിച്ചിരുന്നു.

Content Highlight: Qatar ministry of affairs condemns the statement of bjp on prophet

Latest Stories

We use cookies to give you the best possible experience. Learn more