മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നാലെ പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻ ക്ലബ്ബിനെയും നോട്ടമിട്ട് ഖത്തർ; റിപ്പോർട്ട്
football news
മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നാലെ പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻ ക്ലബ്ബിനെയും നോട്ടമിട്ട് ഖത്തർ; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th February 2023, 11:22 pm

ഫുട്ബോളിൽ അറബ് രാജ്യങ്ങളിൽ നിന്നും കൂടുതൽ നിക്ഷേപങ്ങൾ വരുന്ന പ്രവണത അടുത്ത കാലത്തായി വർധിച്ചു വരികയാണ്. പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്, തുടങ്ങി പല വമ്പൻ ക്ലബ്ബുകളിലും അറബ് സ്റ്റേറ്റുകളോ, വ്യക്തികളോ നിക്ഷേപം നടത്തിയിരുന്നു.

എന്നാലിപ്പോൾ ഇതിന് പിന്നാലെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച ക്ലബ്ബുകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ ഖത്തർ ഷെയ്ഖായ ജാസിം ബിൻ ഹമദിന് താൽപര്യമുണ്ടെന്ന വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.

ഖത്തർ ഇസ്‌ലാമിക് ബാങ്കിന്റെ ചെയർമാനായ ഷെയ്ഖ് ജാസിം ബിൻ ഹമദ് വമ്പൻ തുകക്കാണ് ക്ലബ്ബിന്റെ മുഴുവൻ അവകാശവും സ്വന്തമാക്കാൻ ബിഡ് സമർപ്പിച്ചിരുന്നത്. ഖത്തറിന്റെ മുൻ പ്രധാന മന്ത്രിയായ ഹമദ് ബിൻ ജാസിം ബിൻ ജാബെർ അൽ താനിയുടെ മകനാണ് ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി.

എന്നാലിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നാലെ പ്രീമിയർ ലീഗിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പറിനെയും ഖത്തറിൽ നിന്നുള്ള ഉടമസ്ഥർ വാങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

മിഡിൽ ഈസ്റ്റ്‌ ഐയാണ് ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ്‌ ടോട്ടൻഹാമിനെയും വാങ്ങാൻ സാധ്യതയുള്ളതായി റിപ്പോർട്ട് ചെയ്തത്. കൂടാതെ ലിവർപൂളിനെയും വാങ്ങാനായി ക്ലബ്ബ് ശ്രമം നടത്തുന്നുണ്ട്.
ലോകകപ്പ് ഫുട്ബോളിന്റെ വമ്പിച്ച വിജയത്തിന് ശേഷമാണ് ഖത്തർ കായിക മേഖലയിൽ വമ്പൻ നിക്ഷേപങ്ങൾ നടത്താൻ തീരുമാനിച്ചത് എന്നാണ് മിഡിൽ ഈസ്റ്റ്‌ ഐയുടെ റിപ്പോർട്ടിൽ പറയുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ ക്ലബ്ബിനെ അതിന്റെ മഹത്തായ ഭൂതകാലത്തിലേക്ക് കൊണ്ട് പോകുമെന്ന് ഷെയ്ഖ് ജാസിം ബിൻ ഹമദ് ഉറപ്പ് നൽകിയിട്ടുണ്ട്. ഏകദേശം നാല് ബില്യണിലേറെ ഡോളറിനാവും ക്ലബ്ബിനെ ഖത്താരി ഉടമകൾ ഏറ്റെടുക്കുകയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

നിലവിൽ ഗ്ലെസേഴ്സ് കുടുംബമാണ് യുണൈറ്റഡിന്റെ ഉടമസ്ഥർ. ഗ്ലെസേഴ്സ് യുണൈറ്റഡിനായി വേണ്ട വിധത്തിൽ നിക്ഷേപങ്ങൾ നടത്തുന്നില്ല എന്ന് ചൂണ്ടികാട്ടി ആരാധകർ ഈ സീസണിന്റെ ആദ്യത്തിൽ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

വളരെ മോശം അവസ്ഥയിലുള്ള ക്ലബ്ബിന്റെ സ്റ്റേഡിയവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പുതിയ ഉടമസ്ഥർ വരുന്നതോടെ മെച്ചപ്പെടും എന്നാണ് ആരാധക പ്രതീക്ഷ.

അതേസമയം നിലവിൽ പ്രീമിയർ ലീഗിൽ 24 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ 49 പോയിന്റുമായി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്. ഫെബ്രുവരി 24ന് ബാഴ്സലോണക്കെതിരെ യൂറോപ്പ ലീഗിലാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

 

Content Highlights:Qatar investors try to buy another Premier League club after bidding for Manchester United – Reports