ദോഹ: വിദേശ തൊഴിലാളികള്‍ക്കുള്ള എക്‌സിറ്റ് വിസ സമ്പ്രദായം ഈ വര്‍ഷം അവസാനത്തോടെ ഖത്തര്‍ അവസാനിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര തൊഴിലാളി സംഘടന.
‘കഴിഞ്ഞ വര്‍ഷം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും എക്‌സിറ്റ് വിസ സമ്പ്രദായം ഒഴിവാക്കി നല്‍കിയിരുന്നു. ഈ വര്‍ഷം എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഇത് ബാധകമാവും’ ഐ.എല്‍.ഒ പ്രതിനിധി പറഞ്ഞു.
2022 ലോകകപ്പിനോടനുബന്ധിച്ച് രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ഖത്തര്‍ പരിഷ്‌ക്കരിച്ചിരുന്നു. 2018 സെപ്തംബറിലാണ് കഫാല സമ്പ്രദായം നിരോധിക്കാനുള്ള നിയമനിര്‍മ്മാണം ഖത്തര്‍ നടത്തിയത്. വിദേശ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിന് തൊഴിലുടമയുടെ അനുമതി വേണമെന്നായിരുന്നു വ്യവസ്ഥ.
തുടക്കത്തില്‍ കമ്പനികളിലെ മുതിര്‍ന്ന ജീവനക്കാര്‍ക്കാണ് കഫാല സംവിധാനം ഒഴിവാക്കി കൊടുത്തത്. ഈ വര്‍ഷത്തോടെ നിയമത്തിന്റെ ആനുകൂല്യം എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാകും. ലോകകപ്പ് ഫുട്‌ബോളിനൊരുങ്ങുന്ന ഖത്തറില്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊഴില്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി മിനിമം വേതനം 750 ഖത്തര്‍ റിയാല്‍ ആക്കിയിരുന്നു.