റോം: സൗദിയുമായി ഖത്തര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ഖത്തര്‍ വിദേശ കാര്യ മന്ത്രി. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം റോമില്‍ വെച്ച് നടന്ന വിദേശ കാര്യ കൂടിക്കാഴ്ചയിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്. സൗദിയും ഖത്തറും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തില്‍ ചെറിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും പ്രതീക്ഷിക്കുന്നതെന്നാണ് കൂടിക്കാഴ്ചയില്‍ ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒപ്പം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കുവൈറ്റ് രാജാവ് ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ സബയ്ക്ക് ഇദ്ദേഹം നന്ദിയും അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന ചര്‍ച്ചകളുടെ വിവരങ്ങള്‍ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. രണ്ടു വര്‍ഷമായി തുടരുന്ന സൗദി, ഖത്തര്‍ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ അടുത്തടുത്തായി വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഖത്തര്‍ ആതിഥേയത്വം വഹിച്ച അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അണിനിരക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ അറേബ്യന്‍ ഗള്‍ഫ് കപ്പ് മാച്ചില്‍ പങ്കെടുക്കാന്‍ സൗദിയും യു.എ.ഇയും, ബഹ്‌റിനും തയ്യാറായത് ഇതിന്റെ സൂചനയായിരുന്നു.
ഖത്തറില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ആദ്യം പങ്കെടുക്കില്ല എന്നു പറഞ്ഞ സൗദി,ബഹ്റിന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ പിന്നീട് ഗള്‍ഫ് കപ്പ് ഫെഡറേഷന്റെ ക്ഷണം സ്വീകരിക്കുന്നതായി അറിയിക്കുകയായിരുന്നു.
ഇതിനു പിന്നാലെയായി ഈ മാസം റിയാദില്‍ വെച്ച് നടക്കുന്ന ജി.സി.സി ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍
സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ഭരണാധികാരിയായ തമീം ബിന്‍ ഹമാദ് അല്‍ താനിയെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ക്ഷണിക്കുകയുമുണ്ടായി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഈജിപ്ത് ഈ മാറ്റത്തെ എങ്ങനെ കാണുമെന്നതില്‍ വ്യക്തതയില്ല. ഇരു രാജ്യങ്ങളും തമ്മില്‍ അടുക്കുകയാണെങ്കില്‍ 2017 മുതല്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തി വരുന്ന വിലക്കുകള്‍ ഇല്ലാതാവും.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നു, ഖത്തറിന്റെ പിന്തുണയുള്ള അല്‍ ജസീറയുടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലേക്കുള്ള അതിപ്രസരം തുടങ്ങിയ വിഷയങ്ങള്‍ ആരോപിച്ച് ഖത്തറുമായി ഇടഞ്ഞ ജി.സി.സി രാജ്യങ്ങള്‍ വീണ്ടും ഒരു കുടക്കീഴിലേക്ക് അണിനിരക്കാനുള്ള സാധ്യത കൂടി വരുകയാണ്.