| Saturday, 2nd October 2021, 9:16 am

ഇസ്‌ലാമിക് സംവിധാനം എങ്ങനെയായിരിക്കണമെന്ന് ദോഹയെ കണ്ട് പഠിക്കൂ; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ താലിബാന്‍ നീക്കം നിരാശാജനകവും പിന്തിരിപ്പനുമെന്ന് ഖത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മേലുള്ള താലിബാന്‍ ഇടപെടലുകള്‍ പിന്തിരിപ്പനും നിരാശാജനകവുമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി. എങ്ങനെയാണ് ഒരു ഇസ്‌ലാമിക് സംവിധാനം കൊണ്ടുനടക്കേണ്ടതെന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനില്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കാതിരുന്ന താലിബാന്‍ നടപടിയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഖത്തര്‍ പ്രതിനിധിയുടെ പ്രതികരണം.

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയ മേധാവിയായ ജോസഫ് ബോറലുമൊത്ത് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഖത്തര്‍ മന്ത്രിയുടെ താലിബാന്‍ വിരുദ്ധ പ്രസ്താവന. അഫ്ഗാനിസ്ഥാനില്‍ ഈയിടെയായി കണ്ടുവരുന്ന നടപടികള്‍ ദൗര്‍ഭാഗ്യകരമാണെന്നും പിന്തിരിപ്പനായ ഇവ നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

”മുസ്‌ലിം രാഷ്ട്രങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്, അവരുടെ നിയമങ്ങള്‍ എങ്ങനെയാണ്, അവര്‍ സ്ത്രീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ് എന്നൊക്കെ താലിബാന് കാണിച്ച് കൊടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ഖത്തര്‍ അതിനൊരുദാഹരണമാണ്. ഞങ്ങളുടേത് ഒരു മുസ്‌ലിം രാജ്യവും ഇസ്‌ലാമിക് സംവിധാനവുമാണ്. എന്നാല്‍ ജോലി സ്ഥലങ്ങളില്‍, സര്‍ക്കാര്‍ മേഖലകളില്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എല്ലാം ഇവിടെ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്,” ഷേഖ് മുഹമ്മദ് പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തിന്റെ അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നാലെ അവിടെ നിന്നും വിദേശികളെ ഒഴിപ്പിക്കുന്നതിനൊക്കെ മുഖ്യമായി ഇടപെട്ടിരുന്നത് ദോഹയായിരുന്നു. ആഗസ്റ്റ് 15ന് താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയ ശേഷം എടുക്കുന്ന നടപടികളെല്ലാം 1996 മുതല്‍ 2001 വരെയുണ്ടായിരുന്ന അഫ്ഗാനിലെ ആദ്യ താലിബാന്‍ ഭരണത്തെ അനുസ്മരിപ്പിക്കുന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Qatar foreign minister Sheikh Mohammed against Taliban’s move on girls education

We use cookies to give you the best possible experience. Learn more